അപമാനമ്യൂസിയം പൊളിച്ചുനീക്കി, പുനര്‍നിര്‍മ്മിക്കുമെന്ന് ഡോ.പി.ജയരാജ്.

തളിപ്പറമ്പ്: കര്‍ഷക ശാസ്ത്രജ്ഞന്‍ മുതുകുളം കുഞ്ഞേട്ടന് അപമാനകരമായ മ്യൂസിയസ്മാരകം നവീകരിക്കാനായി അധികൃതര്‍ പൊളിച്ചുനീക്കി.

2008 ല്‍ കണ്ണൂര്‍ കൃഷിവിജ്ഞാനകേന്ദ്രത്തില്‍ നടന്ന ആദ്യത്തെ കര്‍ഷക ശാസ്ത്ര കോണ്‍ഗ്രസിന്റെ ഭാഗമായി 2010 ല്‍ സ്ഥാപിച്ച ദര്‍.എം.ജെ.ജോസഫ് സ്മാരക കര്‍ഷകശാസ്ത്രമ്യൂസിയമാണ് ഇന്നലെ പൊളിച്ചത്.

കെവികെ കണ്ണൂരില്‍ ആദ്യമായി കര്‍ഷക ശാസ്ത്ര കോണ്‍ഗ്രസ് സംഘടിപ്പിച്ചതിന്റെ അനുഭവത്തില്‍ നിന്ന് കര്‍ഷകരുടെ വിവിധങ്ങളായ കണ്ടുപിടുത്തങ്ങള്‍ പ്രദര്‍ശിപ്പിക്കാനും പഠനം നടത്താനുമായി സ്ഥാപിച്ചതാണ് മ്യൂസിയം.

കുഞ്ഞേട്ടന്‍ എന്നറിയപ്പെടുന്ന ഒരു നൂറ്റാണ്ടോളം ജീവിച്ച ഏറ്റവും മികച്ച കര്‍ഷക ശാസ്ത്രജ്ഞനുള്ള ആദ്യത്തെ ‘ദര്‍ പദവി നേടിയ കര്‍ഷക ശാസ്ത്ര പിതാവ് എന്നറിയപ്പെടുന്ന എം.ജെ.ജോസഫിന്റ പേരില്‍ സ്ഥാപിച്ച മ്യൂസിയം ഒരു കര്‍ഷകന്റെ പേരില്‍ സര്‍ക്കാര്‍ കാര്‍ഷികകേന്ദ്രത്തില്‍ സ്ഥാപിതമാവുന്ന ആദ്യത്തെ സംരംഭമായിരുന്നു.

നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ പണിത മ്യൂസിയം 2010 മെയ് 25 നായിരുന്നു ഉദ്ഘാടനം ചെയ്തത്. നബാര്‍ഡിന്റെ അന്നത്തെ ചീഫ് ജനറല്‍ മാനേജര്‍ ശശിധര്‍ ഉദ്ഘാടനം ചെയ്ത മ്യൂസിയത്തിന്റെ നിര്‍മ്മാണച്ചെലവ് 8.1 ലക്ഷം രൂപയാണ്.

എന്നാല്‍ പ്ലാസ്റ്റര്‍ ഓഫ്പാരീസ് ഉപയോഗിച്ച് തട്ടിക്കൂട്ടിയ സ്മാരകത്തിന്റെ നിര്‍മ്മാണത്തേക്കുറിച്ച് അന്നേതന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു.

ഇതിനാകട്ടെ പഞ്ചായത്ത് നമ്പറും ഉണ്ടായിരുന്നില്ല. കഴിഞ്ഞ എട്ടുവര്‍ഷത്തോളമായി അപകടാവസ്ഥയായതിനാല്‍ അടച്ചുപൂട്ടിയം മ്യൂസിയം പുനര്‍നിര്‍മ്മിക്കാന്‍ കേരള കാര്‍ഷിക സര്‍വകലാശാല നിര്‍ദ്ദേശം നല്‍കിയിരുന്നതായി കെ.വി.കെ. മേധാവി ഡോ.പി.ജയരാജ് പറഞ്ഞു.

തെങ്ങുകയറ്റയന്ത്രം ഉള്‍പ്പെടെ നിരവധി കണ്ടുപിടുത്തങ്ങള്‍ നടത്തിയ ചെമ്പേരി സ്വദേശിയായ മുതുകുളം കുഞ്ഞേട്ടന്റെ പേരിലുള്ള മ്യൂസിയം ആധുനിക സൗകര്യത്തോടെ 95 ലക്ഷം രൂപ ചെലവിലാണ് പുനര്‍നിര്‍മ്മിക്കുന്നതെന്ന് ഡോ.പി.ജയരാജ് പറഞ്ഞു.