കാവ്യസാഹിതീപുരസ്‌കാരം: സുജിത് ഭാസ്‌കറിന്

കൊച്ചി:സ്വതന്തകലാസാഹിത്യസംഘടനയായ മലയാള കാവ്യസാഹിതിയുടെ 2026ലെ കാവ്യസാഹിതീപുരസ്‌കാരം സുജിത് ഭാസ്‌കറിന്.

ഇത്തവണ നോവല്‍ വിഭാഗത്തിനാണ് പുരസ്‌കാരം.

2024-ല്‍ ആദ്യപതിപ്പായി പുറത്തിറങ്ങിയ ജലസ്മാരകംഎന്ന കൃതിക്കാണ് 20,001 രൂപയും ആര്‍ട്ടിസ്റ്റ് സുരേഷ് കായംകുളം രൂപകല്പന ചെയ്ത സാഹിതീശില്പവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്‌കാരം. ടി.കെ ശങ്കരനാരായണന്‍, ഡോ.കെ.പി.സുധീര, കലാ സാഹിത്യ നിരൂപകന്‍ കാവാലം അനില്‍ എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്.

കണ്ണൂര്‍ കരിവെള്ളൂര്‍ സ്വദേശിയാണ് സുജിത്.

ജനുവരി 10, 11 തീയതികളായി കോട്ടയം സി.എസ്.ഐ റിട്രീറ്റ് സെന്ററില്‍ നടക്കുന്ന മകാസ സംസ്ഥാനസമ്മേളനത്തിന്റെ ഉദ്ഘാടനസഭയില്‍വച്ച് കേന്ദ്ര മത്സ്യ-മൃഗസംരക്ഷണ-പാല്‍വ്യവസായ-ന്യൂനപക്ഷകാര്യ വകുപ്പ് മന്ത്രി അഡ്വ.ജോര്‍ജ് കുര്യന്‍ പുരസ്‌കാരം സമ്മാനിക്കും.

മന്ത്രി വി.എന്‍.വാസവന്‍ മുഖ്യപ്രഭാഷണം നടത്തുമെന്ന് മലയാള കാവ്യസാഹിതി സംസ്ഥാന പ്രസിഡന്റ് കാവാലം അനിലും സംസ്ഥാന ജനറല്‍ സെക്രട്ടറി സുഷമ ശിവരാമനും സംസ്ഥാന സംഘടനാ സെക്രട്ടറി ബിന്ദു ദിലീപ് രാജും പത്രസമ്മേളനത്തില്‍ അറിയിച്ചു .