പൂര്‍ണകായ ശിവശില്‍പ്പം ഒരുങ്ങുന്നു-സമര്‍പ്പണം 2023 ആദ്യം-
തളിപ്പറമ്പ്: രാജരാജേശ്വര ക്ഷേത്രത്തിലേക്ക് ശിവഭഗവാന്റെ വെങ്കല ശില്പം ഒരുങ്ങുന്നു.
12 അടി ഉയരത്തില്‍ തീര്‍ക്കുന്ന വെങ്കല ശില്പത്തിന്റെ ആദ്യരൂപം ഒരു വര്‍ഷം സമയമെടുത്താണ് ശില്‍പ്പി ഉണ്ണി കാനായി കളിമണ്ണില്‍ തീര്‍ത്തിരിക്കുന്നത്.
അരയില്‍ കൈകൊടുത്ത് വലത് കൈകൊണ്ട് ഭക്തരെ അനുഗ്രഹിക്കുന്ന രീതിയില്‍ രുദ്രാക്ഷമാലയും കഴുത്തില്‍ സര്‍പ്പവും തലയില്‍ ഗംഗയും ശൂലം ശരീരത്തില്‍ ചേര്‍ത്ത് വച്ച് ഭക്തരെ നോക്കുന്ന രീതിയിലാണ് ശില്പം ഒരുക്കിയത്.
അടുത്ത ദിവസം തന്നെ വെങ്കല ശിവശില്പത്തിന്റെ നിര്‍മ്മാണഘട്ടത്തിലേക്ക് കടക്കും.
ചലച്ചിത്ര നിര്‍മ്മാതാവും ഹൊറൈസണ്‍ ഇന്റര്‍നാഷണല്‍ ചെയര്‍മാന്‍ മൊട്ടമ്മല്‍ രാജനാണ് ശില്പം ക്ഷേത്രത്തിലേക്ക് സമര്‍പ്പിക്കുന്നത്.
ഡോ: അബ്ദുള്‍ ഗനി, ക്ഷേത്രതന്ത്രി കുബേരന്‍ നമ്പൂതിരി, ടി.ടി.കെ ദേവസ്വം പ്രസിഡന്റ് കെ.പി.നാരായണന്‍, കമല്‍ കുന്നിരാമത്ത്, വിജയ് നീലകണ്ഠന്‍, ബൈച്ചു കോറോം എന്നിവര്‍ ശില്പിയുടെ പണിപ്പുരയിലെത്തി ശില്‍പ്പം വിലയിരുത്തി.
കഴിഞ്ഞ ആഴ്ച്ച ശിവ ശില്പത്തിന്റെ മാതൃക ചിത്രം ബ്രിട്ടീഷ് പാര്‍ലിമെന്റ് അംഗം ലോര്‍ഡ് വോവെര്‍ളി തളിപ്പറമ്പില്‍ അനാച്ഛാദനം നിര്‍വ്വഹിച്ചിരുന്നു.
ഇന്ത്യയില്‍ കോണ്‍ക്രീറ്റിലും മറ്റ് ലോഹത്തിലും ഉയരം കൂടിയ ശിവശില്‍പ്പങ്ങള്‍ ഉണ്ടെങ്കിലും പൂര്‍ണ്ണകായ രൂപത്തില്‍ ഉയരം കൂടിയ വെങ്കല ശില്‍പ്പം ആദ്യത്തെതാണെന്ന് സംഘാടകര്‍ അവകാശപ്പെടുന്നു.
ഇതോടുകൂടി മലബാര്‍ ടൂറിസം ഭൂപടത്തില്‍ കൂടി ഇത് സ്ഥാനം വഹിക്കും. അടുത്ത വര്‍ഷം ശിവശില്‍പ്പം അനാച്ഛാദനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകര്‍.