ഡേയ് പന്നികളേ–കര്‍ഷകര്‍ ഡാ—ഞങ്ങള്‍ തോറ്റുപിന്‍മാറില്ല—മൂന്നാംതവണയും കൃഷിയിറക്കി അതിയടത്തെ കര്‍ഷകര്‍-

പരിയാരം: പ്രകൃതിക്ക്മുന്നിലും കാട്ടുപന്നിക്ക് മുന്നിലും തോല്‍ക്കില്ല എന്ന വാശിയോടെ അതിയടം മാടപ്രം സ്വയംസഹായ സംഘം.

രണ്ടാംവിള നെല്‍കൃഷിക്കായി അതിയടം പാടശേഖരത്തില്‍ കര്‍ഷകര്‍ നേരിടുന്നത് കടുത്ത പ്രകൃതി ദുരന്തത്തേയും കാട്ടുപന്നി ശല്യത്തേയും. രണ്ട് തവണ തയ്യാറാക്കിയ ഞാറ്റടികളാണ് കനത്ത മഴയും മഴക്ക് ശേഷം കാട്ടുപന്നികളും നശിപ്പിച്ചത്.

എന്നാല്‍ പിന്‍മാറാന്‍ തയ്യാറല്ലെന്ന വാശിയോടെ  മൂന്നാം തവണയും കൃഷിക്കൊരുങ്ങുകയാണ് ലക്ഷ്മണന്‍, രവി, നരൂര്‍ ഭാസ്‌ക്കരന്‍ എന്നീ കര്‍ഷകര്‍.

കഴിഞ്ഞ തവണ 24 ഏക്കറില്‍ കൃഷി നടത്തിയ ഇവര്‍ ഈ വര്‍ഷം 23 ഏക്കറിലാണ് കൃഷി നടത്തുന്നത്.

ജയ, ഉമ, ജ്യോതി എന്നീ നെല്‍വിത്തുകളാണ് കൃഷി ചെയ്യുന്നത്. ആദ്യതവണ എട്ടേക്കര്‍ സ്ഥലത്താണ് ഞാറ് നട്ടത്, പക്ഷെ, കനത്ത മഴയില്‍ എല്ലാം നശിച്ചു.

ഇതിന് പിന്നാലെ പത്തേക്കര്‍ സ്ഥലത്തെ കൃഷി നശിപ്പിച്ചത് കാട്ടുപന്നിക്കൂട്ടങ്ങള്‍. കൃഷി വകുപ്പ് നല്‍കിയ 200 കിലോ ജയ വിത്ത് ഉപയോഗിച്ച് വീണ്ടും ഞാറ്റടി നിര്‍മ്മിച്ചു.

ഇത് കൂടാതെ കാസര്‍ഗോഡ് ജില്ലയിലെ കൊടക്കാട് നിന്നും ഒരേക്കറിന് 3750 രൂപ നിരക്കില്‍ എട്ടേക്കര്‍ സ്ഥലത്തേക്ക് ഞാറ്റടി വിലക്ക് വാങ്ങുകയും ചെയ്തു.

തമിഴനാട്ടിലെ സേലത്ത് നിന്നും ഞാറുനടീലില്‍ പ്രത്യേക പരിചയമുള്ള കനകാരാജിന്റെ നേതൃത്വത്തിലുള്ള പത്തംഗസംഘമാണ് ഞാറു നടുന്നത്.

എട്ട് സ്ത്രീകളും രണ്ട് പുരുഷന്‍മാരുമടങ്ങുന്ന സംഘത്തിന് താമസിക്കാന്‍ ഇവിടെ പ്രക്യേകം സൗകര്യം ചെയ്തുകൊടുത്തിട്ടുണ്ട്.

ഒരു ഏക്കര്‍ ഞാറുനടുന്നതിന് 6500 രൂപയാണ് ഇവരുടെ കൂലി. പ്രതിദിനം 3 ഏക്കറിലാണ് സംഘം ഞാറുനടുന്നത്.

കേരളത്തില്‍ തലമുറമാറ്റത്തോടെ ഞാറുനടുന്നതില്‍ പരിചയസമ്പന്നരായ ആളുകളുടെ കുറവ് പരിഹരിക്കാനാണ് തമിഴ്‌നാട്ടില്‍ നിന്നും ജോലിക്കാരെ എത്തിക്കുന്നത്.

എന്തുതന്നെയായാലും അതിയടം വയലില്‍ നിന്നും വിളവെടുക്കുമെന്ന ദൃഢനിശ്ചയത്തിലാണ് മാടപ്രം സ്വയം സഹായസംഘം.

ഒരു തവണ തരിശിട്ടാല്‍ അടുത്തതവണ ഭൂമി കൃഷിയോഗ്യമാക്കണമെങ്കില്‍ ഇരട്ടിത്തുക വേണ്ടിവരുമെന്നതിനാലാണ് നഷ്ടം വന്നാലും കൃഷിയിറക്കമെന്ന ഉദ്ദേശത്തില്‍ കര്‍ഷകര്‍ രംഗത്തിറങ്ങിയിരിക്കുന്നത്.