ആത്മാര്‍ത്ഥതയുടെ പേരടയാളം പി.ഐ.ശ്രീധരന്‍ നാളെ മെഡിക്കല്‍ കോളേജിന്റെ പടിയിറങ്ങുന്നു, സര്‍ക്കാര്‍ ആനുകൂല്യങ്ങളില്ലാതെ

പരിയാരം: കൈവെച്ച മേഖലകളില്ലൊം ആത്മാര്‍ത്ഥതയുടെ അടയാളമായി മാറിയ പി.ഐ.ശ്രീധരന്‍ സര്‍ക്കാര്‍ ജീവനക്കാരന്റെ ഒരു ആനുകൂല്യങ്ങളും ലഭിക്കാതെ നാളെ സര്‍വീസില്‍ നിന്ന് വിരമിക്കുന്നു.

നാടകപ്രവര്‍ത്തകന്‍, രാഷ്ട്രീയപ്രവര്‍ത്തകന്‍, സര്‍വീസ് സംഘടന പ്രവര്‍ത്തകന്‍ എന്നിവക്ക് പുറമെ അപൂര്‍വ്വമായ ഒ. നെഗറ്റീവ് രക്തത്തിന്റെ ഉടമയായി നിരവധി തവണ രക്തദാനം നടത്തിയതിന്റെ തിളങ്ങുന്ന ഓര്‍മ്മകളുമായാണ് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന്റെ സ്വന്തം ശ്രീധരേട്ടന്റെ പടിയിറക്കം.

സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തനായ ശ്രീധരന്‍ കല്യാശേരി അഞ്ചാംപീടിക സ്വദേശിയാണ്.

2003 ഏപ്രില്‍ ഒന്നിനാണ് അന്ന് സഹകരണ മേഖലയില്‍ പ്രവര്‍ത്തിച്ച പരിയാരം മെഡിക്കല്‍ കോളേജില്‍ ജീവനക്കാരനായത്.

23 വര്‍ഷത്തെ സേവനത്തിന് ശേഷമാണ് വിരമിക്കുന്നത്.

2007 ല്‍ പരിയാരം മെഡിക്കല്‍ കോളേജ് സ്റ്റാഫ് അസോസിയേഷന്‍ ജന.സെക്രട്ടെറിയായി ചുമതലയേറ്റ ശ്രീധരന്‍ ഇപ്പോള്‍ എന്‍.ജി.ഒ അസോസിയേഷന്‍ പരിയാരം ബ്രാഞ്ച് പ്രസിഡന്റാണ്.

മെഡിക്കല്‍ കോളേജ് 2019 ല്‍ സര്‍ക്കാര്‍ ഏറ്റെടുത്തുവെങ്കിലും ശ്രീധരന്‍ ഉള്‍പ്പെടെ നിരവധി ജീവനക്കാരെ ഇനിയും സര്‍ക്കാര്‍ ജീവനക്കാരായി അംഗീകരിക്കാത്തതിനാല്‍ ഒരുവിധ വിരമിക്കല്‍ ആനുകൂല്യവും ലഭിക്കാതെയാണ് മടക്കയാത്ര.

ഇക്കാലമത്രയും സര്‍ക്കാറില്‍ നിന്ന് ജീവനക്കാര്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ക്കായി പിച്ചതെണ്ടല്‍ സമരം, പട്ടിണിക്കഞ്ഞി കുടിക്കല്‍ സമരം, ശവാസന സമരം തുടങ്ങിയ വ്യത്യസ്ത പോരാട്ടസമരങ്ങള്‍ക്ക് ശ്രീധരന്‍ നേതൃത്വം നല്‍കിയിരുന്നു.

കല്യാശേരി ജയഭാരത കലാകേന്ദ്രത്തിന്റെ മുഖ്യസംഘാടകനായ ശ്രീധരന്‍ നാടക നടനും സംവിധായകനും എന്ന നിലയില്‍ മലബാര്‍ പ്രദേശത്തുള്ളവര്‍ക്ക് സുപരിചിതനാണ്.

തന്റെ രക്തം അപൂര്‍വ്വമായ ഒ നെഗറ്റീവ് ആണെന്നറിഞ്ഞതോടെ 19 വയസുമുതല്‍ 51 വയസുവരെ രക്തദാനം നടത്തിയ ശ്രീധരന്‍ പ്രമേഹരോഗത്തിന്റെ സൂചന ലഭിച്ചതോടെയാണ് ഈ സേവനം നിര്‍ത്തിയത്.

കേരളത്തിനകത്തുള്ളവര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കുമായി 38 തവണയാണ് രക്തം ദാനം ചെയ്തത്.

കല്യാശേരി ബ്ലോക്ക് കോണ്‍ഗ്രസ് ജന.സെക്രട്ടെറിയായി പ്രവര്‍ത്തിച്ചിരുന്നു.

നായര്‍ ക്ഷേമസമിതി വൈസ് പ്രസിഡന്റും കണ്ടന്തള്ളി ശ്രീകൃഷ്ണക്ഷേത്രം ഭാരവാഹിയുമാണ്.

സര്‍ക്കാര്‍ ജീവനക്കാരന്റെ ആനുകൂല്യങ്ങള്‍ ലഭിക്കാതെയാണ് സര്‍വീസില്‍ നിന്ന് വിരമിക്കുന്നെതങ്കിലും ഇതിനായി ജീവനക്കാര്‍ തുടര്‍ന്നുവരുന്ന പോരാട്ടങ്ങള്‍ക്ക് പിന്തുണയുമായി കൂടെയുണ്ടാവുമെന്നും നാടക-കലാ-രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ സജീവമായി തുടരുമെന്നും ശ്രീധരന്‍ പറയുന്നു.