റോഡ് വികസനത്തിന് ഒരു രക്തസാക്ഷി കൂടി-വെള്ളക്കെട്ടില്‍ ബൈക്കുമായി വീണ യുവാവ് മരിച്ചു.
പരിയാരം: ദേശിയപാതക്ക് വേണ്ടി നിര്‍മ്മിക്കുന്ന കലുങ്കിന് സമീപത്തെ വെള്ളക്കെട്ടില്‍ വീണ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം.
തളിപ്പറമ്പ് ആലിങ്കീല്‍ തിയറ്ററിന് സമീപം താമസിക്കുന്ന കുഞ്ഞിമംഗലം ആണ്ടാംകൊവ്വല്‍ പോസ്റ്റ് ഓഫീസിന് സമീപത്തെ വാബു വളപ്പില്‍ റിയാസ് വാബു (34) ആണ് മരിച്ചത്.
ഞായറാഴ്ച്ച രാത്രി ആയിരുന്നു സംഭവം. പിലാത്തറ വിളയാംങ്കോട് എം.ജി.എം കോളേജിലേക്ക് പോകുന്ന ജംഗ്ഷനില്‍ ഹൈവെ വികസനത്തിന്റെ ഭാഗമായി നിര്‍മ്മിച്ച സര്‍വ്വീസ് റോഡിലായിരുന്നു അപകടം.
അത് വഴി വന്ന ഒരു ഇരുചക്ര വാഹനക്കാരനാണ് എന്‍ഫീല്‍ഡ് ബുള്ളറ്റ് മറിഞ്ഞ് കിടക്കുന്നത് കണ്ട് വാഹനം നിര്‍ത്തി പരിശോധിച്ചത്.
ഒരാള്‍ വെള്ളക്കെട്ടില്‍ കിടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഉടന്‍ പരിയാരം പോലീസില്‍ വിവരം അറിയിക്കുകയും പോലീസ് എത്തി ഇയാളെ മെഡിക്കല്‍ കോളേജിലെത്തിച്ചു. അപ്പോഴേക്കും മരിച്ചിരുന്നു.
കുഞ്ഞിമംഗലത്തെ ജാസ്മിനാണ് ഭാര്യ.
മക്കള്‍: ഷിയാ ഫാത്തിമ, ആയിഷ ജന്ന. പരേതനായ കാനത്തില്‍ മൊയ്തീന്‍-ഖദീജ ദമ്പതികളുടെ മകനാണ്.
സഹോദരങ്ങള്‍: ആസാദ് വാബു(യാറ ബോട്ടിക്, തളിപ്പറമ്പ്), നൗഷാദ്, ഇഫ്ത്തിക്കര്‍(ഹൈവേ സര്‍വീസ് സ്റ്റേഷന്‍), റൗഫ്, മറിയംബി(പുഷ്പഗിരി), നാദിറ(ചെനയന്നൂര്‍).