അന്തരിന്ദ്രിയ ദാഹങ്ങള്‍ അസുലഭമോഹങ്ങളാക്കിയ അവളുടെ രാവുകള്‍ക്ക് ഇന്ന് 46-ാം വര്‍ഷം.
മനുഷ്യന്റെ അന്തരിന്ദ്രിയ ദാഹങ്ങളെയും അവന്റെ മനസ്സിലെ അസുലഭ മോഹങ്ങളെയും അതിനകമ്പടിയായി മദിപ്പിക്കുന്ന അനുഭൂതികളുടെ മേലങ്ങളെയും മയക്കുന്ന അതിശയതാളങ്ങളെയും അഭ്രപാളികളില്‍ ഐ.വി.ശശി വരച്ചിട്ടപ്പോള്‍ അത് മലയാള സിനിമയിലെ ഒരു നാഴികക്കല്ലാവുകയായിരുന്നു.

മുരളി മൂവീസിന്റെ ബാനറില്‍ എം.പി.രാമചന്ദ്രന് നിര്‍മ്മിച്ച് ഐ.വി.ശശി സംവിധാനം ചെയ്ത് 1978-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ‘അവളുടെ രാവുകള്‍”. ആലപ്പി ഷെറീഫിന്റെ തന്നെ ‘അവളുടെ രാവുകള്‍ പകലുകള്‍’ എന്ന നീണ്ടകഥയെ ആസ്പദമാക്കി രചിച്ചതാണ് ഈ ചിത്രത്തിന്റെ തിരക്കഥ. 1978 മാര്‍ച്ചില്‍ റിലീസ് ആയ ചിത്രത്തിന്റെ നാല്പത്തിയാറാം വാര്‍ഷികമാണ് ഇന്ന്.
മെയിന്‍സ്ട്രീം സിനിമകളിലെ സംവിധായകര്‍ പറയാന്‍ മടിക്കുന്ന ഒരു പ്രമേയത്തെ വളരെ ഭംഗിയായി അവതരിപ്പിച്ച മലയാളത്തിലെ അക്കാലത്തെ ഏറ്റവും ബോള്‍ഡ് ചിത്രമെന്ന് ഏവരും വാഴ്ത്തുന്ന സിനിമയും ഇത് തന്നെ. ജീവിക്കാനായി വേശ്യാവൃത്തിയ്ക്ക് ഇറങ്ങേണ്ടി വരുന്ന രാജി എന്ന പെണ്‍കുട്ടിയുടെയും അവളുടെ ജീവിതത്തിലെ മൂന്ന് പുരുഷന്മാരുടെയും കഥയാണ് അവളുടെ രാവുകള്‍ പറയുന്നത്. പത്തൊമ്പതാമത്തെ വയസ്സില്‍ വളരെ ബോള്‍ഡായ ഒരു കഥാപാത്രമായെത്തി തഴക്കം ചെന്ന സഹതാരങ്ങളെ പോലും നിഷ്പ്രഭമാക്കുന്ന പ്രകടനം കൊണ്ട് മലയാളി സമൂഹത്തെ ഞെട്ടിച്ച നായികയാണ് സീമ. തുടര്‍ന്നങ്ങോട്ട് മലയാളത്തിലെ ഏറ്റവും ശക്തമായ പല സ്ത്രീ കഥാപാത്രങ്ങള്‍ക്കും ജീവന് നല്കിയ അഭിനേത്രി.
