നവകേരള സദസ് സി.പി.ഐ തളിപ്പറമ്പ് ലോക്കല്‍ കമ്മറ്റി ബഹിഷ്‌ക്കരിക്കും.

തളിപ്പറമ്പ്: ഇന്ന് വൈകുന്നേരം 4.30 ന് നടക്കുന്ന തളിപ്പറമ്പ് ഉണ്ടപ്പറമ്പിലെ നവകേരള സദസില്‍ നിന്ന് സി.പി.ഐ തളിപ്പറമ്പ് ലോക്കല്‍ കമ്മറ്റി വിട്ടുനില്‍ക്കും.

നവകേരള സദസ് സംബന്ധിച്ച ഒരു കാര്യങ്ങളും തളിപ്പറമ്പ് ലോക്കല്‍ കമ്മറ്റിയെ അറിയിച്ചിരുന്നില്ലെന്നും, അതുകൊണ്ടുതന്നെ നവകേരള സദസുമായി സഹകരിക്കേണ്ടതില്ലെന്നാണ് കമ്മറ്റി തീരുമാനിച്ചിരിക്കുന്നതെന്നും സി.പി.ഐ ജില്ലാ കൗണ്‍സില്‍ അംഗം കെ.മുരളീധരന്‍ പറഞ്ഞു.

അതേസമയം തളിപ്പറമ്പ് മണ്ഡലം കമ്മറ്റി ഉള്‍പ്പെടെ മറ്റെല്ലാ കമ്മറ്റികളും നവകേരള സദസുമായി സഹകരിക്കും.

കെ.മുരളീധരന്‍ സി.പി.എം വിട്ട് സി.പി.ഐയില്‍ ചേര്‍ന്നതിന് ശേഷം ഇവിടെ സി.പി.എം-സി.പി.ഐ കക്ഷികള്‍ തമ്മില്‍ നിരന്തരമായി ഏറ്റുമുട്ടല്‍ നടന്നുവരികയാണ്.

സി.പി.എം പ്രവര്‍ത്തകനെ മര്‍ദ്ദിച്ചതായി ആരോപിച്ച് കെ.മുരളീധരന്‍ ഉള്‍പ്പെടെ 3 സി.പി.ഐ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തതില്‍ പ്രതിഷേധിച്ച് ആഭ്യന്തര വകുപ്പിനെതിരെ സി.പി.ഐ തളിപ്പറമ്പ് പോലീസ് സ്‌റ്റേഷനിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തിയിരുന്നു.