ആവേശമായി ജോഡോ-തളിപ്പറമ്പില്‍ നിന്ന് 1100 പേര്‍-

തളിപ്പറമ്പ്: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ തളിപ്പറമ്പ് നിയോജക മണ്ഡലത്തില്‍ നിന്നും 1100 പേര്‍ പങ്കെടുക്കും.

25 ന് വൈകുന്നേരം 3 മണിക്ക് തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരി ബസ്സ്‌സ്‌റ്റോപ്പ് മുതല്‍ തൃശൂര്‍ ജില്ലയിലെ വെട്ടിക്കാട്ടിരി (ചെറുതുരുത്തി) വരെയുള്ള ഭാരത് ജോഡോ യാത്രയിലാണ് തളിപ്പറമ്പ് നിയോജക മണ്ഡലത്തിലെ നേതാക്കളും, പ്രവര്‍ത്തകരും അണിചേരുന്നത്.

ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുന്ന പ്രവര്‍ത്തകര്‍ 25 ന് രാവിലെ 5 മണിക്ക് തളിപ്പറമ്പില്‍ നിന്ന് പുറപ്പെടും.

തൃശ്ശൂരിലേക്ക് ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുന്ന പ്രവര്‍ത്തകര്‍ക്ക് പോകുവാന്‍ 20 ബസ്സുകള്‍ ഇതിനതികം തന്നെ ബുക്ക് ചെയ്തിട്ടുണ്ട്.

പരിപാടിയുടെ ഭാഗമായി ലഘുലേഖകളും, സംഭാവന കൂപ്പണുമായി പ്രവര്‍ത്തകര്‍ ഇപ്പോള്‍ ഭവന സന്ദര്‍ശനം നടത്തികൊണ്ടിരിക്കുകയാണ്.

നിയോജകമണ്ഡലത്തിലെ പ്രധാന സ്ഥലങ്ങളിലെല്ലാം ഫ്‌ളെക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കുകയും പോസ്റ്ററുകള്‍ ഒട്ടിക്കുകയും കൊടിതോരണങ്ങള്‍ കൊണ്ട് അലങ്കരിക്കുകയും ചെയ്തിട്ടുണ്ട്.

പരിപാടി വന്‍വിജയമാക്കുവാന്‍ ജില്ല ബ്ലോക്ക് മണ്ഡലം ബൂത്ത് നേതാക്കള്‍ സജീവമായി രംഗത്തുണ്ടെന്ന് ഭാരത് ജോഡോ യാത്രയുടെ നിയോജക മണ്ഡലം കോര്‍ഡിനേറ്ററും ഡി.സി.സി. ജന.സെക്രട്ടെറിയുമായ ടി. ജനാര്‍ദ്ദനന്‍ പറഞ്ഞു.

നിയോജക മണ്ഡലം സംഘാടക സമിതിയോഗം ചേര്‍ന്ന് ഭാരത് ജോഡോ യാത്രയുടെ ഒരുക്കങ്ങള്‍ വിലയിരുത്തി.

സംഘാടക സമിതി ചെയര്‍മാന്‍ ടി. ജനാര്‍ദ്ദനന്‍ അധ്യക്ഷത വഹിച്ചു.

മുന്‍ ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി ഉദ്ഘാടനം ചെയ്തു. എ.ഡി.സാബൂസ്, ഇ.ടി. രാജീവന്‍, മനോജ് കൂവേരി, എം.വി. രവീന്ദ്രന്‍, കെ.എം.ശിവദാസന്‍, രജനി രമാനന്ദ് എന്നിവര്‍ പങ്കെടുത്തു.