ചിത്രത്തിന്റെ പോസ്റ്റര്‍ തന്നെ ഫുള്‍ സ്യൂട്ടിട്ട് മാന്യത ചമയുന്ന മലയാളി സദാചാര ചിന്തകളുടെ നഗ്നതക്ക് നേരെ നീട്ടിയ കുട്ടിയുടുപ്പ് ആയിരുന്നു. വിവാഹത്തിനു മുമ്പ് വേശ്യകളുമായി ബന്ധമുണ്ടായിരുന്നുവെന്ന് സമ്മതിക്കുന്ന പതിവ്രതനായ അച്ഛന്, വേശ്യയോടുള്ള മകന്റെ പ്രണയം എതിര്‍ക്കുമ്പോള്‍, മകന്റെ ഭാര്യയെ ഇരു കൈയ്യും നീട്ടി സ്വീകരിക്കുന്ന അമ്മ ഇന്നത്തെ പുരോഗമന സമൂഹത്തില്‍ പോലും കാണാന്‍ കിട്ടാത്ത ഒരു സാങ്കല്പിക’കഥാപാത്രമാണ്. താഴ്ന്ന ജാതിയില്‍പെട്ട മരുമകനെ ദുരഭിമാനക്കൊല നടത്തുന്ന ഇന്നത്തെ സമൂഹത്തില്‍ വേശ്യയായ പെണ്‍കുട്ടിയെ മരുമകളായി സ്വീകരിക്കുന്നത് ചിന്തിക്കാന്‍പോലും ആവുമോ?
സോമന്, സുകുമാരന്‍, രവികുമാര്‍, കുതിരവട്ടം പപ്പു,മല്ലികാ സുകുമാരന്‍, കവിയൂര്‍ പൊന്നമ്മ തുടങ്ങിയവര്‍ക്കൊപ്പം കമലഹാസനും ഐ.വി.ശശിയും അതിഥി വേഷത്തില്‍ എത്തി. ബിച്ചു തിരുമല എഴുതി എ.ടി ഉമ്മര്‍ ഈണം പകര്‍ന്ന് എസ് ജാനകിയും യേശുദാസും ആലപിച്ച ഗാനങ്ങള്‍ നിത്യഹരിതങ്ങളാണ്. എങ്കിലും ‘രാകേന്ദുകിരണങ്ങള്‍’ എന്ന ഗാനം ഹിന്ദിചിത്രം ‘സ്വാമി’യിലെ ‘പല്‍ഭര്‍ മേം’ അനധികൃതമായി കോപ്പിയടിച്ചുവെന്ന വിവാദം ഇന്നും നിലനില്ക്കുന്നു. ചിത്രം തമിഴില്‍ ‘അവളിന് ഇരവുകള്‍’ എന്നപേരിലും ഹിന്ദിയില്‍ ‘ഹെര്‍ നൈറ്റ്സ്’ എന്ന പേരിലും ഡബ്ബ് ചെയ്യുകയും അവിടെയും ഹിറ്റാവുകയും ചെയ്തു. അതേസമയം 1979-ല്‍ കന്നടയില്‍ ‘കമല’ എന്ന പേരിലും 1980ല്‍ ഹിന്ദിയില്‍ ‘പതീത’ എന്ന പേരിലും റീമേക്കും ചെയ്യപ്പെട്ടു.
കടുത്ത സദാചാര ചിന്തകള്‍ നിലനിന്നിരുന്ന ഒരു ജനതക്ക് മുന്നില്‍ സമൂഹത്തില്‍ നിലയും വിലയുമുള്ള; അഭ്യസ്ഥവിദ്യനായ ഒരു യുവാവ് ലൈംഗിക തൊഴിലാളിയായ ഒരു യുവതിയെ ജീവിത സഖിയാക്കുന്ന സിനിമയുമായി കടന്ന് ചെല്ലുക എന്നത് അല്പം കടന്ന ചിന്തയായതിനാല്‍ സിനിമാക്കാരാരും തന്നെ കൈ വെക്കാന്‍ മടിച്ച ഒരു പ്രമേയമാണ് സംവിധായകന് ഐ.വി.