തളിപ്പറമ്പ്: തളിപ്പറമ്പ് മെയിന്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന ഒരു കടയില്‍ നിന്നും മലിനജലം റോഡിലേക്ക് ഒഴുക്കിയതാണ് ഫോട്ടോയില്‍ കാണുന്നത്.
മെയിന്റോഡിലും കോര്‍ട്ട്‌റോഡിലും ചില സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ഉച്ചയൂണ് കഴിഞ്ഞ് കൈയും മുഖവും കഴുകുന്നതും പാത്രം കഴുകി ഒഴിക്കുന്നതും പലപ്പോഴും നേരില്‍ കാണാന്‍ കഴിഞ്ഞിട്ടുണ്ട്.
ഇവരുടെ ഉച്ചിഷ്ടങ്ങള്‍ ചവിട്ടിയാണ് ആളുകള്‍ കടന്നുപോകുന്നത്.
റോഡുകളിലും പൊതുസ്ഥലത്തും തുപ്പുന്നതിനെതിരെ നേരത്തെ തന്നെ സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
അവരവരുടെ കടയുടെ മുന്നിലുള്ള റോഡില്‍ തങ്ങള്‍ക്ക് എന്തും ചെയ്യാം എന്ന് ചിലര്‍ക്ക് ഒരു ധാരണയുണ്ട്.
റോഡില്‍ വെള്ളമൊഴിക്കുന്നതും പാത്രംകഴുകുന്നതും ഉച്ചഭക്ഷണം കഴിഞ്ഞ് കൈകഴുകുന്നതും വൃത്തിയുള്ള ശീലമല്ലെന്ന് അത്തരക്കാരെ പഠിപ്പിക്കാന്‍ നഗരസഭ ആരോഗ്യവിഭാഗം തയ്യാറാവണം.
നഗരസൗന്ദര്യവല്‍ക്കരണത്തേപ്പറ്റി എല്ലാവരും പറയുന്നു. മൂന്നരകോടിയോളം മുടക്കിയാണ് എം.എല്‍.എ നഗരസൗന്ദര്യം കൊണ്ടുവരുന്നത്.
മോശമല്ലാത്തതുക നഗരസഭയും മുടക്കുന്നുണ്ട്.
ലൈറ്റ് വെക്കലും നടപ്പാതകളില്‍ ടൈല്‍സ് പതിപ്പിക്കുന്നതും മാത്രമല്ല സൗന്ദര്യം.
കൈകഴുകലും തുപ്പലും പാത്രം കഴുകുന്നതും വെള്ളമൊഴിക്കുന്നതും റോഡില്‍ വേണ്ട.
അതിനൊന്നും കടകളില്‍ സൗകര്യമില്ലെങ്കില്‍ അത്തരം കടകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കരുത്.
മെയിന്‍ റോഡ് എന്നാല്‍ പ്രധാന റോഡ് എന്നല്ലേ അര്‍ത്ഥം. പ്രധാനറോഡ് ഇങ്ങനെ മലിനമാക്കാമോ-?