കാത്ത്‌ലാബിന്റെ ചുളുക്ക് തീര്‍ക്കാന്‍ ചെലവ് 10 ലക്ഷം കവിഞ്ഞേക്കും-അടുത്ത ദിവസങ്ങള്‍ മെഡിക്കല്‍ കോളേജിന് നിര്‍ണായകം.
പരിയാരം: കേടുവരുത്തിയ കാത്ത്‌ലാബ് റിപ്പേര്‍ ചെയ്ത് നവീകരിക്കാനുള്ള ചെലവ് പത്ത്‌ലക്ഷം കവിഞ്ഞേക്കും.

ഭാരമേറിയ എന്തോ വസ്തുകൊണ്ട് അടിച്ച് ചുളുക്കിയ നിലയിലുള്ള 6 കോടി മുതല്‍ മുടക്കുവരുന്ന കാത്ത്‌ലാബിന്റെ കേടുവന്ന ഭാഗം പൂര്‍ണമായി നവീകരിക്കാന്‍ 9,76,000 രൂപയുടെ ചെലവുവരുമെന്നാണ് പ്രാഥമിക എസ്റ്റിമേറ്റ്.
എന്നാല്‍ ഇത് പത്ത്‌ലക്ഷം കവിയാനിടയുണ്ടെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.
ഇതിനാല്‍ തന്നെ ഇതിന്റെ ഗൗരവസ്വഭാവം ഉള്‍ക്കൊണ്ട് തന്നെയാണ് മെഡിക്കല്‍ കോളേജിലെ വിവിധ വിഭാഗങ്ങളിലെ എച്ച്.ഒ.ഡി മാരടങ്ങിയ അന്വേഷണ കമ്മീഷന്റെ നടപടികള്‍ പുരോഗമിക്കുന്നത്.
ഇതിനകം നാലോളം സിറ്റിങ്ങുകള്‍ നടത്തിക്കഴിഞ്ഞ കമ്മീഷന്‍ അതിന്റെ അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കി വരികയാണ്.
പഴുതടച്ചുകൊണ്ടുള്ള വിശദമായ റിപ്പോര്‍ട്ടാണ് സമര്‍പ്പിക്കുക. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും പോലീസില്‍ പരാതി നല്‍കുക.
ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിച്ചതിന് പി.ഡി.പി.പി വകുപ്പ് ഉള്‍പ്പെടെ ചുമത്തിയേക്കുമെന്നാണ് വിവരം.
ഈ വിവരം പുറത്തായതോടെ ഇതുമായി ബന്ധപ്പെട്ട ചിലര്‍ പ്രമുഖരായ ഹൈക്കോടതി അഭിഭാഷകരെ കണ്ട് മുന്‍കൂര്‍ജാമ്യത്തിന് ശ്രമിക്കുന്നതായും സൂചനയുണ്ട്.
ഏതായാലും വരും ദിവസങ്ങളില്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിനെ സംബന്ധിച്ച് നിര്‍ണായകമായ ചില സംഭവങ്ങള്‍ ഉണ്ടായേക്കുമെന്നത് ഉറപ്പായിരിക്കയാണ്.
