സിപിഐ സംസ്ഥാന കൗണ്‍സില്‍ ഇന്ന്; അന്‍വറിന്റെ ആരോപണങ്ങളും ചര്‍ച്ചയാകും.

തിരുവനന്തപുരം: പി.വി.അന്‍വര്‍ എംഎല്‍എ ഉയര്‍ത്തിയ ഗുരുതര രാഷ്ട്രീയ ആരോപണങ്ങള്‍ ഇടതുപക്ഷത്ത് വലിയ പ്രതിസന്ധിയായി നില്‍ക്കെ സിപിഐ സംസ്ഥാന നിര്‍വാഹക സമിതി യോ?ഗം ഇന്ന്. തിരുവനന്തപുരത്താണ് യോഗം. നാളെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും യോഗം ചേരുന്നുണ്ട്.

അന്‍വറിന്റെ ആരോപണങ്ങള്‍ എഡിജിപി അജിത് കുമാറിനേയും മറികടന്ന് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയിലെത്തി നില്‍ക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് സിപിഐ യോഗം എന്നതിനാല്‍ വിഷയം ചൂടേറിയ ചര്‍ച്ചകള്‍ക്കു തന്നെ വഴി തുറക്കും. വിവാ?ദങ്ങളില്‍ സിപിഐക്ക് അതൃപ്തിയുണ്ട്. ആരോപണങ്ങള്‍ കൈകാര്യം ചെയ്ത രീതിയടക്കം യോഗത്തില്‍ വിമര്‍ശന വിധേയമായേക്കും.

പാലക്കാട്ടെ സമാന്തര കൗണ്‍സില്‍ ഉള്‍പ്പെടെയുള്ള സംഘടനാ വിഷയങ്ങളാണ് രണ്ട് ദിവസം നീളുന്ന യോഗത്തിന്റെ അജണ്ട. പത്തനംതിട്ടയിലെ അഴിമതി ആരോപണവും ചര്‍ച്ചയാകും. ബലാത്സംഗ കേസില്‍ പ്രതിയായ മുകേഷ് എംഎല്‍എയുടെ രാജി അനിവാര്യമാണെന്ന നിലപാടാണ് സിപിഐക്കുള്ളത്. എന്നാല്‍ സിപിഎം രാജി വയ്‌ക്കേണ്ടതില്ലെന്ന നിലപാടിലാണ്. ഇതിലെ അമര്‍ഷവും യോഗത്തില്‍ പ്രകടമാകും.

അന്‍വറിന്റെ തുറന്നു പറച്ചില്‍ നില്‍ക്കെ നാളെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചേരുന്നുണ്ട്. യോഗത്തില്‍ പി.ശശിക്കെതിരായ ആരോപണങ്ങള്‍ പരിശോധിക്കും. ശശി അധികാര കേന്ദ്രമായി പ്രവര്‍ത്തിക്കുകയാണെന്നും സ്വേച്ഛാധിപതിയാണെന്നുമുള്ള ആക്ഷേപങ്ങളും പാര്‍ട്ടിയില്‍ ഉയര്‍ന്നിട്ടുണ്ട്. ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കട്ടെ എന്ന നിലപാട് പല നേതാക്കളും പരസ്യമായി തന്നെ പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.