കഞ്ഞിഹട്ട് നാട്ടുകാര്‍ക്ക് പണികൊടുത്തു-നഗരസഭ ആരോഗ്യവിഭാഗം നോട്ടീസ് നല്‍കി.

തളിപ്പറമ്പ്: മലിനജലം വീട്ടു കിണറിലേക്ക് ഒലിച്ചിറങ്ങുന്നതായുള്ള പരാതിയില്‍ നഗരസഭാ ആരോഗ്യവിഭാഗം കഞ്ഞിഹട്ടില്‍ പരിശോധന നടത്തി.

കഴിഞ്ഞ ജനുവരി 23-ന് പ്രവര്‍ത്തനം തുടങ്ങിയ തൃച്ചംബരം പെട്രോള്‍ പമ്പിന് സമീപത്തെ കഞ്ഞി ഹട്ട് റസ്റ്റോറന്റിലെ മലിനജലപ്ലാന്റില്‍ നിന്നാണ് സമീപത്തെ വീട്ടുകിണറില്‍ വലിയ തോതില്‍ മലിനജലം ഒഴുകിയെത്തുന്നത്.

നഗരസഭാ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ മലിനജലം കിണറ്റില്‍ കലരുന്നത് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് സ്ഥാപനത്തിന് ന്യൂനതാ നോട്ടീസ് നല്‍കി.

തൃച്ചംബരം കോട്ടക്കുന്ന് റസിഡന്‍സ് അസോസിയേന്‍ പ്രസിഡന്റ് നല്‍കിയ പരാതിയിലാണ് തളിപ്പറമ്പ് നഗരസഭാ ആരോഗ്യ വിഭാഗം നടപടിയുമായി രംഗത്ത് വന്നത്.

കരുണാകരന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള വീട്ടിലെ കിണര്‍ വെള്ളമാണ് മലിനമായത്.

കഞ്ഞിഹട്ട് എന്ന റസ്റ്ററന്റിലെ മലിനജല ട്രീറ്റ്‌മെന്റ് പ്ലാന്റില്‍ നിന്നാണ് മലിനജലം കിണറിലേക്ക് വലിയ തോതില്‍ കനിഞ്ഞിറങ്ങുന്നത്.

വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് സ്ഥാപനം നടത്തിപ്പുകാര്‍ കിണറ്റിലെ വെള്ളം മാറ്റി ശുചീകരിച്ചെങ്കിലും വീണ്ടും മലിനജലം ഒഴുകിയെത്തിക്കൊണ്ടിരിക്കുകയാണ്.

ഇതോടെ വീട്ടുകാര്‍ക്ക് സ്ഥാപനത്തില്‍ നിന്നും ശുദ്ധജലം നല്‍കി വരികയാണ്.

സ്ഥാപനം പ്രവര്‍ത്തനമാരംഭിക്കുന്നതിന് മുമ്പ് തന്നെ സമീപത്തെ കിണറുകളിലേക്ക് മലിനജലമെത്തുവാനുള്ള സാധ്യത ചൂണ്ടിക്കാട്ടിയിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്.

എന്നാല്‍ വേണ്ട ജാഗ്രത പാലിക്കാതെ പ്ലാന്റ് നിര്‍മ്മാണം നടത്തിയതാണ് ദുരിതത്തിന് കാരണമായി തീര്‍ന്നതെന്നും ആക്ഷേപമുണ്ട്.

കോട്ടക്കുന്ന് റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് എന്‍.രാധാകൃഷ്ണന്‍ നല്‍കിയ പരാതിയെതുടര്‍ന്ന് നഗരസഭാ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ പുല്ലായിക്കൊടി ചന്ദ്രന്‍, കൗണ്‍സിലര്‍മാരായ ടി.ബാലകൃഷ്ണന്‍, കെ.ലത, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവരുള്‍പ്പെട്ട സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയത്.

തൃച്ചംബരത്തെ കഞ്ഞിഹട്ട് റസ്റ്ററന്റിലെ ട്രീറ്റ്‌മെന്റ് പ്ലാന്റിലെ ടാങ്കില്‍ നിന്നുമാണ് കിണറ്റിലേക്ക് മലിനജലം കനിഞ്ഞിറങ്ങുന്നതെന്ന് കണ്ടെത്തിയതായും

ട്രീറ്റ്‌മെന്റ് പ്ലാന്റിലെ ടാങ്കിന്റെ പ്രതലം മാത്രമാണ് കോണ്‍ക്രീറ്റ് ചെയ്തതെന്നാണ് ഉമസ്ഥര്‍ പറയുന്നതെന്നും പാര്‍ശ്വഭാഗത്ത് നിന്നാകാം മലിനജലം പുറത്തേക്ക് പോകുന്നത്, ഇത് തടയുന്നതിന് അടിയന്തിരമായി നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

നിര്‍ദ്ദേശം പാലിച്ചില്ലെങ്കില്‍ സ്ഥാപനം അടച്ചുപൂട്ടാന്‍ നടപടിയെടുക്കുമെന്നും നഗരസഭാ ആരോഗ്യസ്ഥിരം സമിതി അധ്യക്ഷന്‍ പുല്ലായിക്കൊടി ചന്ദ്രന്‍ പറഞ്ഞു.