കാത്ത്‌ലാബ് കേടുവരുത്തി കാര്‍ഡിയോളജി വിഭാഗത്തെ തകര്‍ക്കാന്‍ ശ്രമം-കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിനെ നശിപ്പിക്കാന്‍ ശ്രമിക്കുന്നത് അകത്തുള്ളവര്‍ തന്നെ-
പുറത്ത് വരുന്ന വിവരങ്ങള്‍ ഞെട്ടിക്കുന്നത്-
പരിയാരം: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ കാത്തിലാബിന് കേടുവരുത്തിയ സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കാത്തതില്‍ ദുരൂഹത.

ആറ് കോടി രൂപ ചെലവില്‍ സ്ഥാപിക്കുകയും രണ്ട് മാസം മുമ്പ് ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്യുകയും ചെയ്ത പുതിയ കാത്ത്‌ലാബ് നശിപ്പിക്കാനുള്ള ശ്രമം പൊതുമുതല്‍ നശിപ്പിക്കല്‍
വകുപ്പില്‍(പി.ഡി.പി.പി) ഗുരുതരമായ ജാമ്യമില്ലാ വകുപ്പുപ്രകാരമുള്ള കേസാണെങ്കിലും അത് ഒളിപ്പിച്ചുവെക്കാന്‍ ശ്രമം നടത്തിയതായി വിവരം പുറത്തായിട്ടുണ്ട്.
കാത്ത്‌ലാബില്‍ നിന്ന് അമിതമായ റേഡിയേഷന്‍ ഉണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ രണ്ട് ഡോക്ടര്‍മാരും 2 നേഴ്‌സുമാരും ശ്രമിച്ചത് സംബന്ധിച്ച് മെഡിക്കല്‍ കോളേജ് അധികൃതര്‍ നിയോഗിച്ച കമ്മീഷന്‍ അന്വേഷണം നടത്തിവരികയാണ്.
ഇന്നോ നാളെയോ ഇത് സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കുമെന്നാണ് ലഭിക്കുന്ന സൂചന.
സംഭവത്തിന് ഉത്തരവാദിയെന്ന് കരുതുന്ന ഒരു ഡോക്ടര്‍ നേരത്തെ അച്ചടക്ക നടപടികള്‍ക്ക് വിധേയനായ ആളാണത്രേ.
കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ഹൃദയശസ്ത്രക്രിയകള്‍ നടത്തുന്നത് അട്ടിമറിക്കാന്‍ ചില സ്വകാര്യ ആശുപത്രി ലോബികള്‍ കൊണ്ടുപിടിച്ച് ശ്രമിക്കുന്നുണ്ട്.
കഴിഞ്ഞയാഴ്ച്ച ചികില്‍സക്കെത്തിയ ഒരു പാവപ്പെട്ടരോഗിയെ ഇവിടെ ശസത്രക്രിയ താമസിക്കുമെന്നും, സ്വകാര്യ ആശുപത്രിയില്‍ ചെന്നാല്‍ പെട്ടെന്ന് നടക്കുമെന്ന് പറഞ്ഞ് തിരിച്ചുവിട്ട സംഭവത്തെക്കുറിച്ച് ആരോഗ്യവകുപ്പ് അധികൃതര്‍ക്ക് പരാതി ലഭിച്ചിട്ടുണ്ട്.
രണ്ട് ലക്ഷം രൂപയാണ് ഇതിന് രോഗിക്ക് ചെലവായത്. ആശുപത്രിഫീസടക്കാന്‍ നാട്ടില്‍ നിന്ന് പിരിവെടുക്കേണ്ടി വന്ന ദുരവസ്ഥയേക്കുറിച്ച് ജനകീയാരോഗ്യ പ്രവര്‍ത്തകരാണ് പരാതി നല്‍കിയത്.
കോടികള്‍ ചെലവഴിച്ച് മെഡിക്കല്‍ കോളേജ് ആശുപത്രി ജനോപകാരപ്രദമാക്കി മാറ്റാന്‍ സര്‍ക്കാറും ആരോഗ്യവകുപ്പും നിരവധി കാര്യങ്ങള്‍ ചെയ്യുന്നുണ്ടെങ്കിലും ആശുപത്രിയിലെ ഒരു വിഭാഗം തന്നെ ഇതിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നത് ഗൗരവത്തില്‍ തന്നെയാണ് ആരോഗ്യവകുപ്പ് കാണുന്നത്.
മാസങ്ങള്‍ക്ക് മുമ്പ് ഓപ്പറേഷന്‍ തിയേറ്ററില്‍ നിന്നും 7 ലക്ഷം രൂപ വിലവരുന്ന ലാവിഞ്ചോസ്‌കോപ്പി എന്ന ഉപകരണം മോഷണം പോയെങ്കിലും പോലീസ് അന്വേഷണത്തിനിടയില്‍ അത് തിരിച്ചെത്തിക്കുകയും തുടരന്വേഷണം അട്ടിമറിക്കപ്പെടുകയും ചെയ്തിരുന്നു.
അതുപോലെ കാത്ത്‌ലാബ് തകര്‍ക്കാനുള്ള ശ്രമവും ഒതുക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.
അതിനിടെ നിയമിതരായ പോസ്റ്റുകളില്‍ നിന്നും മാറി മറ്റ് ജോലി ചെയ്തുവന്ന രണ്ടുപേരെ സ്ഥലംമാറ്റിയതിന്റെ പേരില്‍ ഒരുവിഭാഗം
ജീവനക്കാര്‍ സംഘടിച്ച് പ്രിന്‍സിപ്പാളിനെ ഓഫീസില്‍ കയറി തെറിവിളിച്ച സംഭവവും പുറത്തുവന്നിട്ടുണ്ട്.
