ചെറുപുഴയിലെ കാലവര്‍ഷക്കെടുതി: പ്രത്യേക പാക്കേജ് അനുവദിക്കണം-എല്‍ഡിഎഫ്

പയ്യന്നൂര്‍: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിലും മലവെള്ളപ്പാച്ചിലിലും ഉരുള്‍പ്പൊട്ടലും നാശം വിതച്ച ചെറുപുഴ പഞ്ചായത്തിലെ ജോസ്ഗിരിയിലെയും രാജഗിരിയിലെയും പ്രശ്‌നങ്ങള്‍ സമഗ്രമായി പഠിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കി പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് എല്‍ഡിഎഫ് പയ്യന്നൂര്‍ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
ഇതുവരെയില്ലാത്ത പ്രകൃതിദുരന്തമാണ് പ്രദേശത്ത് ഉണ്ടായത്. 119 വീടുകള്‍ താമസ യോഗ്യമല്ലാത്തവിധം നശിച്ചു. 15 എണ്ണത്തില്‍ കല്ലും മണ്ണും ചെളിയും നിറഞ്ഞു.
നാല് വീടുകള്‍ തീരെ ഇല്ലാതായി. ഗൃഹോപകരണങ്ങള്‍, വസ്ത്രങ്ങള്‍, ഫര്‍ണിച്ചറുകള്‍, വിദ്യാര്‍ഥികളുടെ പാഠപുസ്തകങ്ങള്‍, സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയവ നശിച്ചു. 
നാല് പേര്‍ ചേര്‍ന്ന് കേരളം ചിക്കന്റെ സഹായത്തോടെ നടത്തുന്ന കോഴിഫാമിലെ 6300 ലേറെ കോഴികള്‍ ചത്തു.
30 ലക്ഷത്തിലേറെ രൂപയുടെ നാശനഷ്ടമുണ്ടായി.
നൂറോളം കുടിവെള്ളക്കിണറുകള്‍ ഉപയോഗശൂന്യമായി. ചേന, ചേമ്പ്, മഞ്ഞള്‍ തുടങ്ങി ഏക്കറ കണക്കിന് കര്‍ഷിക വിളകള്‍ നശിച്ചു.
മീന്തുള്ളിപ്പാലം ഒഴുകിപ്പോയി. കടകള്‍ മുഴുവന്‍ ഇല്ലാതായി. 20 ഓളം കേന്ദ്രങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായ. ജോസ്ഗിരി റോഡില്‍ കാല്‍നട യാത്ര പോലും ദുസ്സഹമാക്കുന്ന രീതിയില്‍ തകര്‍ന്നു.
ഗ്രാമീണ റോഡുകള്‍ മുഴുവനും തകര്‍ച്ചയിലാണ്.
രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ തികഞ്ഞ അനാസ്ഥയാണ് സ്ഥലം എംഎല്‍എയുടെയും ഉദ്യോഗസ്ഥരുടെയും ഭാഗത്തു നിന്നും ഉണ്ടായത്.
നാഥനില്ലാത്ത അവസ്ഥയിലാണ് കാര്യങ്ങള്‍ നീങ്ങുന്നത്. രക്ഷാപ്രവര്‍ത്തനത്തിന് ഉദ്യോഗസ്ഥര്‍ എത്താത്ത പ്രദേശങ്ങളുണ്ട്.
ഡിവൈഎഫ്‌ഐ യൂത്ത് ബ്രിഗേഡാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
മീന്തുള്ളി പുഴയില്‍ രക്ഷാപ്രവര്‍ത്തനത്തിടെ മരണപ്പെട്ട തിരുവനന്തപുരത്തെ രാജേഷിന്റെ മൃതദേഹത്തോട് അധികൃതരുടെ ഭാഗത്തു നിന്നുണ്ടായ അനാദരവ് നാടിന് തന്നെ അപമാനമുണ്ടാക്കി.
കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകണം.
ഇതിനിടയില്‍ രാജേഷിന്റെ കുടുംബത്തെ സഹായിക്കാനെന്ന പേരില്‍ പിരിവ് നടത്തിയ കോണ്‍ഗ്രസ് നേതാവായ ചെറുപുഴ പഞ്ചായത്തംഗത്തിനെതിരെ നടപടിയെടുക്കാന്‍ നേതൃത്വം തയ്യാറാകണം.
പഞ്ചായത്തംഗത്വം രാജിവെക്കാന്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ എല്‍ഡിഎഫ് സംഘടിപ്പിക്കും. 
ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായ ഒമ്പതാം വാര്‍ഡായ ജോസ്ഗരിയിലെ കര്‍ഷകരുടെ കടം എഴുതിത്തള്ളുകയും മൊറട്ടോറിയം പ്രഖ്യാപിക്കുകയും ചെയ്യണം.
ഉരുള്‍പൊട്ടലില്‍ കൃഷിഭൂമി മുഴുവന്‍ നഷ്ടപ്പെട്ട കര്‍ഷകര്‍ക്ക് സ്ഥലത്തിന്റെ മാര്‍ക്കറ്റ് വില കണക്കാക്കി നല്‍കി സംരക്ഷിക്കണം.
പ്രദേശത്തിന് നാശംവിതക്കുന്ന തരത്തില്‍ രാജഗിരിയില്‍ പ്രവര്‍ത്തിച്ചു വരുന്ന ക്വാറി അടിയന്തിരമായും നിര്‍ത്തലാക്കണം.
റോഡുകള്‍ പുനരുദ്ധീകരിക്കണം.
വാര്‍ത്ത സമ്മേളനത്തില്‍ ടി.ഐ.മധുസൂദനന്‍, സി. സത്യപാലന്‍, വി.ബാലന്‍, പി.ശശിധരന്‍, കെ.കെ.ജോയ്, ജോയ്‌സ് പുത്തന്‍പുരയ്ക്കല്‍, കെ.എം.ഷാജി, പി.ജയന്‍, ഒ.ടി.സുജേഷ്, അത്തായി വിജയന്‍, ആര്‍.ചന്ദ്രകാന്ത് എന്നിവര്‍ പങ്കെടുത്തു.