ഊഞ്ഞാല്‍ കെട്ടിയ കല്‍ത്തൂണ്‍ ഇളകി വീണ് 14 കാരന് ദാരുണാന്ത്യം

തലശ്ശേരി:ഊഞ്ഞാല്‍ കെട്ടിയ കല്‍ത്തൂണ്‍ ഇളകി ദേഹത്ത് വീണ് 14 കാരന് ദാരുണാന്ത്യം. പാറാല്‍ ചൈത്രം വീട്ടില്‍ കെ.പി.ശ്രീനികേതാണ് (14) മരണപ്പെട്ടത്.

തിരുവങ്ങാട് വലിയ മാടാവില്‍ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ശ്രീനികേത്.

ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് സംഭവം.

പുന്നോല്‍ ആച്ചു കുളങ്ങരയിലെ തറവാട്ട് വീട്ടില്‍ വച്ചായിരുന്നു അപകടം. പാലയാട് ഹയര്‍ സെക്കന്ററി സ്‌കൂള്‍ അദ്ധ്യാപകന്‍ മഹേഷിന്റെയും വലിയ മാടാവില്‍ സ്‌കൂള്‍ അധ്യാപിക സുനിലയുടെയും മകനാണ്.

അച്ഛന്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കും അമ്മ വോട്ടുചെയ്യാനും പോവുമ്പോള്‍ മക്കളെ തറവാട്ട് വീട്ടില്‍ എത്തിച്ചതായിരുന്നു. ഇവിടെ തുണി അലക്കുന്ന സ്ഥലത്തെ കല്‍ത്തൂണില്‍ ഊഞ്ഞാല്‍ കെട്ടി ആടുന്നതിനിടയിലാണ് ദുരന്തത്തിനിരയായത്.

അപകടം സംഭവിച്ച ഉടനെ കുട്ടിയെ തലശ്ശേരി ജനറല്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

.സഹോദരി ലക്ഷ്മിനന്ദ(തലശേരി സെന്റ് ജോസഫ് പ്ലസ് ടു വിദ്യാര്‍ത്ഥിനി) ന്യൂമാഹി പോലീസ് കേസെടുത്തിട്ടുണ്ട്. സംസ്‌ക്കാരം കണ്ടിക്കല്‍ നിദ്രാതീരം വാതക ശ്മശാനത്തില്‍ നടക്കും.