കുന്നോ-അത് ഞങ്ങളിടിച്ചു തീര്‍ക്കും–ഒറ്റയൊരുത്തനും ശബ്ദിക്കില്ല—-എന്ന് ഭൂമാഫിയ.

പരിയാരം: ചെറുതാഴം പഞ്ചായത്തില്‍ കുന്നിടിക്കല്‍ വ്യാപകം.

കുളപ്പുറം ഈസ്റ്റിലാണ് വലിയ കുന്നുകള്‍ ഭൂമാഫിയ തുരന്നു തീര്‍ക്കുന്നത്.

രാപ്പകല്‍ ഭേദമില്ലാതെ ടിപ്പറുകളില്‍ ഇവിടെ നിന്ന് മണ്ണ് കടത്തിക്കൊണ്ടിരിക്കുകയാണ്.

ഏറെ പരിസ്ഥിതി പ്രാധാന്യമുള്ള ഈ പ്രദേശത്ത് ഏതാനും മാസങ്ങളായി ഭൂമാഫിയ കുന്നുകളിടിക്കാന്‍ ശ്രമം നടത്തിവരികയായിരുന്നെങ്കിലും നാട്ടുകാരുടെ ചെറുത്ത്‌നില്‍പ്പ് കാരണം നടന്നിട്ടില്ല.

ഇപ്പോള്‍ ജിയോളജിയുടെ അംഗീകാരത്തോടെയാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് വലിയ കുന്നുകള്‍ തുരന്നുതീര്‍ക്കുന്നത്.

നാട്ടുകാര്‍ വിവരം വില്ലേജ് അധികൃതരെ അറിയിച്ചിട്ടുണ്ടെങ്കിലും നടപടികളെടുക്കാന്‍ തയ്യാറായിട്ടില്ല.

വിവരം പയ്യന്നൂര്‍ തഹസില്‍ദാറെയും തളിപ്പറമ്പ് അര്‍.ഡി.ഒയേയും അറിയിച്ച നാട്ടുകാര്‍ നാളെ മണ്ണെടുക്കല്‍ തടയാന്‍ തീരുമാനിച്ചിട്ടുണ്ട്.

വിഷു-ഈസ്റ്റര്‍ അവധി ദിനങ്ങള്‍ ഉപയോഗപ്പെടുത്തി റവന്യൂ ഇടപെടലിന് മുമ്പായി കുന്ന് മുഴുവന്‍ തീര്‍ക്കാനുള്ള ശ്രമത്തിലാണ് ഭൂമാഫിയ.