കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ നന്‍പകല്‍നേരത്ത് മയക്കം-മാധ്യമപ്രവര്‍ത്തകന്‍ ശ്രീകാന്തിന്റെ കുറിപ്പ് വൈറലായി.

പരിയാരം: വടക്കേമലബാറിലെ ഏറ്റവും വലുതും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതുമായ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ അനാസ്ഥയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് മാധ്യമപ്രവര്‍ത്തകനും കേരളാ ജേര്‍ണലിസ്റ്റ് യൂണിയന്റെ ജില്ലാ സമൂഹമാധ്യമ കോ-ഓഡിനേറ്ററുമായ ശ്രീകാന്ത് അഹാന്‍ പാണപ്പുഴയുടെ ഫേസ്ബുക്ക് പോസ്റ്റ്. 21-1-23 ന് മെഡിക്കല്‍ കോളേജില്‍ എത്തിയപ്പോഴുണ്ടായ അദ്ദേഹത്തിന്റെ അനുഭവകുറിപ്പ് ഇതിനകം വൈറലായിക്കഴിഞ്ഞു-പോസ്റ്റ് ചുവടെ. ദേവസ്യ ചേട്ടനോടൊപ്പമുള്ള സെല്‍ഫിയും ശ്രീകാന്ത് പങ്കുവെച്ചിട്ടുണ്ട്.

ഇന്ന് ഒരു 11 മണിക്ക് ശേഷം പരിയാരം മെഡിക്കല്‍ കോളേജില്‍ അമ്മയെ ഡോക്ടറെ കാണിച്ച് ഓട്ടോയില്‍ കയറ്റുമ്പോഴാണ് ആ കാഴ്ച കണ്ടത്.

80 ല്‍ അധികം വയസ് തോന്നിക്കുന്ന ഒരാള്‍ ക്ഷീണം പിടിച്ച് നടക്കുന്നതും ഒടുവില്‍ വഴിയരികില്‍ ഇരിക്കുന്നതും കണ്ടത് .അയാളുടെ കൂടെ ആരുമില്ലാത്തതിനാലും, അയാള്‍ ഒരു സഹായത്തിന് എന്ന പോലെ എല്ലാവരേയും നോക്കുന്നുമുണ്ടായിരുന്നു അത് കണ്ട് ഞാന്‍ അയാളോട് ചോദിച്ചു.. കൂടെ ആരുമില്ലേ?

നിങ്ങള്‍ എവിടെയാണ് എന്ന് … സംസാരം ക്ലിയറല്ലെങ്കിലും ഒന്ന് രണ്ട് തവണ അയാള്‍ ആവര്‍ത്തിച്ചപ്പോള്‍ മനസിലായി അയാള്‍ പറഞ്ഞ പേര് സെബാസ്റ്റ്യന്‍ ആണ് എന്നും സ്ഥലം മണക്കടവ് ആണെന്നും.അയാളുടെ കൈയ്യില്‍ മൊബൈല്‍ ഫോണോ മറ്റ് അഡ്രസോ ഓര്‍ത്തെടുക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല.

ഷാജി മണക്കടവ് എന്ന് പിറുപിറുക്കുന്നുണ്ടായിരുന്നു. എങ്ങനെയാണ് പരിയാരത്ത് എത്തിയത് എന്നതിനും അയാള്‍ക്ക് ഉത്തരം ഉണ്ടായില്ല.. ആലക്കോടുള്ള സുഹൃത്ത് എന്ന നിലയില്‍ ജോബി ലസാറോ എന്നയാളെ വിളിച്ച് ചോദിച്ചപ്പോള്‍ ജോബി മണക്കടവ് പ്രദേശത്തെ സാജു എന്നയാളുടെ നമ്പര്‍ തന്നു .

സാജുവിന് ഈ വയോധികന്റെ ഫോട്ടോ അയച്ച് കൊടുത്തപ്പോള്‍ ഇങ്ങനെയൊരു സെബാസ്റ്റ്യന്‍ എന്ന് പറയുന്നയാള്‍ മണക്കടവ് പ്രദേശത്ത് ഇല്ല എന്നും സാജു കുറേ ആള്‍ക്കാരോട് അന്വേഷിച്ചപ്പോള്‍ ഇവരും ഇയാള്‍ ആരാന്ന് അറിയില്ല എന്ന ഉത്തരമാണ് നല്‍കിയത്.

