എം.എല്‍.എ സ്ഥാനം രാജിവെക്കില്ല, സി.പി.എം ബന്ധം ഉപേക്ഷിച്ച് അന്‍വര്‍.
മലപ്പുറം: എംഎല്‍എ സ്ഥാനം രാജിവെയ്ക്കില്ലെന്ന് പി വി അന്‍വര്‍ എംഎല്‍എ. പൊട്ടനാണ് പ്രാന്തന്‍. ആ പ്രാന്ത് എനിക്ക് ഇല്ല. ഈ മൂന്ന് അക്ഷരം ജനങ്ങള്‍ എനിക്ക് തന്നതാണ്. ആ പൂതിവെച്ച് ആരും നില്‍ക്കണ്ട. മരിച്ചുവീഴുന്നത് വരെ, ഈ ഒന്നേമുക്കാല്‍ കൊല്ലം ഞാന്‍ ഉണ്ടെങ്കില്‍ എംഎല്‍എ ഉണ്ടാവും. അതിന് അടിയില്‍ വെറെ എന്തെങ്കിലും സംഭവിച്ചാല്‍ ഓകെ. എംഎല്‍എ ഇപ്പോ രാജിവെയ്ക്കോ, എംഎല്‍എ ഇപ്പോ രാജിവെയ്ക്കോ ആ പൂതി ആര്‍ക്കും വേണ്ട’-പി.വി.അന്‍വര്‍ എംഎല്‍എ മാധ്യമങ്ങളോട് പറഞ്ഞു.
ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ചിട്ടുണ്ട്. ജനങ്ങളാണ് എന്നെ തെരഞ്ഞെടുത്ത് അയച്ചത്. ഭാവി പരിപാടികള്‍ അവിടെ വച്ച് തീരുമാനിക്കും. ഞാന്‍ മറ്റൊരു പാര്‍ട്ടിയിലേക്കും പോകില്ല. കോണ്‍ഗ്രസും സിപിഎമ്മും ലീഗും തമ്മില്‍ നെക്സസ് ഉണ്ട്. ലീഗിന്റെയും കോണ്‍ഗ്രസിന്റെയും നേതാക്കള്‍ പറഞ്ഞത് അന്‍വറിനെ പാര്‍ട്ടിയിലേക്ക് എടുക്കില്ല എന്നാണ്. ഇവരെ കണ്ടല്ല ഞാന്‍ നടക്കുന്നത്. ജനങ്ങള്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കും. നിയമസഭാ സമ്മേളനത്തിന്റെ ഭാഗമായുള്ള സിപിഎമ്മിന്റെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കില്ല’ അന്‍വര്‍ പറഞ്ഞു.
മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പി വി അന്‍വര്‍
സിറ്റിങ് ജഡ്ജിയെ കൊണ്ട് താന്‍ ഉന്നയിച്ച ആരോപണങ്ങള്‍ അന്വേഷിക്കാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പി വി അന്‍വര്‍ എംഎല്‍എ. എഡിജിപി എഴുതിക്കൊടുത്ത വാറോല വായിക്കേണ്ട ഗതികേടിലേക്ക് മുഖ്യമന്ത്രി എത്തിയോ എന്ന് അദ്ദേഹവും പാര്‍ട്ടിയും ആലോചിക്കണം.സിറ്റിങ് ജഡ്ജിയെ വച്ച് സത്യസന്ധരായ ഉദ്യോഗസ്ഥരെ കൊണ്ട് 158 കേസുകള്‍ പുനരന്വേഷിക്കാന്‍ മുഖ്യമന്ത്രി തയാറാണോയെന്ന് വീണ്ടും ചോദിക്കുകയാണ്. പൊലീസ് പിടികൂടുന്ന സ്വര്‍ണത്തിന്റെ പകുതി പോലും കസ്റ്റംസിനു കിട്ടുന്നില്ല. 30 മുതല്‍ 50 ശതമാനം വരെ സ്വര്‍ണം വിഴുങ്ങുകയാണ്. മുഖ്യമന്ത്രി ഇത് മനസിലാക്കണമെന്നും പി വി അന്‍വര്‍ എംഎല്‍എ പറഞ്ഞു.
കാട്ടുകള്ളനായ പി ശശിയെ താഴെ ഇറക്കണമെന്ന് ഞാന്‍ ദൃഢപ്രതിജ്ഞയെടുത്തു. മുഖ്യമന്ത്രിയെ കണ്ടപ്പോള്‍ എട്ടു മാസം മുന്‍പ് ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ ഓര്‍മ്മിപ്പിച്ചു. പി ശശിയും എഡിജിപിയും ചതിക്കുമെന്നാണ് അന്ന് ഞാന്‍ പറഞ്ഞത്. എനിക്ക് ഇപ്പോള്‍ ഒരു കാര്യം പറയാനുണ്ട്. അപ്പോള്‍ അദ്ദേഹം ചിരിച്ചു. നീ പറയൂ എന്ന് പറഞ്ഞു. 2021 ല്‍ എല്‍ഡിഎഫ് വീണ്ടും അധികാരത്തില്‍ വന്നത് സിഎമ്മിന്റെ വ്യക്തിപ്രഭാവം കൊണ്ടാണ്. ഞാന്‍ വരെ ജയിച്ചത് അങ്ങനെയാണ് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. കത്തിജ്വലിച്ചിരിക്കുന്ന ഒരു സൂര്യന്‍ ആയിരുന്നു സിഎം. പക്ഷേ സിഎം അറിയുന്നില്ല ആ സൂര്യന്‍ കെട്ടുപോയിട്ടുണ്ട്. സൂര്യന്‍ കെട്ടുപോയി കേരളത്തിലെ പൊതുസമൂഹത്തില്‍. നെഞ്ച് തട്ടിയാണ് പറയുന്നത്. സിഎമ്മിന്റെ ഗ്രാഫ് നൂറില്‍ നിന്ന് പൂജ്യത്തിലേക്ക് ഇറങ്ങിയിട്ടുണ്ട്. നാട്ടില്‍ നടക്കുന്നത് സിഎം അറിയുന്നില്ല. അത് തിരിച്ചുകയറിയിട്ടുണ്ട് പൂജ്യത്തില്‍ നിന്ന്. 25 ശതമാനം മുതല്‍ 30 ശതമാനം വരെ സാധാരണക്കാരായ ജനങ്ങള്‍ക്കും കമ്മ്യൂണിസ്റുകാര്‍ക്കും സിഎമ്മിനോട് വെറുപ്പാണ്. മുഴുവന്‍ കാരണക്കാരന്‍ അവനാണ് സിഎമ്മേ. പി ശശിയുടെ കാബിന്‍ ചൂണ്ടിക്കാണിച്ച് ഞാന്‍ പറഞ്ഞു’- പി വി അന്‍വര്‍ എംഎല്‍എ ആഞ്ഞടിച്ചു.