മുഴക്കുന്നില്‍ മാര്‍ച്ച് ആറിന് നന്ദികേശ്വര ഉല്‍സവം-കാരൈക്കുടി മണി പങ്കെടുക്കും.
മുഴക്കുന്ന്: ഒരു സംഗീത കച്ചേരി പൂര്‍ണ്ണമാകണമെങ്കില്‍ മൃദംഗം വേണം.

ജീവന് ഓക്‌സിജന്‍ വേണ്ടതു പോലെയാണ് സംഗീതത്തിന് ലയം. മൃദംഗത്തിന്റെ ആധാരം ശ്രുതിയും ലയവുമാണ്.
ഇത് പറഞ്ഞിരിക്കുന്നത് മറ്റാരുമല്ല. ഇന്ന് മൃദംഗത്തിനു ലോക പ്രശസ്തി നേടി കൊടുക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ചിട്ടുള്ള മൃദംഗ വിദ്വാന്‍ സാക്ഷാല്‍ ഗുരു കാരൈക്കുടി മണി.
സംഗീതത്തില്‍ ത്രിമൂര്‍ത്തികളായ ശ്രീ ത്യാഗരാജ സ്വാമികള്‍, മുത്തുസ്വാമി ദീക്ഷിതര്‍, ശ്യാമശാസ്ത്രി എന്നിവരുടെ സ്മരണയില്‍ ലോകത്തിന്റെ പല ഭാഗങ്ങളിലായി സംഗീത ആരാധനകളും ഉത്സവങ്ങളും നമ്മള്‍ നടത്തിവരുന്നു.
എന്നാല്‍ ലയത്തിനു പ്രാമുഖ്യം നല്‍കി ഒരു ലയോത്സവം എന്ന ആശയം കാരൈക്കുടി മണി ഒരിക്കല്‍ സദസ്സിനു മുന്നില്‍ വെക്കുകയുണ്ടായി.
ഈ പരിപാടിയുടെ ചിട്ടക്കും സമ്പ്രദായത്തിനും ലയത്തിനോട് ചേര്‍ന്ന് നില്‍ക്കുന്ന തരത്തിലായിരിക്കണം നടത്തേണ്ടത് എന്ന് അദ്ദേഹം പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ അത്തരം ഒരു പരിപാടി ആയി ഇതിനെ രൂപപ്പെടുത്തുടുത്തുന്നതില്‍ കാരൈക്കുടി മണി പ്രത്യേകം ശ്രദ്ധിച്ചു.
മൃദംഗം ദേവവാദ്യമാണ്. മഹാവിഷ്ണുവിനാല്‍ ഉത്ഭവിച്ചു എന്ന് പറയുന്നുണ്ടെങ്കിലും, പരമശിവന്റെ വാഹനമായ നന്ദികേശനുമായി ബന്ധപ്പെട്ടാണ് ഈ വാദ്യത്തെ പുരാണങ്ങളില്‍ പരാമര്‍ശിച്ചു പോരുന്നത്.
അതിനാല്‍ തന്നെ മണി ഈ ഉത്സവത്തിന് നന്ദികേശ്വര ഉത്സവം എന്ന് പേരും നല്‍കി. താള ലയവിന്യാസമാണ് മൃദംഗത്തിന്റെ ആധികാരികത. ചതുര്‍രത്‌നം എന്ന നാല് കീര്‍ത്തനങ്ങള്‍ പാടി തുടക്കം
കുറിക്കുന്ന നന്ദികേശ്വരാ ഉത്സവം, താളത്തിനും അതിന്റെ കണക്കു വഴക്കങ്ങള്‍ക്കും പ്രത്യേക ഊന്നല്‍ നല്‍കിയുള്ള സംഗീത രീതികളായിരിക്കും പരിപാടിയില്‍ ഉടനീളം സമന്വയിപ്പിക്കുക.
മൃദംഗം ഒരു ക്ഷേത്രമാണെങ്കില്‍ അതിന്റെ കൊടിമരം സാക്ഷാല്‍ പാലക്കാട് മണിഅയ്യരാണെന്ന് ഒരിക്കല്‍ കാരൈക്കുടി മണി പറയുകയുണ്ടായി. അദ്ദേഹത്തിനോടുള്ള ആദരസൂചകമായി ആദ്യത്തെ നന്ദികേശ്വര ഉത്സവം കൊണ്ടാടിയത് പാലക്കാട് തന്നെയാണ്.
ആ പരിപാടിയുടെ പൂര്‍ണ്ണ ചെലവും ഏറ്റെടുത്തു നടത്താനും കാരൈക്കുടി മണി തയ്യറായി.
പിന്നീട് കോഴിക്കോടും, ലണ്ടനിലും ആസ്‌ട്രേലിയയിലും അതിഗംഭീരമായി അദ്ദേഹം തന്നെ ഏറ്റെടുത്തു നടത്തി. ഈ വര്‍ഷം നന്ദികേശ്വര ഉത്സവം നടത്തുവാനായി മണി തെരെഞ്ഞെടുത്തിരിക്കുന്നത് മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രമാണ്.
ചരിത്രം കൊണ്ടും, മഹിമകൊണ്ടും എന്തുകൊണ്ടും ഏറ്റവും അനുയോജ്യമായ ഒരു പുണ്യസ്ഥലത്തു നന്ദികേശ്വര ഉത്സവം പോലുള്ള പരിപാടി നടക്കുക എന്നുള്ളത് കലാലോകത്തിനു വലിയ മുതല്‍ക്കൂട്ടാണ്.
ഭാരതത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും വരുന്ന പ്രശസ്ത സംഗീതജ്ഞര്‍ കണ്ണൂര്‍ മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രത്തില്‍ മാര്‍ച്ച് ആറാം തിയതി രാവിലെ 8.15 മുതല്‍ നന്ദികേശ്വരാ ഉത്സവത്തില്‍ പങ്കുകൊള്ളും. രാവിലെ ക്ഷേത്രത്തിനകത്ത് വെച്ചാണ് ഉദ്ഘാടനം നടക്കുക.
