പോലീസ് പിന്തുടര്‍ന്ന കാര്‍ അപകടത്തില്‍ പെട്ടു. കാര്‍ ഓടിച്ചയാള്‍ക്കെതിരെ കേസെടുത്തു.

ചന്തേര: പോലീസ് പിന്തുടര്‍ന്നപ്പോള്‍ അമിതവേഗത്തില്‍ ഓടിച്ച് അപകടത്തില്‍പെട്ട ഇന്നോവ കാര്‍ കസ്റ്റഡിയിലെടുത്തു, ഡ്രൈവര്‍ക്കെതിരെ കേസ്.

തൃക്കരിപ്പൂര്‍ പരുത്തിച്ചാലിലെ ദാറുല്‍റഹ്‌മയില്‍ മിര്‍സ(20)യുടെ പേരില്‍ കേസെടുത്തു.

ബുധനാഴ്ച്ച പുലര്‍ച്ചെ 4.15 ന് തൃക്കരിപ്പൂര്‍ നടക്കാവിലായിരുന്നു സംഭവം.

പട്രോളിങ്ങിനിടയില്‍ സംശയാസ്പദമായി തോന്നിയ കെ.എല്‍-14 എ.എ-0092 ഇന്നോവ കാറിന് കൈകാണിച്ചപ്പോള്‍ നിര്‍ത്താതെ പോയതിനെ തുടര്‍ന്നാണ് പോലീസ് പിന്തുടര്‍ന്നത്.

പോലീസ് പിന്തുടരുന്നത് കണ്ട് അമിതവേഗത്തില്‍ ഓടിയ കാര്‍ നടക്കാവില്‍ വെച്ച് റോഡരികിലെ ഓവുചാലിലേക്ക് മറിഞ്ഞു.

കാറിലുണ്ടായിരുന്നവര്‍ക്ക് പുറത്തിറങ്ങാന്‍ സാധിക്കാതെ വന്നതോടെ പോലീസ് തൃക്കരിപ്പൂര്‍ അഗ്നിശമനനിലയത്തില്‍ വിവരമറിയിച്ചു.

അഗ്നിശമനസേനയെത്തിയാണ് അകത്ത് കുടുങ്ങിയവരെ പുറത്തിറക്കിയത്, ആര്‍ക്കും പരിക്കില്ല.

കാറിലുണ്ടായിരുന്ന നാലുപേരെയും കാറും പോലീസ് കസ്റ്റഡിയിലെടുത്തു.

കാര്‍ വിശദമായി പരിശോധിച്ച ശേഷം മാത്രമേ വിട്ടുകൊടുക്കുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു.