കേരളത്തില്‍ ഇത്തവണ രാഷ്ട്രീയ മാറ്റത്തിന്റെ കാറ്റ് വീശുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

പാലക്കാട്: കേരളത്തില്‍ ഇത്തവണ രാഷ്ട്രീയ മാറ്റത്തിന്റെ കാറ്റ് വീശുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളം പതിറ്റാണ്ടുകളായി എല്‍ഡിഎഫ് – യുഡിഎഫ് മുന്നണികളുടെ വഞ്ചനയില്‍പ്പെട്ട് കിടക്കുകയാണ്. ഇനി കേരളം മാറ്റത്തിന്റെ പാതയിലാണെന്നും പാലക്കാട് ബിജെപിക്ക് കേരളത്തിലേക്കുള്ള കവാടമാണെന്നും മോദി പറഞ്ഞു. പാലക്കാട് കോട്ടമൈതാനത്ത് നടന്ന എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
‘പ്രിയപ്പെട്ട സഹോദരങ്ങള്‍ക്ക് വിനീതമായ നമസ്‌കാരം’ എന്ന് മലയാളത്തില്‍ അഭിസംബോധന ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. കേരളത്തിലെ യുവാക്കളും സ്ത്രീകളും കര്‍ഷകരും എന്‍ഡിഎയിലാണ് പ്രതീക്ഷ അര്‍പ്പിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. കേരളത്തില്‍ വികസനം എത്തിക്കുമെന്നത് ‘മോദിയുടെ ഗ്യാരണ്ടി’യാണ്. മാറാത്തത് ഇനി മാറും, കേരളം വളരും. കേരളത്തില്‍ ടീം എന്‍ഡിഎ, സര്‍ക്കാര്‍ ഉണ്ടാക്കുന്ന മത്സരത്തില്‍ മൈതാനത്തില്‍ ഇറങ്ങിയിരിക്കുകയാണ്. ഞങ്ങള്‍ സര്‍ക്കാര്‍ ഉണ്ടാക്കുക തന്നെ ചെയ്യുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പതിറ്റാണ്ടുകളായി എല്‍ഡിഎഫും യുഡിഎഫും ചേര്‍ന്ന് കേരളത്തെ മാറിമാറി കൊള്ളയടിക്കുകയാണ്. സിപിഎമ്മുകാര്‍ കോണ്‍ഗ്രസിനെ ബിജെപിയുടെ ബി ടീം എന്ന് വിളിക്കുന്നു. തിരിച്ച് കോണ്‍ഗ്രസുകാര്‍ സിപിഎമ്മിനെയും ബിജെപിയുടെ ബി ടീം എന്ന് വിളിക്കുന്നു. ഇതിനര്‍ത്ഥം, ഇത്തവണത്തെ തെരഞ്ഞെടുപ്പിലെ ഒരേയൊരു എ ടീം ബിജെപി മാത്രമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ സംസ്ഥാന സര്‍ക്കാര്‍ യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്ന രീതിയിലുള്ള ഒരു സ്ഥാപനം പോലും ആരംഭിച്ചിട്ടില്ല. കോണ്‍ഗ്രസും ഇടതും എവിടെയൊക്കെ അധികാരത്തില്‍ വന്നിട്ടുണ്ടോ അവിടെയെല്ലാം നശിപ്പിച്ചിട്ടേയുള്ളൂ.
എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും എല്ലാ നയങ്ങളും വോട്ട് ബാങ്ക് രാഷ്ട്രീയമാണ്. കേരളത്തിന്റെ വികസനത്തെപ്പറ്റി അവര്‍ക്ക് ചിന്തയില്ല. കേരളം ഇന്ന് അഞ്ച് ലക്ഷം കോടിയിലധികം രൂപ കടം കയറിയ അവസ്ഥയിലാണ്. കേരളത്തിന് അവകാശപ്പെട്ട പണം എവിടെ പോയി ? ഇതിനൊരു ഒറ്റ ഉത്തരമേയുള്ളൂ. എല്‍ഡിഎഫുകാരുടെ കീശയില്‍ പോയി. കേരളത്തില്‍ ബിജെപി സര്‍ക്കാര്‍ ഉണ്ടാക്കുന്ന പക്ഷം ഇവരുടെ കള്ളത്തരമെല്ലാം പുറത്തുക്കൊണ്ടു വരും. ബിജെപി അധികാരത്തില്‍ വന്നാല്‍ എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും സര്‍വ കുംഭകോണങ്ങളെപ്പറ്റിയും അന്വേഷണം നടത്തുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
പാലക്കാട് 22 വര്‍ഷം ഭരിച്ചത് ഇടത് എംഎല്‍എമാരായിരുന്നു. 5 പതിറ്റാണ്ട് കോണ്‍ഗ്രസ് എംഎല്‍എമാരും പ്രതിനിധീകരിച്ചു. എന്നിട്ടും ഈ മണ്ഡലത്തില്‍ വികസനം വന്നില്ല. കേന്ദ്രത്തില്‍ ബിജെപി വന്ന ശേഷമാണ് പാലക്കാട്ടിനു വികസനമുണ്ടായി തുടങ്ങിയതെന്നും പ്രധാനമന്ത്രി പറ?ഞ്ഞു. ഹെലിക്കോപ്റ്റര്‍ മാര്‍ഗം പാലക്കാട് മേഴ്‌സി കോളേജ് ഗ്രൗണ്ടിലിറങ്ങിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വന്‍ ജനക്കൂട്ടമാണ് സ്വീകരിച്ചത്. അവിടെ നിന്ന് വാഹനവ്യൂഹത്തില്‍ മോദി കോട്ടമൈതാനത്തേക്ക് പുറപ്പെട്ടു. മിഷന്‍ സ്‌കൂള്‍ ജങ്ഷന്‍ മുതല്‍ എസ്ബിഐ ജങ്ഷന്‍ വരെ റോഡിന് ഇരുവശവും തിങ്ങിനിറഞ്ഞ പ്രവര്‍ത്തകരെ അദ്ദേഹം റോഡ് ഷോയിലൂടെ അഭിവാദ്യം ചെയ്തു. പാലക്കാട്ടെ പൊതു സമ്മേളനത്തില്‍ പാലക്കാട് ജില്ലയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ പങ്കെടുത്തു.