അഞ്ചു പതിറ്റാണ്ടിന് ശേഷം എനിക്ക് മോചനം-പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിനെക്കുറിച്ച് കൊയ്യം ജനാര്ദ്ദനന്
തളിപ്പറമ്പ്: അഞ്ചുപതിറ്റാണ്ടിന് ശേഷം സംഘടന ചട്ടക്കൂടുകളില്‍ നിന്ന് മോചിതനായതായി കൊയ്യം ജനാര്ദ്ദനന്.
നിര്‍ണായകമായ പോരാട്ടത്തിലാണെന്നും കോണ്‍ഗ്രസ് എന്ന മഹാപ്രസ്ഥാനത്തിന്റെ ആശയത്തിലും ആദര്‍ശത്തിലും ആകൃഷ്ടരായി കടന്നുവരുന്ന വിദ്യാര്‍ത്ഥികളുടെയും യുവാക്കളുടെയും രാഷ്ട്രീയഭാവി ചോദ്യം ചെയ്യപ്പെടാതിരിക്കാനാണ് മല്‍സരരംഗത്ത്
ഉറച്ചുനില്‍ക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
കഴിഞ്ഞ 10 വര്‍ഷമായി പോരാടുന്ന ചെറുപ്പക്കാരുടെ പ്രതീക്ഷകളെ ഇനിയെങ്കിലും ആരും തന്നെ നശിപ്പിക്കാതിരിക്കാന്‍.
പലവട്ടം ചിന്തിച്ചെടുത്ത തീരുമാനം തന്നെയാണ് ഇത്. ഒരു കാര്യം ഉറപ്പു തരുന്നു.
ഒരു കോണ്‍ഗ്രസുകാരന്റെയും ധാര്‍മികതയെ ചോദ്യം ചെയ്യാന്‍ ഇട നല്കുന്ന ഒരു കുറ്റവും ഞാന്‍ ഇതുവരെ ചെയ്തിട്ടില്ല.
ഇനിയൊട്ട് ചെയ്യുകയുമില്ല എന്ന് പറയുന്ന ജനാര്ദ്ദനന് മുന്നില്‍ 14 ദിവസമുണ്ടെന്നും എല്ലാം തുറന്നുപറയുമെന്നും വ്യക്തമാക്കുന്നുണ്ട്.
എന്നാല്‍ ഈ കുറിപ്പിന് താഴെ കോണ്‍ഗ്രസ് പ്രവര്‍ത്തകുടെ പൊങ്കാല നടക്കുന്നുണ്ട്. സാമ്പത്തിക ആരോപണവും രൂക്ഷമാണ്
ഫേസ് ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ചുവടെ

പ്രിയമുള്ളവരെ,
ഞാന്‍ ഒരു നിര്‍ണായകമായ പോരാട്ടത്തിലാണ്, കോണ്‍ഗ്രസ് എന്ന മഹാപ്രസ്ഥാനത്തിന്റെ ആശയത്തിലും ആദര്‍ശത്തിലും ആകൃഷ്ടരായി കടന്നുവരുന്ന വിദ്യാര്‍ത്ഥികളുടെയും യുവാക്കളുടെയും രാഷ്ട്രീയ ഭാവി ചോദ്യം ചെയ്യപ്പെടാതിരിക്കാന്‍. പ്രത്യേകിച്ച് കഴിഞ്ഞ 10 വര്‍ഷമായി പോരാടുന്ന ചെറുപ്പക്കാരുടെ പ്രതീക്ഷകളെ ഇനിയെങ്കിലും ആരും തന്നെ നശിപ്പിക്കാതിരിക്കാന്‍.
പലവട്ടം ചിന്തിച്ചെടുത്ത തീരുമാനം തന്നെയാണ് ഇത്. ഒരു കാര്യം ഉറപ്പു തരുന്നു. ഒരു കോണ്‍ഗ്രസുകാരന്റെയും ധാര്‍മികതയെ ചോദ്യം ചെയ്യാന്‍ ഇട നല്കുന്ന ഒരു കുറ്റവും ഞാന്‍ ഇതുവരെ ചെയ്തിട്ടില്ല. ഇനിയൊട്ട് ചെയ്യുകയുമില്ല.വലിയൊരു ആശ്വാസമുണ്ട്. എല്ലാം എനിക്ക് തുറന്നു പറയാം. സംഘടനാപരമായ ചട്ടക്കൂടുകളില്‍ നിന്ന് ഞാന്‍ അഞ്ചു പതിറ്റാണ്ടിന് ശേഷം മോചിതനായിരിക്കുന്നു. മുന്നില്‍ 14 ദിവസങ്ങള്‍ ഉണ്ട്.
തുടങ്ങിയിട്ടേയുള്ളൂ. ഏറെയുണ്ട് ചെയ്തു തീര്‍ക്കാന്‍. വിമര്‍ശനങ്ങളെയും പരാമര്‍ശങ്ങളെയും അതിന്റേതായ അര്‍ത്ഥത്തില്‍ തന്നെ ഉള്‍ക്കൊള്ളുന്നു. ഒരു പൊതുപ്രവര്ത്തകന് എന്ന നിലയില്‍ മാന്യവും ആത്മാര്‍ത്ഥവുമായ കാര്യങ്ങള്‍ മാത്രമേ ഇതുവരെ ചെയ്തിട്ടുള്ളൂ. ഒരിക്കല്‍പോലും അമാന്യമായ വാക്കുകളോ പ്രവര്‍ത്തികളോ ചെയ്തു പോകാതിരിക്കാന്‍ പരമാവധി ശ്രദ്ധിച്ചിട്ടുണ്ട്. പക്ഷേ പറഞ്ഞ ഒരു വാക്കില്‍ നിന്നും നിലപാടില്‍ നിന്നും പിന്നോട്ട് പോകുന്ന ഒരാള്‍ അല്ല കൊയ്യം ജനാര്ദ്ദനന് എന്ന് ഇതുവരെ തെളിയിച്ചിട്ടുണ്ട് എന്നത് എന്നെ അടുത്ത് അറിയാവുന്നവര്‍ക്ക് അറിയാം.
യൗവനം പിന്നിട്ട സ്ഥിതിക്ക് അതിലും മാറ്റം വരുത്തേണ്ട കാര്യമില്ല.ഇത് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ഞാന്‍ ഇറങ്ങുന്നു.
ആത്മവിശ്വാസത്തോടെ.

