ശ്വാസകോശത്തില്‍ കുടുങ്ങിയ ലോഹനിര്‍മ്മിത സ്പ്രിംഗ് പുറത്തെടുത്തു: 11 വയസുകാരന് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പുതുജന്മം
പരിയാരം : കുട്ടിയുടെ ശ്വാസകോശത്തില്‍ കുടുങ്ങിയ ലോഹനിര്‍മ്മിത സ്പ്രിംഗ് സങ്കീര്‍ണ റിജിഡ് ബ്രോങ്കോ സ്‌കോപ്പി ചികിത്സയിലൂടെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും വിജയകരമായി പുറത്തെടുത്തു.

കാസര്‍ഗോഡ് കുമ്പള സ്വദേശിയായ 11 വയസ്സുകാരന്റെ ശ്വാസകോശത്തിന്റെ വലത്തേ അറയില്‍ കുടുങ്ങിയ രണ്ടു സെന്റീമീറ്ററോളം വലിപ്പമുള്ള സ്പ്രിംഗാണ് വിജയകരമായി പുറത്തെടുത്തത്.
മുമ്പെപ്പോഴോ അബദ്ധത്തില്‍ വിഴുങ്ങിയതാണ് ഈ സ്പ്രിംഗ്. മൂന്ന് കഷ്ണങ്ങളായി മാറിയതിനാല്‍ അതിന്റെ പ്രതിസന്ധിയും ചികിത്സാഘട്ടത്തില്‍ അഭിമുഖീകരിക്കേണ്ടിവന്നു.
രണ്ട് മാസത്തിലേറെയായി വിട്ടുമാറാത്ത കടുത്ത ചുമയും ശ്വാസതടസ്സവും കാരണം കുട്ടി ബുദ്ധിമുട്ടുകയായിരുന്നു.
ചികിത്സയ്ക്ക് ശേഷം ഇടയ്ക്ക് ചെറിയ ശമനം കിട്ടുമെങ്കിലും അസുഖം വീണ്ടും മൂര്‍ച്ഛിക്കുന്നത് പതിവായതോടെയാണ് കുമ്പള സഹകരണ ആശുപത്രിയില്‍ ചികിത്സ തേടിയത്.
അവിടെ നിന്നും കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു.
ഗവ.മെഡിക്കല്‍ കോളേജിലെ ശ്വാസകോശ വിഭാഗത്തില്‍ നടത്തിയ വിദഗ്ദ പരിശോധനയില്‍ കുട്ടിയുടെ വലത്തേ ശ്വാസകോശത്തില്‍ എന്തോ ഒന്ന് കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തുകയായിരുന്നു.
എന്തെങ്കിലും വിഴുങ്ങിരുന്നോ എന്ന് അന്വേഷിച്ചെങ്കിലും അങ്ങനെയൊന്ന് കുട്ടിയുടേയോ രക്ഷിതാക്കളുടേയോ ഓര്‍മ്മയില്‍ ഉണ്ടായിരുന്നില്ല. ലോഹനിര്‍മ്മിത സ്പ്രിംഗ് കുടുങ്ങി,
ശ്വാസകോശത്തിലെ പ്രസ്തുത ഭാഗം അടഞ്ഞു കിടന്നതിനാല്‍ കഫം ഉള്‍പ്പടെ കെട്ടിക്കിടന്ന് അണുബാധയും അപകടാവസ്ഥയും സൃഷ്ടിക്കപ്പെട്ടിരുന്നു.
ഇതോടെ, കുട്ടിക്ക് അടിയന്തിര ചികിത്സ ലഭ്യമാക്കുകയായിരുന്നു. അത്യാധുനിക ക്യാമറ സഹിതമുള്ള റിജിഡ് ബ്രോങ്കോസ്‌കോപ്പി ചികിത്സയിലൂടെ കുടുങ്ങിക്കിടന്ന സ്പ്രിംഗ് നിക്കം ചെയ്യുകയായി രുന്നു.
തുടര്‍ന്ന്, അടഞ്ഞുകിടന്നതിനാല്‍ കെട്ടിക്കിടന്ന് അണുബാധയുടെ തുടക്കമായ കഫവും നീക്കം ചെയ്തു. തുടര്‍ന്ന് രണ്ട് മണിക്കൂര്‍ നേരം കുട്ടി നിരീക്ഷണത്തിലായിരുന്നു.
അനസ്‌തേഷ്യ നല്‍കിയായിരുന്നു പിഡിയാട്രിക് സര്‍ജറി വിഭാഗത്തിന്റെ സഹകരണത്തോടെ ശ്വാസകോശരോഗ വിഭാഗത്തിലെ ഡോക്ടര്‍മാര്‍ ചികിത്സ നടത്തിയത്.
ശ്വാസകോശവിഭാഗത്തിലെ മേധാവിയും ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ടുമായ ഡോ.ഡി.കെ.മനോജ്, ഡോ.കെ മുഹമ്മദ് ഷഫീഖ്, പീഡിയാട്രിസ് സര്‍ജറി വിഭാഗത്തിലെ ഡോ നിബി ഹസ്സന്‍, അനസ്‌തേഷ്യ വിഭാഗം മേധാവി ഡോ.ചാള്‍സ്,
ഈ വിഭാഗത്തിലെ ഡോ.വൈശാഖ്, ഡോ.രാഹുല്‍ എന്നിവരുള്‍പ്പെട്ട മെഡിക്കല്‍ സംഘമാണ് ചികിത്സ നടത്തിയതെന്നും പ്രിന്‍സിപ്പാള്‍ ഡോ.കെ.അജയകുമാറും ആശുപത്രി സൂപ്രണ്ട് ഡോ.കെ.സുദീപും
അറിയിച്ചു. കുട്ടിയുടെ ജീവന്‍ രക്ഷിച്ച ഡോക്ടര്‍മാരേയും മറ്റ് ആരോഗ്യ പ്രവര്‍ത്തകരേയും എം.വിജിന്‍ എം.എല്‍.എ അഭിനന്ദിച്ചു.
