മൃഗക്ഷേമപ്രവര്‍ത്തകരുടെ പ്രാര്‍ത്ഥനകള്‍ വിഫലമായി, വെള്ളച്ചി കണ്ണടച്ചു.
തളിപ്പറമ്പ്: മൃഗക്ഷേമപ്രവര്‍ത്തകരുടെ പ്രാര്‍ത്ഥനകളും പരിശ്രമങ്ങളും വിഫലമായി, വെള്ളച്ചി കണ്ണടച്ചു.

കഴിഞ്ഞ രണ്ടുമാസത്തിലേറെയായി തളിപ്പറമ്പിലെ മൃഗക്ഷേമ പ്രവര്‍ത്തകനായ വേലിക്കാത്ത് രാഘവന്റെ നേതൃത്വത്തില്‍ പരിചരിച്ചുവന്ന തെരുവ്നായയാണ് ഇന്ന് ഉച്ചയോടെ മരണപ്പെട്ടത്.
നഗരത്തിലെ തെരുവ്നായകള്‍ക്കും പൂച്ചകള്‍ക്കും മുടങ്ങാടെ ഭക്ഷണമെത്തിച്ചിരുന്ന സി.പി.ഐ. ജില്ലാ കൗണ്‍സില്‍ അംഗം
കൂടിയായ വേലിക്കാത്ത് രാഘവന്റെ നേതൃത്വത്തിലുള്ള മൃഗക്ഷേമപ്രവര്‍ത്തകരുടെ അരുമയായിരുന്നു വെള്ളച്ചി എന്ന നായ.
കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് നായക്ക് വാഹനമിടിച്ച് പരിക്കേറ്റത്. അന്നുമുതല്‍ നായയെ പരിചരിച്ചുവരികയായിരുന്നു.
തളിപ്പറമ്പ് വെറ്റിനറി ക്ലിനിക്കില്‍ നിന്ന് ഡോക്ടര്‍മാര്‍ വന്ന് ഇഞ്ചക്ഷന് ഉള്‍പ്പടെയുള്ള മരുന്നുകള്‍ കൃത്യമായി നല്‍കുകയും മുറിവുകളില്‍ മരുന്നുവെച്ച് പരിചരിക്കുകയും ചെയ്തിരുന്നു.
മരുന്നുകളോടൊപ്പം നായക്ക് കൃത്യമായി ഭക്ഷണവും മൃഗക്ഷേമപ്രവര്‍ത്തകര്‍ എത്തിച്ചുനല്‍കിയിരുന്നു.
