ഇത് മേഴ്‌സി മാഡം ഡാ–പരാതി നല്‍കി രണ്ട് മണിക്കൂറിനകം നടപടി പൂര്‍ത്തിയായി-അപകടകുഴിയടക്കല്‍ ആരംഭിച്ചു-

തളിപ്പറമ്പ്: പരാതി നല്‍കി രണ്ട് മണിക്കൂറിനകം റോഡിലെ അപകടകുഴിയടക്കല്‍ ആരംഭിച്ചു.

ഇന്ന് രാവിലെ 10.30 ന് നടന്ന താലൂക്ക് വികസനസമിതി യോഗത്തിലാണ് റിക്കാര്‍ഡ് സമയത്തിനുള്ളില്‍ തീരുമാനം നടപ്പിലാക്കിയത്.

തളിപ്പറമ്പ് കോടതി റോഡില്‍ നിന്ന് ചിന്‍മയ വിദ്യാലയത്തിലേക്ക് പോകുന്ന റോഡില്‍ വാട്ടര്‍ അതോറിറ്റി കണക്ഷന്‍ നല്‍കാനായി റോഡിലെടുത്ത പത്തോളം കുഴികള്‍ മൂടാത്തതിനെക്കുറിച്ച്

മാധ്യമപ്രവര്‍ത്തകന്‍ കരിമ്പം.കെ.പി.രാജീവന്‍ ഇന്ന് രാവിലെ നടന്ന താലൂക്ക് വികസന സമിതി യോഗത്തില്‍ പരാതി നല്‍കിയിരുന്നു.

യോഗത്തില്‍ പങ്കെടുത്ത റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ ഇ.പി.മേഴ്‌സി ഇന്നുതന്നെ കുഴി മൂടണമെന്ന് നിര്‍ദ്ദേശം നല്‍കിയിരുന്നു.

അരമണിക്കൂറിനകം കുഴി ടാറിങ്ങ് നടത്തി അടക്കുവാനുള്ള നടപടി ആരംഭിച്ചു. ഒരു മണിക്കൂറിനകം കുഴിമൂടല്‍ പൂര്‍ത്തിയാവും.

കഴിഞ്ഞ രണ്ട് വര്‍ഷമായി നാട്ടുകാര്‍ അധികാരികളെ ശപിച്ചാണ് ഇതുവഴി വാഹനമോടിക്കുകയും കാല്‍നടയാത്ര നടത്തുകയും ചെയ്തിരുന്നത്.

കണ്ണൂര്‍ ഓണ്‍ലൈന്‍ ന്യൂസ് ആദ്യമായി പ്രസിദ്ധീകരിച്ച ഈ അവസ്ഥ പിന്നീട് മറ്റ് നിരവധി മാധ്യമങ്ങളില്‍ ഈ വിഷയം വാര്‍ത്തയായിരുന്നുവെങ്കിലും തീരുമാനമാകാന്‍ ഒടുവില്‍ താലൂക്ക് വികസനസമിതിയില്‍ പരാതി നല്‍കേണ്ടി വന്നു.

വികസനസമിതിക്ക് തീരുമാനമെടുക്കാന്‍ കഴിവില്ലെന്ന് വിമര്‍ശിച്ചിരുന്ന ചിലര്‍ അധികാരം ജനോപകാരപ്രദമായി ഉപയോഗിക്കാന്‍ കഴിവുള്ള ഉദ്യോഗസ്ഥരെ ഇതിലൂടെ തിരിച്ചറിയേണ്ടതുണ്ട്. മേഴ്‌സിമാഡത്തിന് ഒരു ബിഗ് സല്യൂട്ട്.