ആള്‍ പ്രതീക്ഷയോടെ എന്നെ നോക്കുകയായിരുന്നു. അയാളുടെ ഭാവത്തില്‍ നിന്ന് അയാള്‍ക്ക് നല്ല വിശപ്പ് ഉണ്ട് എന്ന് അറിയാന്‍ പറ്റുന്നുണ്ടായിരുന്നു അയാളെയും കൂട്ടി തൊട്ടടുത്ത സഹകരണ കാന്റീനില്‍ പോയി ചായയും, കടിയുമൊക്കെ വാങ്ങി കൊടുത്തപ്പോള്‍ ആള് കുറച്ച് കൂടി ഉശാറായി.. ഒന്നു കൂടി പേര് ചോദിച്ചലപ്പാള്‍ അയാള്‍ പറഞ്ഞു സെബാസ്റ്റ്യന്‍ എന്നാണ് പേര് എന്ന് ആവര്‍ത്തിച്ചു അതിനൊപ്പം എന്തൊക്കെയോ പരസ്പര വിരുദ്ധമായി പറയാന്‍ തുടങ്ങി

അതിനിടയക്ക് കുട്ടാംപറമ്പ് എന്ന സ്ഥലപേര് ആവര്‍ത്തിക്കുന്നതായി കേട്ടു. വീണ്ടും ജോബി ലസാറോയെ വിളിച്ച് കുട്ടാംപറമ്പ് എന്ന് പറയുന്നുണ്ട് എന്ന് പറഞ്ഞ് ഫോട്ടോ അയച്ചു കൊടുത്ത് അന്വേഷിക്കാന്‍ പറഞ്ഞു..

പിന്നീട് എന്തെങ്കിലും ഓര്‍ത്ത് നോക്ക് സെബാസ്റ്റ്യന്‍ ചേട്ടാ എന്ന് പറഞ്ഞപ്പോള്‍ അയാള്‍ എന്നോട് പറഞ്ഞു എന്റെ പേര് രാരിച്ചന്‍ എന്നാണ് എന്നും കുട്ടോംമ്പുഴ ക്കാരന്‍ ആണെന്നും.. സ്വന്തം പേര് പോലും മറന്ന് പോകുന്ന അത്രയും തരത്തിലുള്ള മറവിരോഗ ബാധിതനാണ് എന്റെ മുന്‍പില്‍ ഇരിക്കുന്നത് എന്ന് വളരെ ഞെട്ടലോടെയാണ് ഞാന്‍ മനസിലാക്കിയത്.

ഒടുവില്‍ ഞാന്‍ അയാളോട് പറഞ്ഞു.. ചേട്ടാ ഇവിടെ അടുത്ത് പിലാത്തറ ‘ഹോപ്പ്’ എന്ന ഒരു സ്ഥാപനമുണ്ട് പോലിസ് സ്‌റ്റേഷനില്‍ അറിയിച്ച് ചേട്ടനെ അങ്ങോട്ട് മാറ്റാം എന്ന്… അപ്പോള്‍ എന്തോ ഓര്‍ത്തത് പോലെ എന്നോട് പറഞ്ഞു ഹോപ്പ് എനിക്കറിയാം എന്ന് പേരടക്കം ഓര്‍മ്മയില്ലാത്ത ആള്‍ ആയത് കൊണ്ട് ഞാന്‍ അയാള്‍ പറഞ്ഞത് കാര്യമാക്കാതെ ഇരിക്കുമ്പോള്‍ ആലക്കോടുള്ള ജോബിയുടെ മെസേജ് വന്നു .

. ലജാബി തന്റെ വാട്‌സപ്പ് വഴി ഇയാളുടെ ഫോട്ടോ കുറച്ച് ആള്‍ക്കാര്‍ക്ക് അയച്ചപ്പോള്‍ അതില്‍ ഒരാള്‍ക്ക് ആളെ മനസിലായി പുള്ളിയുടെ ഒറിജിനല്‍ പേര് ദേവസ്യ.. നാട് ആലക്കോടിനടുത്ത പൂവന്‍ചാല്‍..

ഇപ്പോള്‍ ഹോപ്പിലെ അന്തേവാസിയാണ് എന്ന് ജോബി പറഞ്ഞു… ഇത് കേട്ട ഞാന്‍ ദേവസ്യ ചേട്ടാ എന്ന് ഞാന്‍ വിളിച്ചപ്പോള്‍ തന്റെ സ്വന്തം പേര് ഓര്‍മ്മ വന്ന് ചെറിയ കുട്ടി എന്ന പോലെ നമ്മുടെ വലിയ കുട്ടി ചിരിച്ചു.

