ലഹരി കേസില്‍ മകനൊപ്പം അറസ്റ്റിലായ അഭിഭാഷക വീട്ടില്‍ മരിച്ച നിലയില്‍

കേസില്‍ ജാമ്യം ലഭിച്ച് ജയിലില്‍ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെയാണ് മരണം.

ആലപ്പുഴ: ലഹരി കേസില്‍ ജാമ്യത്തിലിറങ്ങിയ അഭിഭാഷകയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എം.ഡി.എം.എയുമായി പോലീസ് അറസ്റ്റ് ചെയ്യുകയും റിമാന്‍ഡില്‍ കഴിയുകയും ചെയ്തിരുന്ന അമ്പലപ്പുഴ സ്വദേശിനി അഡ്വ.സത്യമോള്‍(46) ആണ് മരിച്ചത്.
ലഹരി കേസില്‍ ജാമ്യം ലഭിച്ച് ജയിലില്‍ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെയാണ് മരണം. ഇവരെ വീടിന്റെ ടെറസിലാണ് ൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മകനാണ് സത്യമോളുടെ മൃതദേഹം ആദ്യം കണ്ടത്. പിന്നീട് നാട്ടുകാരെയും പോലീസിനെയും വിവരം അറിയിച്ചു.

സത്യമോളെയും മകന്‍ സൗരവ്ജിത്തിനെയും കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും പുന്നപ്ര പോലീസും ചേര്‍ന്ന് പിടികൂടിയത്.

ഇരുവരും ആലപ്പുഴയില്‍ കാറില്‍ യാത്രചെയ്യുന്നതിനിടെ പറവൂര്‍ ജംങ്ഷനില്‍ എക്സൈസ് സംഘവും പോലീസും ചേര്‍ന്ന് തടഞ്ഞിരുന്നു. ഇവരുടെ വാഹനത്തില്‍ നിന്ന് ലഹരി കണ്ടെടുത്തതിന് പിന്നാലെ വീട്ടില്‍ പരിശോധന നടത്തി.

ഇവിടെ നിന്നാണ് ലഹരിശേഖരം പിടികൂടിയത്. കരുനാഗപ്പള്ളി കുടുംബക്കോടതിയില്‍ അഭിഭാഷകയായി ജോലി ചെയ്തുവരികയായിരുന്നു സത്യമോള്‍.

മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഇന്‍ക്വസ്റ്റിനും പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കും ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.