ഡി.വൈ.എഫ്.ഐയുടെ പടുകൂറ്റന്‍ റാലിക്ക് സാക്ഷ്യം വഹിച്ച് കൊല്‍ക്കത്ത- ഇത് വെറും ട്രെയിലറെന്ന് മുഹമ്മദ്‌സലീം.

കൊല്‍ക്കത്ത: സംസ്ഥാനവ്യാപകമായി ഡി.വൈ.എഫ്.ഐ. നടത്തിവന്ന ഇന്‍സാഫ് യാത്രക്ക്   കൊല്‍ക്കത്തയിലെ ബ്രിഗേഡ് മൈതാനത്ത് പതിനായിരങ്ങള്‍ അണിനിരന്ന പടുകൂറ്റന്‍ റാലിയോടെ സമാപനം.

ബംഗാളില്‍ മമതയ്ക്കും ബി.ജെ.പി.ക്കും എതിരായ പോരാട്ടം ബ്രിഗേഡില്‍നിന്ന് തുടങ്ങുകയാണെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ സി.പി.എം. സംസ്ഥാനസെക്രട്ടറി സെക്രട്ടറി മുഹമ്മദ് സലീം പ്രഖ്യാപിച്ചു.

പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സി.പി.എം. നേടിയ ജയങ്ങള്‍ ട്രെയിലര്‍ മാത്രമാണ്. യഥാര്‍ഥ സിനിമ വരാന്‍പോകുന്നേയുള്ളൂ. ഈ പോരാട്ടത്തില്‍ ജാതിയോ മതമോ അല്ല വിഷയം. പശ്ചിമ ബംഗാളിനെ മണിപ്പുരോ ഉത്തര്‍പ്രദേശോ ആക്കാന്‍ അനുവദിക്കില്ല. മമതാ ബാനര്‍ജിക്ക് ബംഗാളിന്റെ കാര്യത്തിലല്ല, സ്വന്തം കുടുംബത്തിന്റെ കാര്യത്തിലാണ് ശ്രദ്ധയെന്നും മുഹമ്മദ് സലീം പറഞ്ഞു.

നീതിയാത്ര സമാപിച്ചെങ്കിലും നീതിക്കുവേണ്ടിയുള്ള പോരാട്ടം ശക്തമായി തുടരുമെന്ന് ഡി.വൈ.എഫ്.ഐ. സംസ്ഥാന അധ്യക്ഷ മീനാക്ഷി മുഖര്‍ജി പറഞ്ഞു.

ഇടതുപക്ഷം പൂജ്യമാണെന്ന് പരിഹസിക്കുന്നവര്‍ സത്യത്തില്‍ അതിനെ ഭയക്കുകയാണ്. വര്‍ഷങ്ങളായി കാത്തിരുന്നിട്ടും ജോലി കിട്ടാതെ സ്വന്തം മുടിമുറിച്ച് പ്രതിഷേധിച്ച പെണ്‍കുട്ടിയെപ്പോലുള്ളവരുടെ ഒപ്പം നിന്ന് നീതിക്കുവേണ്ടി പോരാടുമെന്നും മീനാക്ഷി പറഞ്ഞു.

ഭരണഘടനയുടെ ആമുഖം വായിച്ചുകൊടുത്തശേഷം ഡി.വൈ.എഫ്.ഐ. സ്ഥാപകസെക്രട്ടറി ബുദ്ധദേബ് ഭട്ടാചാര്യയുടെ സന്ദേശവും മീനാക്ഷി സദസ്സുമായി പങ്കുവെച്ചു.

ഡി.വൈ.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റ് എ.എ. റഹീം, സംസ്ഥാന സെക്രട്ടറി ഹിമഘ്നരാജ് ഭട്ടാചാര്യ, മുന്‍ സെക്രട്ടറി ആഭാസ് റോയ് ചൗധരി തുടങ്ങിയവരും പ്രസംഗിച്ചു.