ഉടനടി ഹോപ്പിലെ ജയമോഹനുമായും, ഷനില്‍ ചെറുതാഴവുമായി ബന്ധപ്പെടുകയും ചെയ്തു. മറവി രോഗമുള്ള ദേവസ്യ ചേട്ടനും മാനസിക അസുഖമുള്ള ഭാര്യയും, മകളും ഹോപ്പിലെ അന്തേവാസികളാണ്. ആരോഗ്യ പ്രശ്‌നം കാരണം ദേവസ്യ ചേട്ടനെ പരിയാരം മെഡിക്കല്‍ കോളേജില്‍ ഏഴാം നിലയില്‍ 709 ല്‍ അഡ്മിറ്റാക്കിയിരിക്കുകയാണ് ബൈ സ്റ്റാന്ററായി മകളുടെ ഭര്‍ത്താവ് ഷാജിയുമുണ്ട്.

(മറവി രോഗം മൂലം ഇതൊന്നും ദേവസ്യ ചേട്ടന് പറയാന്‍ പറ്റിയില്ല) ബൈ സ്റ്റാന്ററായ ഷാജി മരുന്ന് വാങ്ങിക്കാന്‍ പോയപ്പോള്‍ നമ്മുടെ ദേവസ്യ ചേട്ടന്‍ മറവിരോഗം കാരണം ഇറങ്ങി നടന്നാണ് ഏഴു നിലയും കീഞ്ഞ് മെഡിക്കല്‍ കോളേജ് പരിസരത്തൂടെ കറങ്ങി നടന്നത്..

ബൈസ്റ്റാന്റര്‍ മരുന്ന് വാങ്ങിക്കാന്‍ പോകുമ്പോള്‍ ഒരു രോഗി പുറത്തേക്ക് ഇറങ്ങി പോകുന്നത് അല്ലെങ്കില്‍ ഇറങ്ങി പോയത് പോലും അറിയാതിരുന്ന 709 ആം വാര്‍ഡിലെ ജീവനക്കാരുടെ കര്‍ത്തവ്യ ബോധം കണ്ട് കണ്ണ് നിറഞ്ഞ് പോയി… മെഡിക്കല്‍ കോളേജിലേക്ക് കയറുമ്പോള്‍ കര്‍ശന പരിശോധന നടത്തുന്ന സെക്യൂരിറ്റിക്കാരും,അകത്തെ സെക്യൂരിറ്റിക്കാരും രോഗിയായ ഒരു വയോധികന് സ്ഥലകാല ബോധമില്ലാതെ പുറത്തേക്ക് പോകുന്നത് കണ്ടില്ല….

ഒടുവില്‍ ദേവസ്യ ചേട്ടനെ മെഡിക്കല്‍ കോളേജിനകത്തുള്ള പോലീസ് എയ്ഡ് പോസ്റ്റില്‍ എത്തിച്ചപ്പോഴാണ് അറിഞ്ഞത് ഏഴാം നിലയില്‍ നിന്ന് ഒരു രോഗി മിസ്സിങ്ങാണ് എന്ന വിവരം പോലും 709 ലെ ജീവനക്കാര്‍ പോലീസ് എയ്ഡ് പോസ്റ്റില്‍ അറിയിച്ചിട്ടില്ല. ഉടന്‍ തന്നെ ദേവസ്യ ചേട്ടന്റെ ബൈ സ്റ്റാന്ററെ കണ്ടുപിടിക്കുകയും അദ്ദേഹത്തെ കൈമാറുകയും ചെയ്തു.

ഹോപ്പിലെ പ്രതിനിധി എന്ന നിലയില്‍ ഷനില്‍ ചെറുതാഴം പരിയാരതെത്തി ഇതിനെ കുറിച്ച് വാര്‍ഡില്‍ അനേഷിച്ചപ്പോഴും പി ആര്‍ ഒ യോട് അന്വേഷിച്ചപ്പോഴും തികച്ചും നിരുത്തരവാദപരമായതും ധാര്‍ഷ്ട്യം നിറഞ്ഞതുമായ പെരുമാറ്റമാണ് ഇവരുടെ ഭാഗത്ത് നിന്നും ഉണ്ടായത്.

ഷനില്‍ അത് വെക്തമായി നിങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കും എന്ന് കരുതുന്നു… എല്ലാ വിഭാഗം ജനങ്ങള്‍ക്കും സേവനം നല്‍കുന്ന ആരോഗ്യ സ്ഥാപനം എന്ന നിലയില്‍ കൂടുതല്‍ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കാന്‍ സാധിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു കൊണ്ട് നിര്‍ത്തുന്നു.
ശ്രീകാന്ത് അഹാന്‍ പാണപ്പുഴ