പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ ഉന്നതോദ്യോഗസ്ഥര്‍ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ചു.

പരിയാരം: പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ ഉന്നതോദ്യോഗസ്ഥര്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ചു.

ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സതേണ്‍ റീജിയണ്‍ സെന്ററിലെ ചീഫ് ജനറല്‍ മാനേജര്‍ (എച്ച്.ആര്‍) മിതിലേഷ് കുമാര്‍, ഹരിയാനയിലെ ഗുഡ്ഗാവ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന

ഓഫീസിലെ ചീഫ് ജനറല്‍ മാനേജര്‍ (എച്ച്.ആര്‍) ബി കെ മുണ്ടു, സീനിയര്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ കെ.ടി.അവിനാഷ് എന്നിവരാണ് മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ച്,

പ്രിന്‍സിപ്പാള്‍ ഡോ കെ അജയകുമാര്‍, ആശുപത്രി സൂപ്രണ്ട് ഇന്‍ ചാര്‍ജ് ഡോ.ഡി.കെ.മനോജ്, മെഡിക്കല്‍ കോളേജിലെ സെന്‍ട്രല്‍ ഫണ്ട് സ്‌കീം നോഡല്‍ ഓഫീസര്‍ ഡോ.വിമല്‍റോഹന്‍, ആര്‍.എം.ഒ ഡോ. എസ്.എം.സരിന്‍ എന്നിവരുമായി ചര്‍ച്ച നടത്തിയത്.

കോവിഡ് ആദ്യഘട്ട വ്യാപന സാഹചര്യത്തില്‍ വെന്റിലേറ്റര്‍ ഉള്‍പ്പടെ ആശുപത്രിയിലെ ചികിത്സാ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി സി.എസ്.ആര്‍ ഫണ്ടില്‍ നിന്നും പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ഒന്നരക്കോടി രൂപ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിന് അനുവദിച്ചിരുന്നു.

അന്ന് പാര്‍ലമെന്റ് അംഗമായിരുന്ന കെ.കെ രാഗേഷ് ഇടപെട്ടാണ് കോവിഡ് സമയത്ത് ഈ സ്ഥാപനത്തിന്റെ സി.എസ്.ആര്‍ ഫണ്ടില്‍ നിന്നും മെഡിക്കല്‍ കോളേജിന് തുക ലഭ്യമാക്കിയത്.

ആശുപത്രിയിലെ കോവിഡ് പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തി രേഖപ്പെടുത്തിയ ഉന്നതോദ്യോഗസ്ഥര്‍, ഇത്തരത്തിലുള്ള വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ഇനിയും സഹായം വാഗ്ദാനം ചെയ്താണ് മടങ്ങിയത്.