കാറ്റും വെളിച്ചവും തരില്ല- താലൂക്ക് വികസനസമിതി തീരുമാനം നടപ്പാക്കില്ല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം.കൃഷ്ണന്‍.

തളിപ്പറമ്പ്: വീടിന് സമീപത്ത് അപകടകരമായ രീതിയില്‍ കാറ്റും വെളിച്ചവും കടക്കാത്ത നിലയില്‍ നിര്‍മ്മിച്ച മതിലിന്റെ ഉയരം കുറക്കില്ലെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം.കൃഷ്ണന്‍ താലൂക്ക് വികസന സമിതി മുമ്പാകെ പറഞ്ഞു.

ബ്ലോക്ക് ഓഫീസ് വളപ്പിനോട് ചേര്‍ന്ന് നിര്‍മ്മിച്ച പുതിയ മതിലിന്റെ അമിതമായ ഉയരം കാരണം വീട്ടിലേക്ക് കാറ്റും വെളിച്ചവും കയറുന്നില്ലെന്നും അപകടകരമായ രീതിയിലാണ് നിര്‍മ്മിച്ചതെന്നും മതിലിന്റെ ഒരു കല്ല് ഉയരം എടുത്തുമാറ്റി സുരക്ഷ ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ട് നല്‍കിയ പരാതിയിലാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ വിശദീകരണം.

താലൂക്ക് വികസന സമിതി മുമ്പാകെ നല്‍കിയ പരാതിയില്‍ സമിതി ചുമതലപ്പെടുത്തിയ തളിപ്പറമ്പ് തഹസില്‍ദാറും നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭനും സ്ഥലം പരിശോധിച്ച് പരാതി ന്യായമായതാണെന്ന് ബോധ്യപ്പെട്ടതിനാല്‍ മതിലിന്റെ ഒരു കല്ല് എടുത്തുമാറ്റി ഉയരം കുറക്കണമെന്നും പകരം ഗ്രില്‍സ് സ്ഥാപിക്കാനുമുള്ള വികസനസമിതിയുടെ തീരുമാനം ഇന്ന് രാവിലെ നടന്ന സമിതി യോഗത്തില്‍ പ്രഖ്യാപിച്ചപ്പോഴാണ് പ്രസിഡന്റിന്റെ ധിക്കാരത്തോടൊയുള്ള മറുപടിയുണ്ടായത്.

താലൂക്ക് വികസന സമിതി മുമ്പാകെ എവിടെ വേണമെങ്കിലും പരാതി കൊടുത്തോ എന്ന് സി.എം.കൃഷ്ണന്‍ പരാതിക്കാരനെ വെല്ലുവിളിക്കുകയും ചെയ്തു.

അപകടകരമായ മതില്‍ പെളിച്ചു നീക്കി പുതുക്കിപ്പണിയണമെന്ന് പരാതി നല്‍കിയതിന് പ്രതികാരമായിട്ടാണ് അമിത ഉയരത്തില്‍ അശാസ്ത്രീയമായി മതില്‍ നിര്‍മ്മിച്ചതെന്ന പരാതിക്കാരന്റെ വാദത്തിന് ശക്തിപകരുന്നതാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ പ്രതികരണം.

പ്രമുഖ സി.പി.എം നേതാവുകൂടിയാണ് സി.എം.കൃഷ്ണന്‍.