ശശി സധൈര്യം ഏറ്റെടുത്തത്. കൂടെയുള്ളവര്‍ നിരുത്സാഹപ്പെടുത്തിയിട്ടും, തന്റെ സിനിമ യാഥാര്‍ത്ഥ്യമാക്കാന്‍ ഇറങ്ങിത്തിരിച്ച ശശിയേട്ടന്റെ ആര്‍ജ്ജവത്തെ പ്രശംസിക്കാതിരിക്കാനാവില്ല. അതുപോലെ തന്നെ ഇത്തരം ഒരു സിനിമയിലെ നായികാവേഷം ചെയ്യാന്‍ സീമയെന്ന അതുല്യ നടി കാണിച്ച തന്റേടവും എടുത്ത് പറയേണ്ടതാണ്. മലയാള സിനിമയിലെ കരുത്തുറ്റ 5 സ്ത്രീ കഥാപാത്രങ്ങളെടുത്താല്‍ അതിലൊന്ന് അവളുടെ രാവുകളിലെ രാജിയാണ്. നെറ്റി ചുളിച്ചവര്‍ക്ക് മുന്നില്‍ എ സര്‍ട്ടിഫിക്കറ്റോടെ റിലീസ് ചെയ്ത അവളുടെ രാവുകള്‍ എ സര്‍ട്ടിഫിക്കറ്റ് നേടിയിട്ടും ആ വര്‍ഷത്തെ പണം വാരി ചിത്രമായതും, കുടുംബ പ്രേക്ഷകര്‍ പോലും ഏറ്റെടുത്ത ചിത്രമായതും ചരിത്രം. ആലപ്പി ഷെറീഫ് തിരക്കഥയൊരുക്കിയ ചിത്രം നിര്‍മ്മിച്ചത് M P രാമചന്ദ്രനായിരുന്നു. ബ്ലാക്ക് & വൈറ്റില്‍ ചിത്രീകരിച്ച സിനിമ ജനങ്ങളുടെ ഉള്ളില്‍ പതിഞ്ഞതില്‍ വിപിന്‍ദാസ് എന്ന ഛായാഗ്രഹകന്റെ മികവ് ചെറുതല്ല. ചിത്രസംയോജനം നിര്‍വ്വഹിച്ചത് കെ. നാരായണനായിരുന്നു. ബിച്ചു തിരുമല രചിച്ച്, എ. ടി. ഉമ്മര്‍ സംഗീതം നല്കിയ അവളുടെ രാവുകളിലെ ഗാനങ്ങള്‍ വര്‍ഷങ്ങള്‍ക്കിപ്പുറവും മലയാളികളുടെ പ്ലേ ലിസ്റ്റിലെ പ്രിയ ഗാനങ്ങളായി തുടരുന്നു. I.V ശശി സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്ന എം.ഒ. ദേവസ്യയായിരുന്നു ചമയം നിര്‍വ്വഹിച്ചത്. രവികുമാറായിരുന്നു ചിത്രത്തിലെ നായകന് കൂടാതെ M G സോമന്, സുകുമാരന്‍, ബഹദൂര്‍, കുതിരവട്ടം പപ്പു, ശങ്കരാടി, കവിയൂര്‍ പൊന്നമ്മ, ഉഷാറാണി, മീന, മല്ലിക, സത്താര്‍, മാസ്റ്റര്‍ രഘു എന്നിവരായിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങള്‍. സൂപ്പര്‍ സ്റ്റാര്‍ കമല്‍ഹാസനും, സംവിധായകന് ഐ. വി. ശശിയും ഗസ്റ്റ് റോളില്‍ തിരശീലയിലെത്തി. ചിത്രത്തിന്റെ അരങ്ങിലും, അണിയറയിലും പ്രവര്‍ത്തിച്ച ഭൂരിഭാഗം പേരും കാലയവനികക്കുള്ളില്‍ മറഞ്ഞെങ്കിലും, അവര്‍ ജീവന് കൊടുത്ത കഥാപാത്രങ്ങള്‍ അനശ്വരമായി മലയാളികള്‍ക്കുള്ളില്‍ നിറഞ്ഞ് നില്ക്കുന്നു. മലയാളത്തില്‍ ഹിറ്റായതോടെ ചിത്രം തമിഴ്, കന്നട ഭാഷകളിലേക്ക് മൊഴി