എല്‍ഡിഎഫ് മുന്നണി പ്രവര്‍ത്തനങ്ങളില്‍ നിന്ന് സിപിഐ പ്രവര്‍ത്തകരെ അവഗണിക്കുന്നവര്‍ വിഡ്ഡികളുടെ സ്വര്‍ഗ്ഗത്തില്‍ സി പി മുരളി

തളിപ്പറമ്പ്: ഇടതുമുന്നണിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് സി.പി.ഐക്കാരെ അവഗണിച്ച് മാറ്റാമെന്ന് കരുതുന്നവര്‍ വിഡ്ഡികളുടെ സ്വര്‍ഗ്ഗത്തിലാണെന്ന് സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സി.പി.മുരളി.

സിപിഐ തളിപ്പറമ്പ് ലോക്കല്‍ കുടുംബസംഗമം കീഴാറ്റൂരില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്‍ഡിഎഫ് മണ്ഡലം കമ്മിറ്റിയുടേയോ ജില്ലാ കമ്മിറ്റിയുടേയോ സംസ്ഥാന കമ്മിറ്റിയുടേയോ അറിവില്ലാതെ ഈ പ്രദേശത്തെ ചിലര്‍ ഇവിടുത്തെ സിപിഐ പ്രവര്‍ത്തകരെ എല്‍ഡിഎഫ് കുടുംബ സംഗമത്തില്‍ നിന്നോ മുന്നണി സംവിധാനത്തില്‍ നിന്നോ മാറ്റി നിര്‍ത്താമെന്ന് വിചാരിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.

മാന്തംകുണ്ട് ചെഗുവേര കലാസമിതിക്ക് സമീപമാണ് കുടുംബസംഗമം നടന്നത്. കഴിഞ്ഞ പത്തിന് കീഴാറ്റൂരില്‍ നടന്ന എല്‍ഡിഎഫ് കുടുംബസംഗമത്തില്‍ സിപിഐയെ അവഗണിച്ചു എന്നാരോപിച്ച് കുടുംബ സംഗമം സിപിഐ ബഹിഷ്‌കരിച്ചിരുന്നു.

അതിന് ബദല്‍ എന്ന നിലയിലാണ് സിപിഐ സ്വന്തം നിലയില്‍ തളിപ്പറമ്പ് ലോക്കലിന് കീഴില്‍ കുടുംബസംഗമം നടത്തിയത്.

തളിപ്പറമ്പ് ലോക്കല്‍ അസിസ്റ്റന്റ് സെക്രട്ടറി കെ. മനോഹരന്‍ അധ്യക്ഷത വഹിച്ചു.

സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം സി.പി.ഷൈജന്‍, മണ്ഡലം സെക്രട്ടറി പി.കെ.മുജീബ്‌റഹ്‌മാന്‍, ജില്ലാ കൗണ്‍സില്‍ അംഗം കോമത്ത് മുരളീധരന്‍, വി.ആയിഷാബീവി ടീച്ചര്‍ എന്നിവര്‍ പ്രസംഗിച്ചു.

മണ്ഡലം സെക്രട്ടറിയേറ്റ് മെമ്പര്‍മാരായ സി.ലക്ഷ്മണന്‍, ബാബു, ജില്ലാ കമ്മിറ്റി മെമ്പര്‍ കെ.കണ്ണന്‍, മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി ടി.വി.നാരായണന്‍ എന്നിവരും പങ്കെടുത്തു.

പരിപാടിയില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എംഎസ് സി ബയോകെമിസ്ട്രിയില്‍ രണ്ടാം റാങ്ക് നേടിയ ദേവിക രമേശനയേയും, ബി എസ് സി ബോട്ടണി നെറ്റ് ഹോള്‍ഡര്‍ കെ.സ്‌നേഹ എന്നിവര്‍ക്കുള്ള ഉപഹാര വിതരണവും സി.പി മുരളി നിര്‍വ്വഹിച്ചു.

ഒക്ടോബര്‍ 10 ന് സി.പി.എം നടത്തിയ കുടുംബസംഗമത്തില്‍ പങ്കെടുത്തതിനേക്കാള്‍ കൂടുതല്‍ പ്രവര്‍ത്തകര്‍ സി.പി.ഐ കുടുംബസംഗമത്തിന് എത്തിയിരുന്നു.