ചോരമണമുള്ള ബോഗയിന്‍വില്ല-ഒരു വ്യത്യസ്ത ദൃശ്യാനുഭവം.

          

  കോട്ടയം പുഷ്പനാഥിന് ശേഷം മലയാള കുറ്റാന്വേഷണ നോവല്‍ശാഖയിലെ പുതിയ കാലത്തിന്റെ അവതാരമാണ്
ലാജോ ജോസ്.

പ്രസിദ്ധീകരിക്കപ്പെട്ട ആറ് നോവലുകളും വായനക്കാരെ വിഭ്രാത്മകതയുടെ ലോകത്തെത്തിച്ചു.

2019 ല്‍ എഴുതിയ റൂത്തിന്റെ ലോകം എന്ന നോവലിനെ ആസ്പദമാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത സിനിമയാണ് ബോഗയിന്‍വില്ല.

അമല്‍നീരദ് സിനിമകളുടെ പ്രത്യേകഭംഗി നിലനിര്‍ത്തുന്ന ബോഗയിന്‍വില്ല ത്രില്ലടിപ്പിക്കുന്നതിലും ഒട്ടും പിന്നിലല്ല.

കുഞ്ചാക്കോ ബോബന്‍(ഡോ.റോയിസ് തോമസ്), ജ്യോതിര്‍മയി(റീത്തു), ഫഹദ് ഫാസില്‍(ഡേവിഡ് കോശി), ഷെര്‍ഫുദ്ദീന്‍(ബിജു), വീണ നന്ദകുമാര്‍(മീര), ശ്രിദ്ധ(രമ), നിസ്താര്‍ സയ്യിദ്(ദേവസി), ഷോബി തിലകന്‍(സി.ഐ സുരേഷ് രാജന്‍) എന്നിവരാണ് പ്രധാന താരങ്ങള്‍.

അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജ്യോതിര്‍മയിയും ഉദയ പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ കുഞ്ചാക്കോ ബോബനും ചേര്‍ന്ന് നിര്‍മ്മിച്ച സിനിമയില്‍ കുഞ്ചാക്കോബോബനും  ജ്യോതിര്‍മയിയും തന്നെയാണ് തകര്‍ത്താടിയത്.

പ്രത്യേകിച്ച് ജ്യോതിര്‍മയി പ്രേക്ഷകരെ ഞെട്ടിച്ചു എന്നുതന്നെ പറയാം.

ആനന്ദ് സി.ചന്ദ്രനാണ് ക്യമറാമാന്‍, വിവേക് ഹര്‍ഷന്‍ എഡിറ്റര്‍, സുഷിന്‍ ശ്യാമിന്റെതാണ് സംഗീതം.

 ഒരു  വാഹനാപകടം നടന്ന് എട്ട് വര്‍ഷം കഴിഞ്ഞ് ശാന്തമായി ആരംഭിച്ച് വളരെ പെട്ടെന്ന് തന്നെ പുതിയൊരു കാഴ്ച്ചാലോകത്തേക്ക് പ്രേക്ഷകരെ എത്തിക്കുന്നതില്‍ സംവിധായകന്‍ വിജയിച്ചിട്ടുണ്ട്.

മലയാളിക്ക് അത്ര കണ്ട് പരിചയമില്ലാത്ത ഒരു വിഷയമാമെങ്കിലും സംവിധായകനും കഥാകൃത്തും ചേര്‍ന്ന് ഒരുക്കിയ തിരക്കഥയും സംഭാഷണങ്ങളും അതിന്റെ വിരസത ഒഴിവാക്കാന്‍ പര്യാപ്തമായിട്ടുണ്ട്.