കണ്ടക്ടറെ കള്ളക്കേസ് ചുമത്തി അറസ്റ്റ് ചെയ്‌തെന്നാരോപിച്ച് തളിപ്പറമ്പില്‍ മിന്നല്‍ ബസ് പണിമുടക്ക്
തളിപ്പറമ്പ്: തളിപ്പറമ്പില്‍ നേതൃത്വത്തിന്റെ അഭ്യര്‍ത്ഥന തള്ളി ബസ് ജീവനക്കാര്‍ പണിമുടക്കി. തളിപ്പറമ്പ്-ആലക്കോട് റൂട്ടിലോടുന്ന സ്വകാര്യ ബസ് കണ്ടക്ടറെ കള്ളക്കേസ് ചുമത്തി പോലീസ് അറസ്റ്റ് ചെയ്‌തെന്നാരോപിച്ചാണ് മിന്നല്‍ ബസ് പണിമുടക്ക്. തളിപ്പറമ്പ്-അലക്കോട് റൂട്ടുകളിലും, തളിപ്പറമ്പ്-കണ്ണൂര്‍ റൂട്ടുകളിലും, തളിപ്പറമ്പ്-പയ്യന്നൂര്‍ റൂട്ടുകളിലും സ്വകാര്യ ബസുകള്‍ ഇന്ന് സര്‍വീസ് നടത്തുന്നില്ല. മുന്നറിയിപ്പില്ലാതെ സമരം ആരംഭിച്ചതോടെ യാത്രക്കാരും, വിദ്യാര്‍ത്ഥികളും വലഞ്ഞു. യൂണിയനുകളുടെ ആഹ്വാനമില്ലാതെയാണ് ബസ് തൊഴിലാളികള്‍ സമരം നടത്തുന്നത്. സ്വതന്ത്രമായി തൊഴിലെടുക്കാന്‍ കഴിയാത്ത സാഹചര്യമാണെന്നും നിലനില്‍പിന് വേണ്ടിയുള്ള പ്രതിഷേധ സമരമാണെന്നും, ഇപ്പോള്‍ അറസ്റ്റ് ചെയ്യപ്പെട്ട കണ്ടക്ടര്‍ക്ക് മേല്‍ ചുമത്തിയത് കള്ളക്കേസാണെന്നും, നാളെ തങ്ങള്‍ക്കും ഇത് സംഭവിക്കാമെന്നും അതിലാണ് ശക്തമായ പ്രതിഷേധം എന്ന നിലക്ക് തൊഴില്‍ ബഹിഷ്‌കരണം നടത്തിയതെന്നും ബസ് ജീവനക്കാര്‍ പറയുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ച്ചയാണ് തളിപ്പറമ്പ് പോലീസ് ആലക്കോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന തവക്കല്‍ ബസിലെ കണ്ടക്ടര്‍ വെള്ളാട് സ്വദേശി പറയന്‍കോട് വീട്ടില്‍ പി.ആര്‍.ഷിജുവിനെ പോക്‌സോ പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തത്. ഷിജു ഇപ്പോള്‍ റിമാന്‍ഡിലാണ്. ഈ ബസില്‍ വെച്ച് 24 ന് ഒരു വിദ്യാര്‍ത്ഥിനിയെ ഷിജു മാനഭംഗപ്പെടുത്തിയതായാണ് പരാതി. പണിമുടക്കിയ ബസ് ജീവനക്കാര്‍ ആലക്കോടും തളിപ്പറമ്പിലും പ്രതിഷേധ പ്രകടനം നടത്തി. ആലക്കോട് മേഖലയില്‍ പണിമുടക്ക് നാളെയും തടരുമെന്നാണ് വിവരം.