മാറ്റി റിലീസ് ചെയ്തു. അതും സൂപ്പര്‍ ഹിറ്റായിരുന്നു. ചെന്നൈയില്‍ നൂറ് ദിവസം തുടര്‍ച്ചയായി തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ച മലയാള ചിത്രമായിരുന്നു അവളുടെ രാവുകള്‍. കൂടാതെ ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യപ്പെടുകയുമുണ്ടായി. മലയാളത്തിലെ ആദ്യത്തെ പാന്‍ ഇന്ത്യന്‍ സിനിമയായിരുന്നു അവളുടെ രാവുകള്‍ എന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല. സമൂഹത്തിന്റെ സദാചാര ബോധത്തിനും, കാഴ്ച്ചപ്പാടിനും വിരുദ്ധമായിരുന്നിട്ടും, ആ സബ്ജക്ടിന്റെ സാദ്ധ്യത തിരിച്ചറിഞ്ഞ് സിനിമ യാഥാര്‍ത്ഥ്യമാക്കിയ ശശിയേട്ടന്റെ ഉള്ക്കാഴ്ച്ചക്കും, ആര്‍ജവത്തിനും മുന്നില്‍ ശിരസ് നമിക്കുന്നു.
മിക്കവാറും സിനിമകളില്‍ കാണുന്ന ഒരു സംഗതിയാണ്, പടത്തിന്റെ തുടക്കത്തില്‍ നന്മയുടെ നിറകുടങ്ങളായി കാണപ്പെടുന്ന പലരും കഥ പുരോഗമിക്കുന്തോറും നിറം മാറി നെഗറ്റീവ് കഥാപാത്രങ്ങളായി പരിണമിക്കുന്നത്.. ഇപ്രകാരം, പയ്യെപ്പയ്യെ വില്ലനോ വില്ലത്തിയോ ആയി മാറുന്നവരും, ഉള്ളിലൊളിപ്പിച്ച കാപട്യം ഒരു ഘട്ടമെത്തുമ്പോള്‍ വെളിവാക്കുന്നവരും, സാഹചര്യങ്ങള്‍ മൂലം പ്രതിനായകസ്ഥാനത്തേക്കെത്തുന്നവരുമെല്ലാം ഇതില്‍പ്പെടും..
എന്നാല്‍ ‘അവളുടെ രാവുകള്‍’ എന്ന ചിത്രത്തിന്റെ കാര്യമെടുത്താല്‍ ഇതിന് കടകവിരുദ്ധമായ രീതിയിലാണ് കഥപറഞ്ഞു പോവുന്നത്.. ഒരു വേശ്യ കേന്ദ്രകഥാപാത്രമാകുന്ന ചിത്രങ്ങളിലെല്ലാം, ആ കഥാപാത്രത്തെയും മറ്റുള്ളവരെയും സാധാരണായി എങ്ങനെയാണ് അവതരിപ്പിച്ചു കാണാറ്..? സമൂഹവും സാഹചര്യങ്ങളും സഹജീവികളുമെല്ലാം ചേര്‍ന്ന് സൃഷ്ടിച്ച അരക്ഷിതാവസ്ഥയുടെയോ ചൂഷണത്തിന്റെയോ ഇരയായിട്ട് ഒരു വൃത്തത്തിന്റെ കേന്ദ്രത്തില്‍ അവളെ പ്രതിഷ്ഠിച്ചിട്ട്, ചുറ്റുമുള്ള മറ്റ് കഥാപാത്രങ്ങളില്‍ എറിയപങ്കിനെയും കഴുകന്മാരും, കൊള്ളരുതാത്തവരുമായും ചിത്രീകരിച്ച് സമൂഹത്തിന് നേരെയുള്ള ചോദ്യചിഹ്നമായി അവളെ നിലനിര്‍ത്തി, ഒരു ദുരന്തഗാഥയായി പടം അവസാനിപ്പിക്കുന്നതാണ് പതിവ്..
