പോറ്റിയുമായി സാമ്പത്തിക ഇടപാട് ഉണ്ടോ?; നടന്‍ ജയറാം ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരായേക്കും

 

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നടന്‍ ജയറാം ഇന്ന് ഇഡിക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായേക്കും. ചോദ്യംചെയ്യലിന് ഹാജരാകാന്‍ ഇഡി ജയറാമിന് സമന്‍സ് നല്‍കിയിരുന്നു.ഇഡിയുടെ കൊച്ചി ഓഫീസില്‍ ഹാജരാകാനാണ് ജയറാമിന് നോട്ടീസിലെ നിര്‍ദേശം. സ്വര്‍ണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ബന്ധത്തില്‍ വ്യക്തത തേടാനാണ് ജയറാമിനെ ഇഡി വിളിപ്പിച്ചിരിക്കുന്നത്.

ശബരിമലയിലെ സ്വര്‍ണം ഉപയോഗിച്ച് പ്രതികള്‍ ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക നേട്ടം ഉണ്ടാക്കിയിട്ടുണ്ടോ എന്നതിലാണ് ഇഡിയുടെ പരിശോധന നടക്കുന്നത്. ഇതില്‍ പോറ്റിയുമായുള്ള സാമ്പത്തിക ഇടപാടുകളിലാണ് ഇഡിയുടെ സമന്‍സ് ജയറാമിന് ലഭിച്ചിരിക്കുന്നത്.നിര്‍മാണ വേളയില്‍ ശബരിമലയിലെ കട്ടിളപ്പാളിയും വാതിലും പോറ്റി പല സ്ഥലത്തും കൊണ്ടുപോയി പൂജകളും പ്രാര്‍ഥനകളും നടത്തിയിരുന്നു. ജയറാമിന്റെ ചെന്നൈയില്‍ വീട്ടിലും ഇത്തരത്തില്‍ പൂജ നടന്നിരുന്നു.

കേസുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണസംഘം ജയറാമിനെ ചോദ്യം ചെയ്തിരുന്നു. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി പരിചയമുണ്ടെന്ന് ജയറാം അന്വേഷണ സംഘത്തിന് മൊഴി നല്‍കുകയും ചെയ്തിരുന്നു. തട്ടിപ്പില്‍ പങ്കില്ലെന്നും പോറ്റിയുമായി ശബരിമലയില്‍ വെച്ചുള്ള ബന്ധമാണെന്നും ജയറാം എസ്ഐടിക്ക് മൊഴി നല്‍കുകയും ചെയ്തിരുന്നു. പാളികള്‍ പൂജിച്ച മൂന്ന് ചടങ്ങുകളില്‍ പങ്കെടുത്തിട്ടുണ്ടെന്നും പോറ്റി പലതവണ തന്റെ വീട്ടില്‍ വന്നിട്ടുണ്ടെന്നുമായിരുന്നു ജയറാമിന്റെ മൊഴി.
അതേസമയം കേസില്‍ ജാമ്യനീക്കവുമായി പ്രതി കെ.പി.ശങ്കരദാസ് കൊല്ലം വിജിലന്‍സ് കോടതിയില്‍ ജാമ്യഹരജി സമര്‍പ്പിച്ചു. ആരോഗ്യ പ്രശ്നങ്ങള്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് ജാമ്യഹരജി. ജനുവരി 14 ന് ആണ് ശങ്കരദാസിനെ ആശുപത്രിയില്‍ എത്തി എസ്ഐടി സംഘം അറസ്റ്റ് രേഖപ്പെടുത്തിയത്. മുന്‍കൂര്‍ ജാമ്യനീക്കം നടത്തിയിരുന്നെങ്കിലും കോടതി ജാമ്യം അനുവദിച്ചിരുന്നില്ല. ഹരജി കോടതി ഉടന്‍ പരിഗണിക്കും.