മാലിന്യചര്ച്ച ഭരണപ്രതിപക്ഷ ഏറ്റുമുട്ടലില്‍ കലാശിച്ചു-തളിപ്പറമ്പ് നഗരസഭയിലേക്ക് നാളെ സി.പി.എം പ്രതിഷേധമാര്‍ച്ച്
തളിപ്പറമ്പ്: മാലിന്യപ്രശ്നത്തേക്കുറിച്ചുള്ള ചര്‍ച്ച നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ഭരണ-പ്രതിപക്ഷങ്ങള്‍ തമ്മിലുള്ള കയ്യാങ്കളിയില്‍ കലാശിച്ചു.

ഇന്ന് രാവിലെ നടന്ന യോഗത്തിലാണ് സംഭവം.
ബാബുഫ്രഷ് റസ്റ്റോറന്റില്‍ നിന്നും കക്കൂസ് മാലിന്യങ്ങള്‍ തോട്ടിലൂടെ ജനവാസ കേന്ദ്രത്തില്‍ ഒഴുക്കിവിട്ടതുമായി ബന്ധപ്പെട്ട ചര്‍ച്ച തുടങ്ങിവെച്ച പ്രതിപക്ഷ കൗണ്‍സിലര്‍ സി.വി.ഗിരീശന് ഭരണപക്ഷത്തെ രൂക്ഷമായി വിമര്‍ശിച്ചു.
നഗരത്തിലെ ഒട്ടുമിക്ക സ്ഥാപനങ്ങളുടെയും മലിനജലം പൈപ്പിലൂടെ പൊതു ഓടയിലേക്ക് ഒഴുക്കിവിടുകയാണെന്നും, കക്കൂസ് മാലിന്യങ്ങള്‍വരെ ഇത്തരത്തില്‍ ഓടയിലേക്ക് വിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വി.വിജയന്, കെ.എം.ലത്തീഫ്, ഡി.വനജ, പി.വല്‍സല എന്നിവര്‍ ഭരണപക്ഷത്തിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയര്ത്തതിവിട്ടത്.
ഈ സമയത്ത് ഭരണപക്ഷത്തുനിന്നും എഴുന്നേറ്റ യൂത്ത്ലീഗ് ജില്ലാ ജന.സെക്രട്ടെറി കൂടിയായ പി.സി.നസീര്‍ മാലിന്യമുക്തകേരളത്തിലല്ലേ മാലിന്യമുക്ത തളിപ്പറമ്പ് എന്ന് ചോദിച്ചതോടെയാണ് പ്രതിപക്ഷം പ്രകോപിതരായത്.
തളിപ്പറമ്പിലെ മാലിന്യപ്രശ്നത്തേക്കുറിച്ച് പറയുമ്പോള്‍ സംസ്ഥാനത്തെ മാലിന്യത്തെക്കുറിച്ച് പറയേണ്ട കാര്യമില്ലെന്ന് പറഞ്ഞാണ് പ്രതിപക്ഷം ചാടിയെഴുന്നേറ്റത്.
ഇതോടെ ഇരുവിഭാഗവും സീറ്റുകളില്‍ നിന്ന് എഴുന്നേറ്റ് പോരിനൊരുങ്ങി.
ഇതിനിടയില്‍ സുപ്രധാനമായ പ്രശ്നങ്ങള്‍ ചര്ച്ചക്കെടുക്കുമ്പോള് ഭരണ-പ്രതിപക്ഷങ്ങള്‍ തമ്മില്‍ ഒത്തുകളിച്ച് ഏറ്റുമുട്ടല്‍ നാടകം നടത്തുകയാണെന്ന് ബി.ജെ.പി.കൗണ്‍സിലര്‍ പി.വി.സുരേഷ് ഇരുപക്ഷത്തെയും വിമര്‍ശിച്ചു.
ഇത് കേട്ടതോടെ കെ.എം.ലത്തീഫ് ഓടിയെത്തി സുരേഷിനെ കയ്യേറ്റം ചെയ്യാന്‍ മുതിര്‍ന്നു. മറ്റ് കൗണ്‍സിലര്‍മാര്‍ ഇടപെട്ടതിനാല്‍ മാത്രമാണ് അടിപൊട്ടാതിരുന്നത്.
പ്രകോപിതനായ സുരേഷിനെ മുതിര്‍ന്ന അംഗങ്ങള്‍ അനുനയിപ്പിച്ച് കൗണ്‍സില്‍ ഹാളിന് പുറത്തെത്തിച്ചതോടെയാണ് രംഗം ശാന്തമായത്.
ചെയര്പേഴ്സന് മുര്‍ഷിദ കൊങ്ങായിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ വൈസ് ചെയര്മാന് കല്ലിങ്കീല്‍ പത്മനാഭന്, പി.പി.മുഹമ്മദ്നിസാര്‍, കെ.നബീസ ബീവി, ഒ.സുഭാഗ്യം എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.
നാളെ നഗരസഭാ ഓഫീസിലേക്ക് സി.പി.എം പ്രതിഷേധമാര്‍ച്ച്
തളിപ്പറമ്പ്: തളിപ്പറമ്പ് നഗരത്തിലെ മാലിന്യപ്രശ്നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സി.പി.എം നാളെ നഗരസഭാ ഓഫീസിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തും.
രാവിലെ പത്തരക്ക് നടക്കുന്ന മാര്‍ച്ച് സി.പി.എം ജില്ലാ സെക്രട്ടെറി കെ.കെ.രാഗേഷ് ഉദ്ഘാടനം ചെയ്യും.
(തളിപ്പറമ്പ് നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ നടന്ന ഭരണ-പ്രതിപക്ഷ കയ്യാങ്കളിയുടെ ദൃശ്യങ്ങള്‍ കാണാന്‍ കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് യൂട്യൂബ് ചാനല്‍ കാണുക).
