സ്‌നേഹപൂര്‍വ്വം പ്രിന്‍സിപ്പാളിന്, നിങ്ങള്‍ പറയുന്ന കാര്യങ്ങള്‍ ശരിയാണെങ്കില്‍-അത് തെറ്റാവാനിടയില്ല–
പരിയാരം: നിങ്ങള്‍ പറയുന്ന കാര്യങ്ങള്‍ ശരിയാണെങ്കില്‍, അത് തെറ്റാവാനിടയില്ല എന്ന് മുമ്പൊരു രസികന്‍ പറഞ്ഞിട്ടുണ്ട്.

അതുപോലെയായിപ്പോയി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിന്റെ പേരില്‍ ഇന്നലെ പുറപ്പെടുവിച്ച പ്രസ്താവന.
മെഡിക്കല്‍ കോളേജിനെ സ്ഥിരം വിവാദകേന്ദ്രമാക്കാനുള്ള നീക്കം അന്വേഷിക്കുമെന്നാണ് അദ്ദേഹം പറയുന്നത്–
കേരളത്തിലെ മറ്റൊരു സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലും ഇല്ലാത്ത വിവാദം ഇവിടെ മാത്രം കാണുന്നത് കൃത്യമായ രീതിയില്‍ കാര്യങ്ങള്‍ നടക്കാത്തത് കൊണ്ടുതന്നെയല്ലേ–
നവംബര്‍ 18 ന് ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്ത കാത്ത്‌ലാബ് ഉള്‍പ്പെടെ പ്രവര്‍ത്തനരഹിതമായത് അദ്ദേഹം അറിഞ്ഞില്ലെന്നുണ്ടോ–
പഴയരണ്ട് കാത്ത്‌ലാബുകളുടെയും അവസ്ഥ എന്താണെന്ന് അതുമായി ബന്ധപ്പെട്ട വിദഗ്ദ്ധര്‍ പറയട്ടെ–
സ്ഥാപനത്തിന്റെ യശസ് നിലനിര്‍ത്തിക്കൊണ്ടുപോകേണ്ടത് നടത്തിപ്പുകാരാണ്, അവര്‍ വിചാരിച്ചാല്‍ മാത്രമേ യശസ് നിലനില്‍ക്കുകയുള്ളൂ.
യന്ത്രങ്ങള്‍ക്ക് വിശ്രമം കൊടുക്കേണ്ടത് മനുഷ്യന്‍ അപകടത്തില്‍പെട്ട് ജീവന്‍ നിലനിര്‍ത്താന്‍ ശ്രമിക്കുമ്പോഴല്ല എന്നത് ആര്‍ക്കാണറിയാത്തത്.
ഇതേ സമയത്തുതന്നെ ഇത് ആരെങ്കിലും ബോധപുര്‍വ്വം ചെയ്തതാണോ എന്ന് അന്വേഷിക്കുമെന്നും പ്രിന്‍സിപ്പാള്‍ പറയുന്നു.
സി.ആം മെഷീന്‍ കേടായത് കാരണം ശനിയാഴ്ച്ചയും ചൊവ്വാഴ്ച്ചയും മേജര്‍ ശസ്ത്രക്രിയകള്‍ മുടങ്ങിയിട്ടില്ലെന്ന് ഹൃദയത്തില്‍ തൊട്ട് പറയാന്‍ സാധിക്കുമോ–
വാറണ്ടി പോലും ക്ലെയിംചെയ്യാന്‍ പറ്റാത്തവിധം ഉപകരണം റിപ്പേര്‍ ആയത് പ്രത്യേകമായി അന്വേഷിക്കുമെന്നും പ്രിന്‍സിപ്പാള്‍ പറയുന്നു.
വ്യക്തമായ തെളിവുള്ള പല കാര്യങ്ങളും വാര്‍ത്തയാക്കാത്തത് പൊതുമേഖലയിലുള്ള ഈ സ്ഥാപനം നിലനില്‍ക്കണമെന്ന് മാധ്യമങ്ങള്‍ ആഗ്രഹിക്കുന്നത് കൊണ്ടുതന്നെയാണെന്ന് ഓര്‍ക്കണമെന്ന് മാത്രമാണ് അദ്ദേഹത്തോട് പറയാനുള്ളത്.
വിമര്‍ശനങ്ങള്‍ വരുമ്പോള്‍ അപകീര്‍ത്തിപെടുത്തുന്നുവെന്ന് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നതും ഒരു ഗൂഡാലോചന തന്നെയല്ലേ–
എ.സി.മുറിയിലിരുന്ന് പ്രസ്താവന ഇറക്കുന്നതിന് പകരം ചുരുങ്ങിയപക്ഷം രാവിലെ ഒ.പി.കൗണ്ടറില്‍ രജിസ്‌ട്രേഷന് കാത്തുനില്‍ക്കുന്നവരുടെ ദുരിതങ്ങളെങ്കിലും ഒന്ന് നേരിട്ട് കാണണം സാര്‍. വയനാട്ടില്‍ നിന്നുള്‍പ്പെടെ വന്ന് പന്ത്രണ്ട് മണിക്ക് മുമ്പായി രജിസ്‌ട്രേഷന്‍ നടത്താനാവാതെ കണ്ണീരോടെ നില്‍ക്കുന്നവരുടെ വേദന തിരിച്ചറിയണം-ഇത് പറയുന്നതാണ് വിവാദമാക്കുന്നതായി ആരോപിക്കുന്നതെങ്കില്‍ ആയിരംവട്ടം അത് പറഞ്ഞുകൊണ്ടിരിക്കും.
