9.900 കിലോ കഞ്ചാവുമായി യുവാവ് ആലക്കോട് എക്‌സൈസിന്റെ പിടിയിലായി.

ആലക്കോട്: ആലക്കോട് എക്‌സൈസിന്റെ നവന്‍ കഞ്ചാവ് വേട്ട, യുവാവ് അറസ്റ്റില്‍.

വെള്ളാട് നടുവില്‍ നറുക്കുംകരയിലെ പ്രകാശ് മാത്യുവിന്റെ മകന്‍ തേമംകുഴിയില്‍ വീട്ടില്‍ ജോഷി പ്രകാശ്(23)നെയാണ് 9.900 കിലോഗ്രാം കഞ്ചാവുമായി പിടികൂടിയത്.

ആലക്കോട് എക്‌സൈസ് റേഞ്ച് ഓഫീസിലെ ഇന്‍സ്‌പെക്ടര്‍ സി.എച്ച്.നസീബും സംഘവും ആലക്കോട്- കരുവഞ്ചാല്‍ ഭാഗങ്ങളില്‍ നടത്തിയ റെയ്ഡിലാണ് സ്‌കൂട്ടറിലും ഷോള്‍ഡര്‍ ബാഗിലുമായി കടത്തിക്കൊണ്ടുവന്ന ഇയാള്‍ വലയിലായത്.

എക്‌സൈസ് പാര്‍ട്ടി ഒരു മാസത്തോളം നടത്തിയ രഹസ്യ നിരീക്ഷണത്തിന്റെ ഭാഗമായാണ് ജോഷി പ്രകാശിനെ പിടി കൂടിയത്.

കരുവഞ്ചാലില്‍ വച്ചാണ് കഞ്ചാവിന്റെ വന്‍ ശേഖരത്തോടുകൂടി എക്‌സൈസ് ഇന്‍സ്‌പെക്ടറും സംഘവും പ്രതിയെ അറസ്റ്റ് ചെയ്തത്.

മംഗലാപുരത്തുനിന്നും കഞ്ചാവു വാങ്ങി മലയോര മേഖലയില്‍ വില്‍പ്പന നടത്തുന്നയാളാണ് പ്രതി.

ഇയാള്‍ക്കെതിരെ മുമ്പും കഞ്ചാവ് കേസ് നിലവിലുണ്ട്.

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് കെ.വി.ഗിരീഷ്, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് ടി.കെ.തോമസ്, പ്രിവന്റ്റ്റീവ് ഓഫീസര്‍ ഗ്രേഡ് സി.കെ.ഷിബു, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി.കെ.രാജീവ്, ടി.പ്രണവ്, ജിതിന്‍ ആന്റണി കെ.വി.സന്തോഷ് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.