വിജയ് നീലകണ്ഠന് ഭാരത് സേവക് സമാജ് ദേശീയ പുരസ്‌കാരം

തളിപ്പറമ്പ്: ഡല്‍ഹി ആസ്ഥാനമായ സെന്‍ട്രല്‍ ഭാരത് സേവക് സമാജിന്റെ ദേശീയ പുരസ്‌കാരത്തിന് വിജയ് നീലകണ്ഠന്‍ അര്‍ഹനായി.

പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്റു 1952-ല്‍ കേന്ദ്ര സര്‍ക്കാരിന്റെ ആസൂത്രണ കമ്മിഷനു കീഴില്‍ സ്ഥാപിച്ച ദേശീയ വികസന ഏജന്‍സിയാണ് ഭാരത് സേവക് സമാജ്.

രാജ്യത്ത് വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവര്‍ക്കുള്ള പുരസ്‌കാരമാണിത്.

പരിസ്ഥിതി-വന്യജീവി സംരക്ഷകനും, കലാ-സാംസ്‌കാരിക-സാമൂഹിക പ്രവര്‍ത്തകനും, ജീവ കാരുണ്യ പ്രവര്‍ത്തകനുമാണ് കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് സ്വദേശിയായ വിജയ് നീലകണ്ഠന്‍. കഴിഞ്ഞ മുപ്പതു വര്‍ഷമായി പ്രകൃതിയെയും വന്യജീവികളെയും സംരക്ഷിച്ചു വരുന്ന വിജയ് നീലകണ്ഠന്‍ ആയിരത്തിലധികം ബോധവല്‍ക്കരണ ക്ലാസുകളും നടത്തിയിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും നീളം കൂടിയ വിഷപാമ്പായ രാജവെമ്പാലയെ പറ്റി കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ഗവേഷണം നടത്തിവരുന്നു.

കേരള സര്‍ക്കാറിന്റെ അംഗീകൃത പാമ്പ് സംരക്ഷകനാണ്. തളിപ്പറമ്പിന്റെ സാംസ്‌കാരിക പ്രശസ്തി വീണ്ടെടുക്കാന്‍ പെരുഞ്ചെല്ലൂര്‍ സംഗീതസഭ സ്ഥാപിച്ച് ലോക പ്രശസ്തരായ സംഗീതജ്ഞരുടെ 102 കച്ചേരികള്‍ ശ്രീ രാജരാജേശ്വര ക്ഷേത്രത്തിന് സമീപത്തെ പി. നീലകണ്ഠ അയ്യര്‍ സ്മാരക മന്ദിരത്തില്‍ നടത്തി.

ഈ മേഖലകളിലെല്ലാമുള്ള പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് വിജയ് നീലകണ്ഠന് പുരസ്‌കാരം.

ഗോകുലം കീര്‍ത്തിമുദ്ര, ഹരിതരത്‌നം, ഗ്രേറ്റ് പയനീര്‍സ് സംരംഭക പുരസ്‌കാരം, പി.ആര്‍. രാമവര്‍മ്മരാജ പുരസ്‌കാരം തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

തിരുവനന്തപുരം കവടിയാര്‍ സദ്ഭാവനാഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ ബി.എസ്.എസ് ഓള്‍ ഇന്ത്യ ചെയര്‍മാന്‍ ബി.എസ്.ബാലചന്ദ്രന്‍ പുരസ്‌കാരം സമ്മാനിച്ചു.