ഇന്‍സ്‌പെക്ടര്‍ 45 ദിവസം അവധിയില്‍-പരിയാരം എസ്.എച്ച്.ഒയുടെ ചുമതല സീനിയര്‍ ഓഫീസര്‍ക്ക് നല്‍കണമെന്ന് ആവശ്യമുയരുന്നു-

പരിയാരം: പരിയാരം പോലീസ് ഇന്‍സ്‌പെക്ടര്‍ ഒന്നരമാസത്തെ അവധിയില്‍ പ്രവേശിച്ചു, പകരം എസ്.എച്ച്.ഒയുടെ ചുമതല വനിതാ എസ്.ഐക്ക് നല്‍കി.

ഇന്നലെ മുതലാണ് എസ്.എച്ച്.ഒ ആയ കെ.വി.ബാബു അവധിയെടുത്തത്. എന്നാല്‍ പകരം ചുമതല പഴയങ്ങാടിയിലെയോ തളിപ്പറമ്പിലെയോ പോലീസ് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് നല്‍കുകയോ

മറ്റേതെങ്കിലും സീനിയര്‍ ഇന്‍സ്‌പെക്ടറെ ഏല്‍പ്പിക്കുമെന്നോ ആണ് പോലീസിലുള്ളവര്‍ തന്നെ കരുതിയിരുന്നതെങ്കിലും വനിതാ എസ്.ഐ രൂപ മധുസൂതനന് എസ്.എച്ച്.ഒയുടെ പൂര്‍ണ ചുമതല നല്‍കുകയാണ് ചെയ്തത്.

ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട പോലീസ് സ്‌റ്റേഷനുകളിലൊന്നാണ് പരിയാരം മെഡിക്കല്‍ കോളേജ് പോലീസ് സ്‌റ്റേഷന്‍. ചെറുതാഴം, കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തുകളും പരിയാരം പഞ്ചായത്തിലെ രണ്ട് വില്ലേജുകളും അടങ്ങുന്നതാണ് ഈ പോലീസ് സ്‌റ്റേഷന്‍ പരിധി.

സങ്കീര്‍ണമായ നിരവധി കേസുകളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്യുന്നത്. നൂറുകണക്കിനാളുകളെത്തുന്ന സര്‍ക്കാര്‍ മെഡിക്കല്‍ കോളേജും ഗവ.ആയുര്‍വേദ കോളേജും പരിയാരം സ്‌റ്റേഷന് കീഴിലാണ്.

നിരവധി മത-സാമുദായിക സ്ഥാപനങ്ങളും സ്‌റ്റേഷന്‍ പരിധിയിലുണ്ട്. കുപ്പം മുതല്‍ ഏഴിലോട് വരെ 12.6 കിലോമീറ്റര്‍ ദൂരം ദേശീയപാത ഈ സ്‌റ്റേഷന് കീഴിലാണ്.

ഒട്ടനവധി വാഹനാപകടങ്ങള്‍ നടക്കുന്നതിനാല്‍ സ്‌റ്റേഷനില്‍ തന്നെ ആഭ്യന്തര വകുപ്പ് ഏര്‍പ്പെടുത്തിയ ആംബുലന്‍സുമുണ്ട്.

ജനകീയ പോലീസ് ഉദ്യോഗസ്ഥനെന്ന നിലയില്‍ പേരെടുത്ത കെ.വി.ബാബു പരിയാരത്ത് ചാര്‍ജെടുത്തതിന് ശേഷം നയപരമായ ഇടപെടലിലൂടെ സമാധാനപരമായ അന്തരീക്ഷം സൃഷ്ടിക്കുന്നതോടൊപ്പം പ്രമാദമായ നിരവധി കേസുകളും തെളിയിക്കാന്‍ സാധിച്ചിട്ടുണ്ട്.

ആര് ഫോണ്‍ചെയ്താലും അറ്റന്‍ഡ് ചെയ്യുകയും എടുക്കാന്‍ സാധിക്കാത്ത തിരക്കാണെങ്കില്‍ പിന്നീട് ആ നമ്പറിലേക്ക് തിരിച്ചുവിളിച്ച് കാര്യങ്ങള്‍ അന്വേഷിക്കാനും തയ്യാറാകുന്ന

കെ.വി.ബാബുവിന് പകരം അദ്ദേഹത്തെപോലെ കാര്യശേഷിയുള്ള ഒരാള്‍ക്ക് തന്നെ പരിയാരത്ത് ചുമതല നല്‍കണമെന്ന നിര്‍ദ്ദേശം ഉയരുന്നുണ്ട്.

പുതിയ പോലീസ് സ്‌റ്റേഷന്‍ അടുത്ത് തന്നെ ഉദ്ഘാടനം ചെയ്യപ്പെടുകയുമാണ്.

ഈ സാഹചര്യത്തില്‍ സീനിയറായ ഒരു പോലീസ് ഉദ്യോഗസ്ഥനെ തന്നെ എസ്.എച്ച്.ഒ ആയി നിയമിക്കണമെന്ന ആവശ്യം ശക്തമാണ്.