വിമുക്തി മിഷന്‍-വാര്‍ഡുതല മയക്കുമരുന്ന് നിരീക്ഷകര്‍ വരും-
കണ്ണൂര്‍: ലഹരിക്കെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിന് വിമുക്തി മിഷന്‍ വാര്‍ഡ് തല സമിതികളില്‍ ഡ്രഗ് ഒബ്‌സര്‍വര്‍മാരെ നിയമിക്കും.

വിമുക്തി മിഷന്‍ ജില്ലാ ചെയര്‍പേഴ്‌സണായ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ദിവ്യയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ യോഗത്തിലാണ് തീരുമാനം.
മദ്യം, മയക്കുമരുന്ന്, മറ്റ് ലഹരിവസ്തുക്കള്‍ എന്നിവയുടെ ഉപയോഗവും കേസുകളും വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ലഹരിക്കെതിരെ പ്രാദേശിക സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനാണിത്.
ഫെബ്രുവരി 28നകം വിമുക്തി വാര്‍ഡുതല സമിതികള്‍ ചേരാനും യുവാക്കള്‍ക്കിടയില്‍ നിന്നും ഒബ്‌സര്‍വറെ നിയമിക്കാനും തദ്ദേശസ്ഥാപന അധ്യക്ഷന്മാര്‍ക്ക് നിര്‍ദേശം നല്‍കും.
ഫെബ്രുവരി 20ന് മുമ്പായി തദ്ദേശസ്ഥാപന അധ്യക്ഷന്മാരുടെ യോഗം ചേരും. ശേഷം വിവിധ സംഘടനാ പ്രതിനിധികളുടെയും സ്‌കൂള്‍, കോളേജ് തലവന്മാരുടെയും യോഗവും ചേരും.
ലഹരിക്കെതിരെ ബോധവത്കരണം ശക്തിപ്പെടുത്താന്‍ വിപുലമായ പ്രചരണങ്ങള്‍ നടത്താനും യോഗം തീരുമാനിച്ചു.
എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വിമുക്തി പ്രചരണ ജാഥ സംഘടിപ്പിക്കും. സൈക്കിള്‍ ക്ലബ്ബുകളുമായി സഹകരിച്ച് സൈക്കിള്‍ റാലികള്‍ സംഘടിപ്പിക്കും.
വാര്‍ഡുതല സമിതികള്‍ ലഘുലേഖ തയ്യാറാക്കി എല്ലാ വീടുകളിലും എത്തിക്കും. അതിഥി തൊഴിലാളികള്‍ക്കിടയില്‍ ബോധവത്കരണം ശക്തമാക്കാനും യോഗം തീരുമാനിച്ചു.
ലഹരിയുടെ പ്രഭവ കേന്ദ്രങ്ങള്‍, ടര്‍ഫുകള്‍ എന്നിവിടങ്ങളില്‍ പട്രോളിംഗ് ശക്തിപ്പെടുത്താനും നിര്‍ദ്ദേശമുണ്ടായി.
കുട്ടികളിലെ സ്വഭാവ വ്യത്യാസങ്ങള്‍ മനസ്സിലാക്കാന്‍ രക്ഷിതാക്കളും അധ്യാപകരും ഇടപെടല്‍ നടത്തേണ്ടതിനെക്കുറിച്ചും കൗണ്‍സലിംഗ് നല്‍കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്തു.
ലഹരിവസ്തുക്കളുടെ ഉറവിടം കണ്ടെത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ഊര്‍ജ്ജിതമാക്കും.
ജില്ലാ പഞ്ചായത്ത് വീഡിയോ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ തലശ്ശേരി നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.എം.ജമുനാറാണി, തളിപ്പറമ്പ് നഗരസഭ അധ്യക്ഷ ബി മുര്‍ഷിദ, ആന്തൂര്‍ നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍ കെ.പി.ഉണ്ണികൃഷ്ണന്‍,
കോര്‍പറേഷന്‍ സ്ഥിരം സമിതി അധ്യക്ഷന്‍ സുരേഷ്ബാബു എളയാവൂര്‍, പയ്യന്നൂര്‍ നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ ടി.പി.സമീറ, വി.വി.സജിത, കൂത്തുപറമ്പ് നഗരസഭ അംഗം പി.ജയറാം,
ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ കെ.എസ്.ഷാജി, ഹുസൂര്‍ ശിരസ്തദാര്‍ പി.പ്രേംരാജ്, ഡെപ്യൂട്ടി ഡിഎംഒ ഡോ.എം.പ്രീത,
തളിപ്പറമ്പ് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ് പ്രിവന്റീവ് ഓഫീസര്‍ വി.വി.ഷാജി, എസ് ഐ സി.വി.തമ്പാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. തദ്ദേശ സ്ഥാപന പ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
