തളിപ്പറമ്പില്‍ ഓട്ടോറിക്ഷകള്‍ക്ക് എന്തിനാണ് മീറ്റര്‍? മീറ്റര്‍ പ്രവര്‍ത്തിപ്പിച്ച് ഓടിക്കാന്‍ എന്താണ് തടസം? ചോദിക്കാന്‍ ഒരു ആര്.എന്‍.രവി വരുമോ?
കണ്ണൂര്‍ മുന്‍സിപ്പാലിറ്റി പരിധിയില്‍ ഓട്ടോറിക്ഷകളുടെ ചാര്‍ജ് തോന്നിയപോലെ ഈടാക്കിയ ഒരു കാലമായിരുന്നു എണ്‍പതുകളില്‍. സംഘടന ബലത്തില്‍ സാധാരണക്കാരായ യാത്രക്കാരെ കീഴടക്കി ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ സര്‍വാധികാരികളായി മാറിയ ഒരു കാലഘട്ടം. ഈ സന്ദര്‍ഭത്തിലാണ് 1982 മെയ്-24 ന് കെ.കരുണാകരന്റെ നേതൃത്വത്തിലുള്ള യു.ഡി.എഫ് മന്ത്രിസഭ അധികാരമേറ്റത്. 1981 കാലത്ത് കോഴിക്കോട് പോലീസ് കമ്മീഷണറായിരുന്ന ആര്.എന്‍.രവി(രവീന്ദ്രനാരായണന് രവി) എന്ന 1976 ബാച്ച് ഐ.പി.എസ്. ഉദ്യോഗസ്ഥനെ കരുണാകരന് സര്‍ക്കാര്‍ കണ്ണൂര്‍ ജില്ല പോലീസ് സൂപ്രണ്ടായി നിയമിച്ചു. ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ പിടിച്ചുപറി ചാര്‍ജിനെതിരെ ഡി.എസ്.പിക്ക് ഒരു പരാതി ലഭിക്കുന്നു. എസ്.പി വേഷംമാറി നടത്തിയ അന്വേഷണത്തില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ ചാര്‍ജ് കൊള്ള നേരിട്ട് ബോധ്യപ്പെടുന്നു. എല്ലാ ഓട്ടോറിക്ഷകള്‍ക്കും ഒരു മാസത്തിനുള്ളഇല്‍ മീറ്റര്‍ ഘടിപ്പിച്ച് സര്‍വീസ് നടത്തണം എന്ന് അദ്ദേഹം ഉത്തരവിട്ടു. ഇതിനെതിരെ സംയുക്ത ഓട്ടോറിക്ഷ തൊഴിലാളികള്‍ സമരം പ്രഖാപിച്ചു. പണിമുടക്കും ധര്‍ണയും പ്രകടനവും എല്ലാം നടന്നു. പക്ഷെ, ആര്.എന്‍.രവി ഉറച്ചുനിന്നു, കണ്ണൂര്‍ നഗരത്തില്‍ ഓട്ടോറിക്ഷ ഓടിക്കണമെങ്കില്‍ മീറ്റര്‍ വെച്ചേ തീരൂ എന്ന നിലപാടിനപ്പുറവും ഇപ്പുറവും പോകാതെയായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഒടുവില്‍ ഓട്ടോറിക്ഷക്കാര്‍ മുട്ടുമടക്കി. ഓട്ടോമീറ്റര്‍ കണ്ണൂര്‍ നഗരത്തില്‍ പ്രാവര്‍ത്തികമായി. (നേരത്തെ തമിഴ്നാട്ടിലും, ഇപ്പോള്‍ പശ്ചിമബംഗാളില്‍ ഗവര്‍ണറാണ് ആര്.എന്‍.രവി.)
ഈ കാര്യം ഓര്‍ക്കാന്‍ കാരണം ഇന്നലെ ലഭിച്ച ഒരു ഫോണ്‍ കോളാണ്. ഫോണെടുത്ത ഒടനെ ചോദിച്ചത് തളിപ്പറമ്പില്‍ ഓട്ടോറിക്ഷകള്‍ക്ക് മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാന്‍ എന്തെങ്കിലും ചെയ്യാനാവുമോ എന്നാണ്. കാര്യം തിരക്കിയപ്പോഴാണ് ഓട്ടോറിക്ഷക്കാരുടെ തോന്നിയപോലുള്ള കൂലിയേയും പരിഹാസത്തെയും പറ്റി അവര്‍ മനസുതുറന്നത്. തളിപ്പറമ്പ് നഗരത്തിലെ ഒരുസ്ഥാപനത്തില്‍ ജോലി ചെയ്യുന്ന സ്ത്രീയാണ് വിളിച്ചത്. പുളിമ്പറമ്പില്‍ സാന്‍ജോസ് സ്ക്കൂള് റോഡില്‍ താമസിക്കുന്ന ഇവര്‍ ഷെയര്‍ ഓട്ടോയെ ആശ്രയിച്ചാണ് 10 രൂപ നല്കി തളിപ്പറമ്പ് നഗരത്തിലെത്തുന്നത്. മിക്കവാറും ദിവസംഅതേ ഓട്ടോയില്‍ തന്നെ മന്നയിലെ ജോലി സ്ഥലത്തെത്തും. ഓട്ടോറിക്ഷക്കാര്‍ പലരും അവര്‍ക്ക് തോന്നിയപോലെ 40, 50, 60, 70 എന്ന തോതിലൊക്കെ ചാര്‍ജ് വാങ്ങാറുണ്ടെന്ന് ഇവര്‍ പറഞ്ഞു. ഇന്നലെ 50 രൂപ നല്കിയപ്പോള് ഡ്രൈവര്‍ വളരെ ആക്ഷേപകരമായ രീതിയില്‍ പെരുമാറിയതിന്റെ കടുത്ത മാനസിക വിഷമത്തോടെയാണ് അവര്‍ സംസാരിച്ചത്. പൈസ പോരെങ്കില്‍ അത് പറയുന്നതിന് പകരം അധിക്ഷേപിക്കുന്ന വിധത്തില്‍ സംസാരിച്ചതിന്റെ വിഷമമാണ് അവര്‍ പങ്കുവെച്ചത്. ഇനിയും ഇത്തരം അപമാനം സഹിക്കേണ്ടിവന്നാല്‍ ഓട്ടോക്കാരനെ അടിക്കുമെന്ന് പറഞ്ഞ് അവര്‍ പൊട്ടിക്കരഞ്ഞു. പോലീസ് വനിതാസെല്ലില്‍ പരാതി നല്കാന് നിര്‍ദ്ദേശിച്ചാണ് ഫോണ്‍ സംഭാഷണം അവസാനിപ്പിച്ചത്.

തളിപ്പറമ്പ് നഗരസഭ പരിധിയില്‍ ഓട്ടോറിക്ഷകള്‍ക്കെല്ലാം മീറ്റര്‍ ഘടിപ്പിച്ചിട്ടുണ്ട്. പക്ഷെ, ആരും അത് യാത്രക്കാര്‍ക്കായി പ്രവര്ത്തപ്പിക്കുന്നില്ല.