തായ്‌ലാന്റിലെ തുരങ്കം ഇനി വീട്ടില്‍ തന്നെ–തോമസേട്ടന്റെ തുരങ്കാവേശം അവസാനിക്കുന്നില്ല.
പെരുവാമ്പ(കണ്ണൂര്‍): തോമസേട്ടന്‍ തുരന്നുകൊണ്ടിരിക്കുകയാണ്, 2018 ല്‍ തായ്‌ലന്റ് യാത്രക്കിടയില്‍ കണ്ട തുരങ്കം സ്വന്തം വീട്ടുമുറ്റത്ത് നിര്‍മ്മിച്ച തോമസേട്ടന്‍ തന്റെ തുരങ്കാവേശം അവസാനിപ്പിക്കുന്നില്ല.

ഇപ്പോഴും അദ്ദേഹം ഒറ്റക്ക് തുരന്നുകൊണ്ടിരിക്കുകയാണ്. എരമം-കുറ്റൂര്‍ പഞ്ചായത്തിലെ പെരുവാമ്പ ഗ്രാമത്തിലാണ് തോമസേട്ടന്റെ അല്‍ഭുത തുരങ്കം.
കോവിഡ് കാലത്താണ് 2020 മാര്‍ച്ചിലാണ് തുരങ്കത്തിന്റെ നിര്‍മ്മാണം ആരംഭിച്ചത്.
വീട്ടില്‍ വെറുതെയിരിക്കുമ്പോഴാണ് തായ്‌ലാന്റ് സന്ദര്‍ശന വേളയില്‍ കണ്ട തുരങ്കം സ്വന്തം വീടിന് സമീപത്തെ പാറയില്‍ നിര്‍മ്മിച്ചെടുക്കാന്‍ ചെരിയംപുറത്ത് തോമസ് തീരുമാനിച്ചത്.
ഒരാള്‍ പൊക്കത്തില്‍ വിശാലമായ തുരങ്കമാണ് ആറ് മാസം കൊണ്ട് ഇദ്ദേഹം നിര്‍മ്മിച്ചെടുത്തത്.
ദിവസം 14 മണിക്കൂര്‍ വരെ ഇതിനായി ജോലി ചെയ്തു. മണ്ണെടുക്കലും മണ്ണ് കടത്തലും ഉപരിതലം മിനുക്കലുമെല്ലാം 69 കാരനായ തോമസ് സ്വയം തന്നെയാണ് ചെയ്തത്.
രാത്രി പത്ത് മണിവരെയും ജോലിചെയ്താണ് തുരങ്കം നിര്‍മ്മിച്ചത്. ഇടിഞ്ഞുവീഴുമോയെന്ന ഭയം ഉണ്ടായിരുന്നുവെങ്കിലും കനത്ത മഴയിലും ഒന്നും സംഭവിച്ചില്ലെന്ന് ഇദ്ദേഹം പറയുന്നു.
വായുസഞ്ചാരം ഉറപ്പാക്കുന്നതിന് രണ്ട് പ്രവേശന കവാടമാണ് ഒരുക്കിയത്.
32 മീറ്റര്‍ നീളമുള്ള തുരങ്കത്തിന്റെ ഒരു ഭാഗത്തുകൂടി കയറിയാല്‍ മറുഭാഗത്തുകൂടെ പുറത്തിറങ്ങാം.
എയര്‍കണ്ടീഷണര്‍ ഘടിപ്പിച്ച പോലുള്ള നല്ല തണുപ്പാണ് ഗുഹയ്ക്കകത്തുള്ളത്.
കേവലം നേരംപോക്കിന് വേണ്ടി തുടങ്ങിയ തുരങ്കനിര്‍മ്മാണം കളിയില്‍ നിന്ന് കാര്യമായതോടെ നിരവധിപേരാണ് കേട്ടറിഞ്ഞ് ഈ അല്‍ഭുതം കാണാനായി എത്തിക്കൊണ്ടിരിക്കുന്നത്.
പിക്കാസും കൈക്കോട്ടും മാത്രമാണ് തോമസിന്റെ അധ്വാനത്തിന് പുറമെ തുരങ്കനിര്‍മ്മാണത്തിനായി ഉപയോഗിച്ചത്.
നാല് പിക്കാസുകള്‍ മുര്‍ച്ചകൂട്ടാനായി മാത്രം ഇതിനകം 50,000 രൂപയോളം കൊല്ലനായ ഓലയമ്പാടി ദാമോദരന് നല്‍കിക്കഴിഞ്ഞുവെന്ന് ഇദ്ദേഹം പറയുന്നു.
തുരങ്കത്തിനകത്ത് ഒരു ചെറിയതുരങ്കം കൂടി നിര്‍മ്മിക്കുന്ന ജോലി ഇദ്ദേഹം തുടരുകയാണ്.
ആ ചെറിയതുരങ്കം രണ്ടാമത്തെ പ്രവേശനകവാടത്തിന് സമീപത്താണ് അവസാനിക്കുക.
രണ്ടുഭാഗത്തുനിന്നും മണ്ണ് നീക്കിക്കൊണ്ടിരിക്കുകയാണിപ്പോള്‍. തുരങ്കത്തിന്റെ നിര്‍മ്മാണവേളയില്‍ ഹൃദയസംബന്ധമായ അസുഖം ബാധിച്ച് ആശുപത്രിയിലായെങ്കിലും ഡിസ്ചാര്‍ജ് ചെയ്തതോടെ വീണ്ടും ജോലിയില്‍ സജീവമായിരിക്കയാണ്.
മൂന്ന്മാസം കൊണ്ട് തുരങ്കത്തിന്റെ പണി പൂര്‍ത്തീകരിക്കാനുള്ള കഠിനശ്രമത്തിലാണ് തോമസ്.
കേട്ടറിഞ്ഞ് നിത്യേന നൂറിലേറെ ആളുകളാണ് വിവിധ സ്ഥലങ്ങളില്‍ നിന്നായി പെരുവാമ്പ ഗ്രാമത്തിലേക്ക് വന്നുകൊണ്ടിരിക്കുന്നത്.
