സ്വന്തം വാഹനവുമായി തളിപ്പറമ്പിലെത്തിയാല്‍ പണികിട്ടും.

തളിപ്പറമ്പ്: സ്വന്തം വാഹനവുമായി തളിപ്പറമ്പ് പട്ടണത്തിലേക്ക് എത്തിച്ചേരുന്ന സാധാരണക്കാര്‍ക്ക് വാഹനം പാര്‍ക്ക് ചെയ്യാന്‍ സൗകര്യമില്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്.

ഓട്ടോറിക്ഷയിലോ കാറിലോ ജീപ്പിലോ ഇവിടെ എത്തി കുറച്ച് സാധനങ്ങള്‍ വാങ്ങിക്കാം എന്ന് വെച്ചാല്‍ വാഹനം നിര്‍ത്താന്‍ സ്ഥലം ഇല്ല എന്ന കാരണത്താല്‍ തളിപ്പറമ്പ് പട്ടണത്തിനെ ഉപേക്ഷിച്ച് മറ്റ് സ്ഥലങ്ങളിലേക്ക് പോകുന്ന കാഴ്ചയാണ് നിലവിലുള്ളത്.

തളിപ്പറമ്പിന്റെ പ്രധാന സിരാകേന്ദ്രമായ നാഷണല്‍ ഹൈവേ, മെയിന്‍ റോഡ്, ടി ബി റോഡ്, മാര്‍ക്കറ്റ് റോഡ് എന്നിവിടങ്ങളിലെ റോഡുകള്‍ മുഴുവന്‍ തന്നെ ഇരുചക്ര വാഹനങ്ങള്‍ കയ്യടക്കിയിരിക്കുകയാണ്.

ജില്ലയുടെ പല ഭാഗത്തായി ജോലി ചെയ്യുന്ന ആള്‍ക്കാര്‍ അതിരാവിലെ തന്നെ തളിപ്പറമ്പില്‍ എത്തി വാഹനം പാര്‍ക്ക് ചെയ്ത് ജോലി സ്ഥലത്തേക്ക് പോവുകയാണ് അതിനാല്‍ തന്നെ ഇവിടെ മറ്റു വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ യാതൊരുവിധ സൗകര്യവുമില്ല.

ദേശീയപാതയില്‍ പൊതുസ്ഥലത്ത് ചെടിച്ചട്ടികള്‍ നിരത്തിയിട്ടാണ് ചിലര്‍ പാര്‍ക്കിംഗ് തടയുന്നത്.

എന്നാല്‍ ചില കച്ചവടക്കാര്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ വേണ്ടി നഗരസഭ അധികൃതര്‍ അടയാളപ്പെടുത്തിയിട്ടുള്ള സ്ഥലം കയ്യേറി അവിടെ ബോക്‌സുകളും ചാക്ക് കെട്ടുകളും വെച്ച് സ്ഥലം കയ്യേറി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പോലും സാധ്യമാകാത്ത വിധത്തില്‍ പ്രവര്‍ത്തിക്കുകയാണ്.

തളിപ്പറമ്പ് മാര്‍ക്കറ്റ് റോഡില്‍ രജിസ്റ്റര്‍ ഓഫീസിന് സമീപത്തുള്ള പാര്‍ക്കിംഗ് അനുവദിച്ച സ്ഥലം കയ്യേറി ബോക്‌സുകള്‍ സ്ഥാപിച്ച നിലയിലുള്ളതാണ് ചിത്രത്തില്‍.