തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങള്‍-2-ഗര്‍ഭരക്ഷാംബികദേവി ക്ഷേത്രം(തഞ്ചാവൂര്‍)

തഞ്ചാവൂരില്‍നിന്നു കുംഭകോണത്തേക്കു പോകുന്ന റോഡില്‍ പാപനാശം ടൗണില്‍നിന്നും സാലിമംഗലത്തേക്കുപോകുന്ന വഴിയില്‍ ഏകദേശം 6 കിലോമീറ്റര്‍ അകലെ ഒരുപഴയ ഗ്രാമവും ഒരു പ്രാചീനക്ഷേത്രവും കാണാം അതാണ് തിരുക്കരുകാവൂര്‍.

പ്രഥമദര്‍ശത്തില്‍ തന്നെ അറിയാം ഇത് ഒരു പ്രാചീനമഹ ക്ഷേത്രമാണെന്ന്.

മുല്ലവനനാഥര്‍സ്വാമിയുടെയും ഗര്‍ഭരക്ഷാംബികയുടെയും ക്ഷേത്രമായ ഇവിടെ അംബികക്കാണ് പ്രാധാന്യം.

അടുത്തകാലത്തു ജീര്‍ണോദ്ധാരണം ചെയ്ത് ഗോപുരം പുതുക്കിയിട്ടുണ്ട്.

ഗര്‍ഭരക്ഷാംബിക’, ‘കരുകാക്കും നായകി’ എന്നെല്ലാം വിളിച്ചുവരുന്ന ദേവി സന്തതിയില്ലാത്തവരുടേയും ഗര്‍ഭിണികളുടേയും ഇഷ്ടദേവതയാണ്. സന്തതിയില്ലാത്തവന്‍ ഇവിടെ വന്നു ഭജിച്ചാല്‍ ഫലപ്രാപ്തി നിശ്ചയമാണെന്നാണ് വിശ്വാസം.

ഗര്‍ഭിണികള്‍ ഇവിടെ വന്നു ഭജിച്ചാല്‍ യാതൊരു വിഷമവുമില്ലാതെ സുഖപ്രസവം ഉണ്ടാകുമെന്നാണ് ഭക്തജനങ്ങളുടെ ഉറച്ചവിശ്വാസം.

ഈ ഗ്രാമത്തില്‍ താമസിക്കുന്ന ഒരു സ്ത്രീക്കുപോലും ഗര്‍ഭ അലസിപ്പോയതായി കേട്ടിട്ടേ ഇല്ല എന്ന് അവിടെയുള്ള വയോധികര്‍ പറയുന്നു.

സന്തതിയില്ലാത്തവര്‍ ഗര്‍ഭംധരിച്ചാല്‍ പ്രസവകാലം വരെ ഇവിടെ വന്നു താമസിച്ച് പ്രസവാനന്തരം മടങ്ങിപ്പോകുന്നത് ഇന്നും സാധാരണയാണ്.

പ്രസവത്തിനു ഡോക്ടറെ വിളിക്കുന്ന സമ്പ്രദായം ഇവിടെ ഇന്നും കുറവാണെന്ന് നാട്ടുകാര്‍ പറയുന്നു. അത്ര വിശ്വാസമാണ് ഈ നാട്ടുകാര്‍ക്കൊക്കെ ഗര്‍ഭരക്ഷാംബയെ.

പുലര്‍ച്ചെ 5.30 മുതല്‍ 12.30 വരെയും വൈകുന്നേരം 4 മുതല്‍ രാത്രി എട്ടുവരെയുമാണ് ദര്‍ശനസമയം.

ഉച്ചക്ക് സൗജന്യമായി വിഭവസമൃദ്ധമായ അന്നദാനവും ക്ഷേത്രത്തിലുണ്ട്.

വിദൂരസ്ഥലങ്ങളില്‍ നിന്നുപോലും സ്ത്രീകള്‍ ഗര്‍ഭരക്ഷാംബികയുടെ സന്നിധിയില്‍ എത്തിച്ചേരുന്നുണ്ട്.

7-ാം ശതകത്തില്‍ ചോളരാജാക്കന്‍മാരാല്‍ നിര്‍മ്മിക്കപ്പെട്ട ക്ഷേത്രത്തെക്കുറിച്ച് അന്ന് ജീവിച്ചിരുന്ന ഭക്തശിരോമണികളായ അപ്പര്‍, സുന്ദരര്‍, ജ്ഞാനസംബന്ധര്‍ എന്നിവര്‍ പാട്ടുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്.

ആ പാട്ടുകളില്‍ മിക്കതും ചിതലിന് ഇരയായിപ്പോയി. രാജരാജേന്ദ്രചോഴന്റെ കാലത്ത് (985-1013) ചിതലിന്റെ വായില്‍

നിന്നു രക്ഷിച്ചെടുക്കുവാന്‍ സാധിച്ചിട്ടുള്ള കൃതികളാണല്ലോ തമിഴ്‌നാട്ടിലെ ഭക്തന്മാര്‍ അവരുടെ നിക്ഷേപങ്ങളായി ഗണിച്ചുവരുന്ന ‘തേവാരപ്പാട്ടുകള്‍.’

ഇങ്ങനെ കിട്ടിയിട്ടുള്ള പാട്ടുകളില്‍ തമിഴ്‌നാട്ടിലുള്ള 274 ശിവക്ഷേത്രങ്ങളെപ്പറ്റി പറയുന്നുണ്ട്.

അതുകൊണ്ട് ആ 274 ക്ഷേത്രങ്ങളും 7-ാം ശതകത്തില്‍ ഉണ്ടായിരുന്നു എന്നു മാത്രമല്ല അവയ്ക്ക് അക്കാലത്തുതന്നെ ഭക്തന്മാരുടെ ശ്രദ്ധയെ

ആകര്‍ഷിക്കത്തക്ക പേരും പ്രചാരവും ഉണ്ടായിരുന്നു എന്നും അന്നുമുതല്‍ ഇന്നു വരെ ഭക്തജനങ്ങളുടെ ആരാധനാകേന്ദ്രങ്ങളായിരുന്നു എന്നു തീര്‍ച്ചയാണ്.

ഈ 274-ല്‍ കാവേരിനദിയുടെ തെക്കേക്കരയില്‍ 127 ക്ഷേത്രങ്ങള്‍ ഉണ്ട്. തിരുക്കരുകാവൂര്‍ അതില്‍ ഉള്‍പ്പെടുന്നതുകൊണ്ട് അതിന്റെ പ്രാചീനതയെപ്പറ്റി സംശയമില്ല.

മൂവരും ഈ ക്ഷേത്രത്തെപ്പറ്റി പാടിയിട്ടുണ്ട്. അവരില്‍ അപ്പര്‍ ക്ഷേത്രത്തിന്റെ പ്രാചീനതയ്ക്ക് തെളിവു തന്നിട്ടുണ്ട്. ‘

കരുവായ് ഉലകുക്ക് മുന്നേ തോന്റും കണ്ണാം കരുകാവൂര്‍’ എന്നാണ് അദ്ദേഹം പാടിയിട്ടുള്ളത്.

സംസ്ഥാനസര്‍ക്കാറിന്റെ ഹിന്ദുമത ധര്‍മ്മസ്ഥാപന വകുപ്പിന് കീഴിലാണ് ഇപ്പോള്‍ ക്ഷേത്രഭരണം നടക്കുന്നത്.