എന്‍.സി.സി ക്യാമ്പില്‍ പാചകവാതകം ചോര്‍ന്ന് തീപ്പിടിച്ചു.

തളിപ്പറമ്പ്: എന്‍.സി.സി ക്യാമ്പില്‍ പാചകവാതകം ചോര്‍ന്ന് തീ പിടിച്ചു.

തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജില്‍ നടക്കുന്ന എന്‍.സി.സി യുടെ ദേശീയോദ്ഗ്രഥന ക്യാമ്പിന്റെ ഭക്ഷണശാലയിലാണ് തീപിടുത്തമുണ്ടായത്.

കേരളം,ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള 600 കേഡറ്റുകളും ഓഫീസര്‍മാരും ക്യാമ്പില്‍ പങ്കെടുക്കുന്നുണ്ട്.

ക്യാമ്പിന്റെ അവസാന ദിവസമായ ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് ഭക്ഷണം തയ്യാറാക്കുമ്പോള്‍ ഗ്യാസ് സിലിണ്ടറിന് തീപിടിച്ചത്.

സ്‌റ്റേഷന്‍ ഓഫീസര്‍ സി.പി.രാജേഷ്, ഗ്രേഡ് അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ കെ.രാജീവന്‍ എന്നിവരുടെ നേതൃത്വത്തില്‍ അഗ്‌നിരക്ഷാ സേന സംഭവസ്ഥലത്ത് എത്തുമ്പോള്‍ കാന്റീന്‍ ജീവനക്കാര്‍ എക്സ്റ്റിംഗ്യൂഷര്‍ ഉപയോഗിച്ച് തീയണക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു.

ഉടന്‍ തന്നെ സേനാംഗങ്ങളും കൂടെ ചേര്‍ന്ന് തീയണക്കുകയും വാതക ചോര്‍ച്ച പരിഹരിച്ച് സിലിണ്ടര്‍ ക്യാന്റീന് പുറത്ത് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും ചെയ്തു.

ചിക്കന്‍ വറുത്തു കൊണ്ടിരുന്ന വലിയ സ്റ്റൗ സിലിണ്ടറില്‍ നിന്നും ഒരടി മാത്രം അകലത്തില്‍ ആയിരുന്നു വച്ചിരുന്നത്.

റെഗുലേറ്ററുമായി ബന്ധിപ്പിച്ചിരുന്ന ട്യൂബിന്റെ അറ്റം ലൂസാവുകയും അതുവഴി ഗ്യാസ് ചോര്‍ച്ചയുണ്ടായി അടുപ്പില്‍ നിന്നും തീ പടര്‍ന്നു പിടിക്കുകയുമായിരുന്നു.

സമീപത്തുണ്ടായിരുന്ന മറ്റു സിലിണ്ടറുകള്‍ മാറ്റുകയും ഉടന്‍ തന്നെ തീയണക്കാന്‍ സാധിക്കുകയും ചെയ്തതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്.

ജീവനക്കാരായ പി.വി.ദയാല്‍, പി.വി.ഗിരീഷ്, ടി.വി.രജീഷ് കുമാര്‍, കെ.സജീന്ദ്രന്‍, സി.പി.രാജേന്ദ്രകുമാര്‍, പി.കെ.സുഗതന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.