മുപ്പത് ലക്ഷത്തിന്റെ സ്വര്‍ഗത്തില്‍ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ നിറയുന്നു, ചെടികള്‍ ഉണങ്ങിക്കരിയുന്നു.

തളിപ്പറമ്പ്: മുപ്പത് ലക്ഷത്തിന്റെ സ്വര്‍ഗത്തില്‍ പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ നിറയുന്നു, ചെടികള്‍ ഉണങ്ങിക്കരിയുന്നു.

ഇക്കഴിഞ്ഞ മാര്‍ച്ച് എട്ടിനാണ് കൊട്ടിഘോഷിച്ച ഉദ്ഘാടനം നടന്നത്.

ടെലിവിഷന്‍, പാട്ടുകള്‍ കേള്‍ക്കാനുള്ള സൗകര്യം തുടങ്ങി എന്തൊക്കെയായിരുന്നു പാണന്‍മാര്‍ ഈ ബസ് വെയിറ്റിംഗ് ഷെല്‍ട്ടറിനെ പാടിപ്പുകഴ്ത്തിയിരുന്നത്.

ഇപ്പോള്‍ ഒരുമാസം തികയും മുമ്പ് തന്നെ ഇത് കുപ്പത്തൊട്ടിയായി  മാറിയിരിക്കുന്നു.

ഉദ്ഘാടന സമയത്ത് നട്ട ചെടികള്‍ മിക്കതും വാടിക്കരിഞ്ഞു.

ചെടികള്‍ക്ക് മുകളില്‍ പ്ലാസ്റ്റിക്ക് വാട്ടര്‍ ബോട്ടിലുകള്‍ തള്ളുന്ന അവസ്ഥയായി.

ഇതിന്റെ മേല്‍നോട്ടക്കാരായ തളിപ്പറമ്പ് നഗരസഭ അധികൃതര്‍ തിരിഞ്ഞുനോക്കാതായതോടെയാണ് ഷെല്‍ട്ടര്‍ അലങ്കോലമായത്.

ഒരു വിധ കേടുപാടുകളും ഇല്ലാതിരുന്ന ബസ് വെയിറ്റിംഗ് ഷെല്‍ട്ടര്‍ പൊളിച്ചുനീക്കിയാണ് നഗരസൗന്ദര്യം വര്‍ദ്ധിപ്പിക്കാനെന്ന പേരില്‍  ഈയൊരു വെയിറ്റിംഗ് ഷെല്‍ട്ടര്‍ പണിതത്.

എന്നാല്‍ ഇതിന്റെ മേല്‍നോട്ടത്തിനായി ഒന്നും ചെയ്യാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായി കാണുന്നില്ല.

ചെടികള്‍ നട്ടാല്‍ മാത്രം മതിയോ? അവയ്ക്ക് ഒരു നേരമെങ്കിലും വെള്ളം ഒഴിച്ചുകൊടുക്കാതിരുന്നാല്‍ അവ ഉണങ്ങിക്കരിയുകയില്ലേ?

ഇക്കാര്യം അറിയാത്തവരാണോ തളിപ്പറമ്പ് നഗരസഭ ഭരണാധികാരികള്‍?

നാടുമുഴുവന്‍ ബോട്ടില്‍ ബൂത്തുകള്‍ സ്ഥാപിക്കുന്ന നഗരസഭ അധികൃതര്‍ 30 ലക്ഷത്തിന്റെ സ്വര്‍ഗത്തില്‍ ഉപേക്ഷിക്കുന്ന ബോട്ടിലുകള്‍ നിറയുന്നത് കാണുന്നില്ലേ?

ചിറവക്കിലും ഇത്തരത്തില്‍ സൗന്ദര്യ ബസ് ഷെല്‍ട്ടറിനായി രണ്ടരലക്ഷം ചെലവിട്ട് 8 മാസം മുമ്പ് നിര്‍മ്മിച്ച ബസ് ഷെല്‍ട്ടര്‍ ഏതാനും ദിവസം മുമ്പാണ് പൊളിച്ചുകടത്തിയത്.

കടുത്ത ചൂടില്‍ ഇവിടെ ബസ് കാത്തുനില്‍ക്കുന്നവര്‍ പൊരിയുകയാണ്.

താല്‍ക്കാലിക സംവിധാനം ഒരുക്കാന്‍ പോലും സൗന്ദര്യവല്‍ക്കരണക്കാര്‍ തയ്യാറായിട്ടില്ല.

കോടികളും ലക്ഷങ്ങളുമൊക്കെ പൊടിച്ചുതീര്‍ക്കുന്നതിലപ്പുറം അത് ഗുണപരമായ രീതിയില്‍ ഉപയോഗപ്പെടുത്താന്‍ വികസനത്തെക്കുറിച്ചുമാത്രം പറഞ്ഞുകൊണ്ടിരിക്കുന്നവര്‍ തയ്യാറാവുന്നില്ലെന്ന വിമര്‍ശനം ശക്തമാണ്.