ആശുപത്രി കാന്റീനില്‍ കയറി മര്‍ദ്ദനം, 2 പേര്‍ക്കെതിരെ കേസ്.

ആലക്കോട്: ആശുപത്രി കാന്റീനില്‍ അതിക്രമിച്ചുകയറി നടത്തിപ്പുകാരനേയും ഭാര്യാമാതാവിനേയും മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ടു പേര്‍ക്കെതിരെ ആലക്കോട് പോലീസ് കേസെടുത്തു.

രയരോം പത്തായക്കുണ്ടിലെ നിര്‍മ്മല്‍, അപ്പു എന്നിവരുടെ പേരിലാണ് കേസ്.

എട്ടാംതീയതി വൈകുന്നേരം നാലരക്കായിരുന്നു സംഭവം. ആലക്കോട് സഹകരണ ആശുപത്രി കാന്റീന്‍ നടത്തിപ്പുകാരനായ നെല്ലിപ്പാറ ചെറൂട്ടേരി വീട്ടില്‍ സി.കെ.രാജേഷ്(48), ഭാര്യാമതാവ് നെല്ലിപ്പാറയിലെ ശ്യാമള(66) എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.

കാന്റീനിലെത്തിയ പ്രതികള്‍ രാജേഷിനെയും ഭാര്യയേയും ഭാര്യാമാതാവിനേയും അശ്ലീലഭാഷയില്‍ ചീത്തവിളിക്കുകയും മര്‍ദ്ദിക്കുകയുമായിരുന്നു.

നിര്‍മ്മലും രാജേഷിന്റെ മകളും തമ്മിലുള്ള ബന്ധത്തെ എതിര്‍ത്തതാണ് അക്രമത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.