മാതമംഗലം വിലക്ക് സമരം-സി.പി.എം സംസ്ഥാന നേതൃത്വത്തിന് അതൃപ്തി-

മാതമംഗലം: മാതമംഗലം എസ്.ആര്‍ അസോസിയേറ്റ്‌സ് എന്ന ഹാര്‍ഡ്വേര്‍ഡ് സ്ഥാപനത്തിന് നേരെ സി.ഐ.ടി.യു ചുമട്ടുതൊഴിലാളികള്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തില്‍ സി.പി.എം.സംസ്ഥാന നേതൃത്വത്തിന് എതിര്‍പ്പ്.

കഴിഞ്ഞ  ആറ്‌ മാസത്തിലധികമായി തുടരുന്ന ഉപരോധം ഇപ്പോള്‍ എല്ലാ പരിധികളും ലംഘിച്ച് കയ്യേറ്റത്തിലേക്ക് കടന്ന സാഹചര്യത്തില്‍ സംസ്ഥാന നേതൃത്വം ബന്ധപ്പെട്ടവരെ തങ്ങളുടെ അതൃപ്തി അറിയിച്ചതായാണ് വിവരം.

പാര്‍ട്ടി ഗ്രാമമാണെങ്കിലും വലിയതോതില്‍ ന്യൂനപക്ഷ കേന്ദ്രീകരണമുള്ള ഒരു പ്രദേശമാണ് എരമം-കുറ്റൂര്‍ പഞ്ചായത്ത്.

നിലവിലുള്ള അവസ്ഥ പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്നുള്ള വ്യക്തമായ സൂചന പാര്‍ട്ടി നേതൃത്വം ഇവിടെയുള്ള പ്രാദേശിക സി.ഐ.ടി.യു നേതൃത്വത്തെ  അറിയിച്ചു കഴിഞ്ഞു.

സി.ഐ.ടി.യു വിലക്കേര്‍പ്പെടുത്തിയ കടയില്‍ നിന്ന് സാധനം വാങ്ങിയ യൂത്ത്‌ലീഗ് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ്  അഫ്‌സല്‍

കുഴിക്കാട്ടിലിനെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിക്കാനെത്തിയ ഒരു സംഘം ലീഗ് പ്രവര്‍ത്തകരെ അക്രമിച്ച സി.ഐ.ടി.യു പ്രവര്‍ത്തകര്‍ക്കെതിരെ പെരിങ്ങോം പോലീസ് കേസെടുത്തിട്ടുണ്ട്.

ഒന്നര വര്‍ഷത്തോളമായി തുടരുന്ന ഈ പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് നേതൃത്വം സി.ഐ.ടി.യുവിന് നിര്‍ദ്ദേശം നല്‍കിയതായാണ് വിവരം.

പുതിയ തൊഴില്‍ സംസ്‌ക്കാരത്തെക്കുറിച്ച് മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍

നോക്കുകൂലിക്കാലത്തേക്ക് തിരിച്ചുനടക്കാനുള്ള ട്രേഡ് യൂണിയന്‍ സമീപനം ദൂരവ്യാപകമായ തിരിച്ചടിയുണ്ടാക്കുമെന്ന് പാര്‍ട്ടി നേതൃത്വത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്.