മുക്കുറ്റീ തിരുതാളീ-ഭരതന്റെ ആരവം @45.
ഭരതന്‍ കഥ, തിരക്കഥ, സംഭാഷണം, കലാസംവിധാനം എന്നിവ നിര്‍വ്വഹിച്ച് സംവിധാനം ചെയ്ത സിനിമയാണ് ആരവം. ക്രിയേറ്റീവ് യൂണിറ്റിന്റെ ബാനറില്‍ സിനിമ നിര്‍മ്മിച്ചത് ഭരതനും നടന്‍ ബഹദൂറും ചേര്‍ന്നാണ്. 1978 നവംബര്‍-24 നാണ് 45 വര്‍ഷം മുമ്പ് ഇതേ ദിവസം ആരവം റിലീസ് ചെയ്തത്. ചലച്ചിത്ര വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ഒരസാധാരണ സിനിമയാണ് ആരവം. ഒരു കുഗ്രാമത്തിലെ സാധാരണക്കാരായ മനുഷ്യര്‍ക്കിടയിലേക്ക് ഗ്രാമത്തില്‍ ഒരു സര്‍ക്കസ് കമ്പനി വരുന്നതോടെ സംഭവിക്കുന്ന മാറ്റങ്ങളും സര്‍ക്കസ് കമ്പനിയുടെ ദുരന്തവും ഒക്കെ ചേര്‍ന്ന് ലോക ക്ലാസിക് നിലവാരമുള്ള സിനിമയാണ് ആരവം. നെടുമുടിവേണു അവതരിപ്പിച്ച മരുത് എന്ന നായ കഥാപാത്രത്തെ ഇന്ത്യന്‍സിനിമയില്‍ മറ്റാര്‍ക്കെങ്കിലും അവതരിപ്പിയ്ക്കാന്‍ കഴിയുമോ എന്നു സംശയിയ്ക്കുന്ന രീതിയിലാണ് വേണു അവതരിപ്പിച്ചത്. ഈ കഥാപാത്രത്തിന്റെ അടിസ്ഥാന സ്വഭാവം തന്നെ മനുഷ്യനും മൃഗവുമല്ലാത്ത അവസ്ഥയായിരുന്നു.
മുക്കൂറ്റി തിരുതാളീ എന്ന പാട്ടുപാടിക്കൊണ്ടുള്ള വരവ് ഒന്നുകാണേണ്ടത് തന്നെയാണ്. ചായക്കടക്കാരി പ്രമീള, സര്‍ക്കസ്സിലെ സ്വര്‍ണ്ണമുടിക്കാരിയായ സുചിത്ര, പിന്നെ ബഹദൂര്‍, പ്രതാപ് പോത്തന്‍, കെ.പി.എ.സി.ലളിത, മണിയന്‍പിള്ള രാജു, മണവാളന്‍ ജോസഫ്, ജനാര്‍ദ്ദനന്‍, പട്ടം സദന്‍, കോട്ടയം ശാന്ത എന്നിവരാണ് പ്രധാന വേഷങ്ങളില്‍. കാവാലം നാരായണ പണിക്കര്‍-എം.ജി.രാധാകൃഷ്ണന്‍ ടീമാണ് ഗാനങ്ങളൊരുക്കിയത്. സിനിമയുടെ ഗ്രാമീണത്തനിമ നമുക്ക് ഗാനങ്ങളിലും അനുഭവിയ്ക്കാം. മുക്കൂറ്റീ തിരുതാളീയിലൊക്കെ കേട്ടതുപോലെ കേരളത്തിന്റെ നാടന്‍സംഗീതത്തിന്റെ താളവും ഭാവവും അപ്പൂര്‍വ്വമായി മാത്രമേ മലയാള ഗാനങ്ങളില്‍ കേട്ടിട്ടുള്ളു. ജോണ്‍സണ്‍-ഔസേപ്പച്ചന്‍ ടീമാണ് പശ്ചാത്തലസംഗീതം.(സിനിമയില്‍ സര്‍ക്കസിലെ ബാന്റ് ട്രൂപ്പ് അംഗമായ വയലിനിസ്റ്റായി ഔസേപ്പച്ചന്‍ അഭിനയിക്കുന്നുമുണ്ട്. സര്‍ക്കസ് ടെന്റിന് തീപിടിക്കുകയും അവസാനം നാടൊന്നാകെ ഓടുകയും ചെയ്യുമ്പോള്‍ വയലില്‍ വായിച്ചുകൊണ്ട് നടന്നുനീങ്ങുന്ന കഥാപാത്രം).
ശിവ എന്റര്‍പ്രൈസസ് വിതരണം ചെയ്ത സിനിമയുടെ ക്യാമറ അശോക്കുമാര്‍, എഡിറ്റര്‍ എന്‍.പി സുരേഷ്, പരസ്യം നീതി കൊടുങ്ങല്ലൂര്‍.
ഗാനങ്ങള്‍–
1-ഏഴു നിലയുള്ള ചായക്കട-അമ്പിളി.
2-ജില്ലം ജില്ലം-യേശുദാസ്.
3-കാറ്റില്‍ തെക്കന്നം കാറ്റില്‍-എസ്.ജാനകി.
4-മുക്കുറ്റി തിരുതാളി-യേശുദാസ്.