ഇവിടെയും സാഹചര്യങ്ങളുടെ ഇരയാണ് നായികയെന്നത് മാറ്റിനിര്‍ത്തിയാല്‍, ബാക്കിയെല്ലാ കാര്യത്തിലും ആ പതിവ് തെറ്റിക്കപ്പെടുകയാണ്..
ശരിരം വിറ്റു ജീവിക്കുന്നവളാണ് എന്നതൊഴിച്ചാല്‍, മറ്റേതു പെണ്‍കുട്ടിയേയും പോലെ തന്നെയാണ് രാജിയും.. പ്രണയവും, മോഹങ്ങളും, സങ്കല്‍പ്പങ്ങളുമെല്ലാം ഉള്ളില്‍ സൂക്ഷിക്കുന്ന, തെളിഞ്ഞ ചിന്തയുള്ള ഒരുവള്‍.. പ്രകാശം പരത്തുന്ന പെണ്‍കുട്ടി എന്നൊക്കെ പറയാനാവില്ലെങ്കിലും, മനസ്സ് മുരടിച്ച് നിസ്സംഗഭാവത്തിലിരിക്കുന്നവളല്ല എന്നുറപ്പ്..
പറയാന്‍ വന്നത് രാജിയെക്കുറിച്ചല്ല, മറ്റ് പല കഥാപാത്രങ്ങളുടെ മേല്‍ ചാര്‍ത്തപ്പെട്ടിരിക്കുന്ന നെഗറ്റിവ് ഷെയ്ഡ് കഥയുടെ പുരോഗതിയില്‍ മെല്ലെമെല്ലെ, എന്നാല്‍ ഒട്ടും നാടകീയമല്ലാതെ മാഞ്ഞു പോവുന്നു എന്ന സംഗതിയെക്കുറിച്ചാണ്.. അവിടെയാണ് അവര്‍ മുന്‍പു പറഞ്ഞ കഴുകന് കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്തരാവുന്നത്..
ആഭാസനും അലമ്പനുമായ ഒരുവനായിട്ടാണ് സുകുമാരന്‍ പടത്തില്‍ തന്റെ വേഷം ആടിത്തുടങ്ങുന്നതെങ്കിലും, അയാളിലെ യഥാര്‍ത്ഥ മനുഷ്യനെ തുറന്നു കാട്ടിക്കൊണ്ട്, പ്രേക്ഷകരുടെ ഇഷ്ടം സമ്പാദിച്ചും, അല്പം നൊമ്പരപ്പെടുത്തിയും തന്നെയാണ് ആ വേഷം അവസാനിക്കുന്നത്..
സോമന്റെ കഥാപാത്രമായാലും ഇത്തരത്തില്‍ ഇരുട്ടിവെളുക്കുന്ന ഒന്നുതന്നെയാണ്.. ഒരുഘട്ടത്തില്‍ മനസ്സിന്റെ ഓരോ അണുകൊണ്ടും അവള് വെറുക്കുന്ന ആയാളോടാണ് പിന്നീടൊരിക്കല്‍ രാജി പറയുന്നത് ”എനിക്ക് സാറിനോടുള്ള സ്നേഹം എന്താണെന്ന് എനിക്ക് തന്നെ അറിയില്ല”യെന്ന്.. എസ്.ഐ. യുടെ റോളിലെത്തിയ ജനാര്‍ദ്ദനന്റെ കാര്യവും വ്യത്യസ്തമല്ല.. അറിയാതെ പറ്റിയ കൈപ്പിഴ ഏറ്റുപറഞ്ഞ് പശ്ചാത്തപിച്ച് ശിക്ഷ വാങ്ങാന്‍ തയ്യാറാവുന്ന ഒരാള്‍..
പപ്പു ചെയ്ത ദാമുവെന്ന പിംപ് കഥാപാത്രവും, മിന അവതരിപ്പിച്ച വാറ്റുകാരിയുമെല്ലാം ഒട്ടും വിഷമില്ലാത്ത ഇനം തന്നെ..
