കൊവിഡ് മരണം: ആശ്രിതര്‍ക്ക് പ്രത്യേക വായ്പ

കണ്ണൂര്‍: കൊവിഡ് മൂലം മരണമടഞ്ഞ പട്ടികജാതിയില്‍പ്പെട്ടവരുടെ അടുത്ത കുടുംബാംഗങ്ങള്‍/ ആശ്രിതര്‍ക്കായി സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ നടപ്പാക്കുന്ന ‘സ്‌മൈല്‍’ വായ്പാ പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു.

പ്രധാന വരുമാനദായകന്റെ മരണം മൂലം ഉപജീവനമാര്‍ഗം അടഞ്ഞ കുടുംബങ്ങളുടെ പുനരുജ്ജീവനത്തിനായി ദേശീയ പട്ടികജാതി ധനകാര്യ വികസന കോര്‍പ്പറേഷന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

മരണമടഞ്ഞ വ്യക്തി കുടുംബത്തിന്റെ പ്രധാന വരുമാനദായകനാണെങ്കില്‍ അയാളുടെ തൊട്ടടുത്ത കുടുംബാംഗത്തിന്/ ആശ്രിതന് അപേക്ഷിക്കാം.

പരമാവധി അഞ്ച് ലക്ഷം രൂപ വരെ മുതല്‍ മുടക്ക് ആവശ്യമുള്ള സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കാന്‍ കുറഞ്ഞ പലിശനിരക്കില്‍ വായ്പ ലഭിക്കും.

മൊത്തം പദ്ധതി തുകയില്‍ മൂന്ന് മുതല്‍ അഞ്ച് ശതമാനം ഗുണഭോക്തൃ വിഹിതം അടക്കണം.

പലിശ നിരക്ക് പ്രതിവര്‍ഷം 4.5 ശതമാനം. തിരിച്ചടവ് കാലയളവ് അഞ്ച് വര്‍ഷം. അപേക്ഷകന്റെ കുടുംബ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപയില്‍ കവിയരുത്.

പ്രധാന വരുമാനദായകന്‍ മരിച്ചത് കൊവിഡ് മൂലമാണ് എന്ന് തെളിയിക്കുന്നതിനാവശ്യമായ സര്‍ട്ടിഫിക്കറ്റും അപേക്ഷകനും മരിച്ചയാളും തമ്മിലുള്ള ബന്ധം സ്ഥിരീകരിക്കുന്ന ആധികാരിക രേഖയും ഹാജരാക്കണം.

താല്‍പര്യമുള്ളവര്‍ ഫെബ്രുവരി 26-നകം തളാപ്പിലുള്ള ജില്ലാ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0497 2705036, 9400068513, 9446958777.