ഇനി മറ്റൊരു പ്രധാന റോളിലെത്തിയ രവികുമാറിനെക്കുറിച്ച് പറഞ്ഞാല്‍ ആള് സല്സ്വഭാവിയാണേലും ‘കൊതിപ്പിച്ച് കടന്നുകളയാന്‍’ സാധ്യതയുള്ള കഥാപാത്രം.. പക്ഷേ ആ സാധ്യതയിലേക്ക് പോയില്ല എന്നു മാത്രമല്ല അന്നത്തെ നടപ്പുരീതികളെയെല്ലാം തച്ചുടയ്ക്കുന്ന ഒരു തലത്തിലേക്ക് ആ ക്യാരക്ടറിനെ കൊണ്ടെത്തിക്കുകയും ചെയ്തു..
‘അവളുടെ രാവുകള്‍’ക്കു മുന്‍പും വേശ്യയുടെ കഥപറഞ്ഞ ഒത്തിരി ചിത്രങ്ങള്‍ മലയാളത്തിലുണ്ടായിട്ടുണ്ട്.. അവയെല്ലാം തന്നെ ദുഖപുത്രിമാരുടെ ദുരന്തകഥകളായി പര്യവസാനിച്ചപോലൊരു അന്ത്യം രാജിയുടെ കഥയ്ക്കും ഉണ്ടാവാതിരുന്നതിനു കാരണമായ കവിയൂര്‍ പൊന്നമ്മയുടെ കഥാപാത്രത്തെയും ഇതിനോടു ചേര്‍ക്കേണ്ടിയിരിക്കുന്നു.. ( പില്ക്കാലത്ത് ഇതേ നടി നന്ദനത്തിലെ മുത്തശ്ശിയായി വന്ന് സ്വന്തം പേരക്കുട്ടിയും വിട്ടിലെ വേലക്കാരിയും തമ്മിലുള്ള കല്യാണം നടത്തിക്കൊടുത്ത മഹാമനസ്കത പോലും തുലോം ചെറുതായിപ്പോവുന്നുണ്ട് ഇതിന്റെ മുന്നില്‍)
‘മനുഷ്യരാരും ചീത്തയല്ല’ എന്ന നായികയുടെ കണ്‍ക്ലൂഷനോട് മനസ്സ് കൊണ്ട് യോജിച്ചു പോകും, കണ്ണുകൊണ്ട് മാത്രം അല്ലാതെ മനസ്സ് കൊണ്ട് കൂടി ഈ സിനിമ കണ്ടവരെല്ലാം.. അതും നെഗറ്റിവ് കഥാപാത്രങ്ങളെ സൃഷ്ടിക്കാന്‍ അനന്ത സാധ്യതകളുള്ള പ്രമേയമായിട്ടുപോലും…

സിതാര പിക്ച്ചേഴ്സ് വിതരണം ചെയ്ത സിനിമയുടെ ക്യാമറ വിപിന്‍ദാസ്, എഡിറ്റര്‍ കെ.നാരായണന്.
കലാസംവിധാനം ഐ.വി.ശശി. ഈ സിനിമക്ക് വേണ്ടി എസ്.എ.നായര്‍ ഡിസൈന്‍ ചെയ്ത പോസ്റ്ററുകള്‍ സിനിമയുടെ വിജയത്തെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്.
ബിച്ചു തിരുമലയും എ.ടി.ഉമ്മറും ചേര്‍ന്നൊരുക്കിയ 3 ഗാനങ്ങളും ഇന്ന് സൂപ്പര്‍ഹിറ്റുകളാണ്.
രതിവികാരങ്ങള്‍ മനസിലേക്ക് ആവാഹിക്കുന്ന അന്തരിന്ദ്രിയ ദാഹങ്ങള്‍ എന്ന ഗാനവും രാകേന്ദുകിരണങ്ങള്‍, ഉണ്ണി ആരാരിരോ എന്നിവയാണ് മറ്റ് ഗാനങ്ങള്‍.
